മഹാരാഷ്ട്രയില്‍ 858 പേര്‍ക്ക് കോവിഡ്, മുംബൈയില്‍ 34 മരണം-526 പേര്‍ക്ക് രോഗം
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രോഗം പടര്‍ന്നു പിടിക്കുന്നു. മഹാരാഷ്ട്രയില്‍ മൊത്തം 868 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 526 പേരും മുംബൈയിലാണ്. സംസ്ഥാനത്ത് 52 പേര്‍ രോഗം ബാധിച്ച് മരിച്ചതില്‍ 34 എണ്ണവും മുംബൈയിലാണ്. ധാരാവിക്ക് സമീപം സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വോക്ക്ഹാര്‍ഡ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 26 നഴ്സുമാര്‍ക്കും മൂന്ന് ഡോക്ടര്‍മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നഴ്സുമാരില്‍ മലയാളികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ആശുപത്രി മുഴുവന്‍ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. ആശുപത്രിയില്‍ നിന്ന് പുറത്തേക്കോ അകത്തേക്കോ ആരെയും കടത്തിവിടുന്നില്ല. സ്വകാര്യ ആശുപത്രി അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാതിരുന്നത് നിര്‍ഭാഗ്യകരമായെന്ന് അഡീഷണല്‍ മുനിസിപ്പല്‍ കമ്മീഷണര്‍ സുരേഷ് കകാനി പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച 26 നഴ്‌സുമാരെയും വിലെ പാര്‍ലെയിലുള്ള അവരുടെ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് ഡോക്ടര്‍മാരില്‍ രണ്ട് പേരെ സെവന്‍ ഹില്‍ ആശുപത്രിയിലും ഒരാളെ എസ്.എല്‍ രഹേജ ആശുപത്രിയിലേക്കും മാറ്റി. 270 ആശുപത്രി ജീവനക്കാരുടെയും സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്. മാര്‍ച്ച് 27ന് ആശുപത്രിയില്‍ അഡ്മിറ്റായ 70കാരനായ ഹൃദ്രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളെ പരിചരിച്ച രണ്ട് നഴ്‌സുമാര്‍ക്കും പിന്നീട് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അസുഖ ലക്ഷണങ്ങളുണ്ടായിട്ടും തങ്ങളെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയോ, പരിശോധനക്ക് വിധേയമാക്കുകയോ ചെയ്തിട്ടില്ലെന്നാണ് നഴ്‌സുമാര്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.