മുംബൈയില്‍ മരണം 100

ജപ്പാനീസ് സ്‌പ്രേ മെഷീന്‍ ഉപയോഗിച്ച് ഡല്‍ഹി രാജേന്ദ്ര നഗറില്‍ അണുവിമുക്ത ലായനി തളിക്കുന്നു

കോവിഡ് ബാധിതരുടെ എണ്ണം ആയിരം പിന്നിട്ട് ഡല്‍ഹിയും തമിഴ്‌നാടും

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ച 324 പേരില്‍ 153 പേരും മഹാരാഷ്ട്രയില്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനത്ത് രോഗികളുടെ എണ്ണം 2000 കവിഞ്ഞു.
ഇന്നലെ മാത്രം 184 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം സ്ഥിരീകരിച്ച കൊവിഡ് ബാധിതരുടെ എണ്ണം 2064 ആയെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 150 എണ്ണം മുംബൈയിലാണ്. ഇതോടെ മുംബൈയില്‍ കോവിഡ് രോഗികളുടെ എണ്ണം 1549 ആയി.
മുംബൈയില്‍ ഒമ്പത് പേര്‍കൂടി ഇന്നലെ രോഗം ബാധിച്ച് മരിച്ചു. മുംബൈ നഗരത്തില്‍ മാത്രം മരിച്ചവരുടെ എണ്ണം 100 ആയി ഉയര്‍ന്നു. 34 പേര്‍ മരിച്ച പൂനെയാണ് മുംബൈ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള നഗരം.208 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗമുക്തി നേടിയത്. ഒരാഴ്ച കൊണ്ട് മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായാണ് വര്‍ധിച്ചത്. കഴിഞ്ഞ ആഴ്ചയാണ് മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ ആയിരം കടന്നത്. കഴിഞ്ഞ ഒന്‍പതു ദിവസങ്ങളായി 100 ലധികം കേസുകളാണ് ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ 15 ദിവസത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചിരുന്നു. അതിനിടെ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ 25 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഇവരെ അതേ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. മധ്യപ്രദേശാണ് മരണനിരക്കില്‍ രണ്ടാം സ്ഥാനത്തുള്ളത്.
564 രോഗബാധിതരുള്ള സംസ്ഥാനത്ത് 37 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. തമിഴ്‌നാട്ടില്‍ ഇന്നലെ 98 പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ ഡല്‍ഹിയെ പിന്തള്ളി ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ സംസ്ഥാനമായി തമിഴ്‌നാട് മാറി. 1173 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.
13 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 58 പേര്‍ക്കാണ് സംസ്ഥാനത്ത് അസുഖം ഭേദമായത്. 1154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ഡല്‍ഹിയാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നാമത്. 27 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടപ്പോള്‍ 24 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. രാജസ്ഥാനില്‍ പുതുതായി 43 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 847 ആയി ഉയര്‍ന്നു.