മുഖ്യമന്ത്രി ഇനിയെങ്കിലും ഒളിച്ചോട്ടം അവസാനിപ്പിക്കണം: കെ.പി.എ മജീദ്‌

16

കോഴിക്കോട്: സ്പ്രിംഗ്ലര്‍ അഴിമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍നിന്ന് ഒളിച്ചോടിയ പോലെ സര്‍ക്കാറിനെതിരായ കോടതിയുടെ ചോദ്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും ജനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങളുടെ പ്രചാരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ലോകത്തെ വന്‍കിട പി.ആര്‍ കമ്പനിയാണ് സ്പ്രിംഗ്ലര്‍.
ഹെല്‍ത്ത് ഡാറ്റ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത ഈ കമ്പനി സര്‍ക്കാറിനുവേണ്ടി സൗജന്യ സേവനത്തിന് തയ്യാറായതിന്റെ സംശയങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഡാറ്റ കൈകാര്യം ചെയ്യാന്‍ സര്‍ക്കാറിനു തന്നെ സംവിധാനം ഉണ്ടെന്നിരിക്കെ എന്തിന് മൂന്നാമതൊരു കക്ഷിയെ ഏല്‍പിച്ചു എന്ന കോടതിയുടെ ചോദ്യം പ്രസക്തമാണ്. ഹെല്‍ത്ത് ഡാറ്റ സെന്‍സിറ്റീവ് ഡാറ്റയല്ല എന്ന സര്‍ക്കാര്‍ വാദമാണ് അപകടകരം എന്ന് കോടതി വിശേഷിപ്പിച്ചത്. ഉരുണ്ടുകളിക്കുന്ന സര്‍ക്കാര്‍ നയം തന്നെയാണ് ഇക്കാര്യത്തില്‍ സംശയങ്ങള്‍ ഉയരാന്‍ കാരണം. നിയമ വകുപ്പിനെ നോക്കു കുത്തിയാക്കി എന്തിന് ഇങ്ങനെയൊരു കരാറിലേര്‍പ്പെട്ടു എന്നതിന് സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.