മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 954 കേസുകള്‍

8

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. ഇന്നലെ 954 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ന് മുതല്‍ നടപടി കൂടുതല്‍ കര്‍ശനമാക്കും. കടകളില്‍ സാനിറ്റൈസര്‍ സൂക്ഷിക്കാത്തവരെ പൊലീസ് താക്കീത് ചെയ്തു. മാസ്‌ക് ധരിക്കാതെ പൊതു സ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ എടുക്കേണ്ട നടപടി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രാവിലെ 11 മണിയോടെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ചു. പിന്നാലെ നടപടി ആരംഭിച്ചു. മാസ്‌ക് ധരിച്ചെത്താത്തവര്‍ക്കെതിരെ പലയിടങ്ങളിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തൊഴിലിടങ്ങളില്‍ മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്ക് എതിരെ തൊഴില്‍ മേധാവി നടപടി കൈകൊള്ളണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ കച്ചവട സ്ഥാപനങ്ങളില്‍ സാനിട്ടൈസര്‍ സൂക്ഷിക്കാത്തവര്‍ക്ക് താക്കീതും പൊലീസ് നല്‍കി.