മുംബൈയില്‍ കോവിഡ് ബാധിതര്‍ 1008, മരണം 64

മുംബൈ ധാരാവിയിലേക്കുള്ള വഴി പൊലീസ് കൊട്ടിയടച്ച നിലയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വൈറസ് വ്യാപനത്തിന്റെ ഹോട്ട്സ്പോട്ടായ മുംബൈയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 218 പുതിയ കേസുകള്‍. ഇതോടെ മുംബൈയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 993 ആയി. ഒരു ദിവസത്തിനിടെ മുംബൈയില്‍ ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.
10 പേര്‍ കൂടി ഇന്നലെ കോവിഡ് ബാധിച്ച് മുംബൈയില്‍ മരിച്ചു. ഇതോടെ മുംബൈയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി ഉയര്‍ന്നു. നാലു പേര്‍ ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. 69 പേര്‍ക്കാണ് ഇതുവരെ നഗരത്തില്‍ കോവിഡ് ഭേദമായത്. മുംബൈയില്‍ മാത്രം 16000 കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. അതേ സമയം മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1500 പിന്നിട്ടു. 97 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്. മുംബൈ കഴിഞ്ഞാല്‍ പൂനെയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഇവിടെ ഇതിനോടകം 24 പേര്‍ മരിക്കുകയും 181 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്. മഹാരാഷ്ട്രക്കു പിന്നാലെ തമിഴ്നാട്ടിലും കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുകയാണ്. ഇന്നലെ 77 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 911 ആയി.