മുഖ്യമന്ത്രി കുരുക്കില്‍; സ്പ്രിംഗ്ലര്‍ കരാറില്‍ പുതിയ തിരുത്തലുകള്‍..?

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളറിന് നല്‍കിയതിലെ അഴിമതി പുറത്താകുന്നു. കരാറുമായി ബന്ധപ്പെട്ട് തിരുത്തലുകള്‍ നടന്നുവോ എന്നതാണ് വലിയ സംശയം. ഏപ്രില്‍ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനം നടത്തി ആരോപണം ഉന്നയിച്ചതിന് ശേഷം ഏപ്രില്‍ 14ന് കരാര്‍ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയതായാണ് സംശയം. കമ്പനിയുമായുള്ള ഇടപാടിലെ സുപ്രധാന വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറച്ചു വയ്ക്കുകയും ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയും ചെയ്യുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇത് ശരിവെക്കുന്ന തരത്തില്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ മുഖ്യമന്ത്രി പതിവു പത്രസമ്മേളനം വരെ റദ്ദാക്കുകയും ചെയ്തു. സ്പ്രിംഗ്ലര്‍ പി.ആര്‍ കമ്പനി അല്ലെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. പി.ആര്‍ സേവനവും നടത്തുന്നുണ്ടെന്നാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. അതേ പോലെ കമ്പനിയുടെ പക്കലുള്ള എല്ലാ വിവരങ്ങളും സൂക്ഷിച്ചിരിക്കുന്നത് അമേരിക്കയിലുള്ള സെര്‍വറിലാണെന്നും കമ്പനിയുടെ സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് പണയപ്പെടുത്തുന്നതിന് തുല്യമാണ് കരാറെന്ന് ഇതോടെ വ്യക്തമായി. കമ്പനിയുടെ വെബ്‌സൈറ്റില്‍ അവര്‍ തന്നെ പറയുന്നത് ചില പ്രത്യേക സാഹചര്യങ്ങളില്‍ തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറുകയോ വില്‍ക്കുകയോ ചെയ്യുമെന്നാണ്. ലോകാര്യോഗ്യ സംഘടനയക്ക് കമ്പനി നല്‍കിയതായി പറയുന്ന സേവനത്തില്‍ വ്യക്തിഗത വിവരങ്ങളുടെ ശേഖരണമോ കൈമാറ്റമോ ഇല്ല. ദൈനംദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണമാണ് അതില്‍ നല്‍കുന്നത്. അതാകട്ടെ പരസ്യമായ വിവരവുമാണ്. സൗജന്യമായിട്ടാണ് ഈ കമ്പനി ഈ സേവനം ചെയ്യുന്നതെന്നും ഇതിന്റെ ഉടമസ്ഥനായ മലയാളിയുടെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളില്‍ സന്തുഷ്ഠരായാണ് ഇതിന് അവര്‍ തയ്യാറായതെന്നുമാണ് മുഖ്യമന്ത്രി വാദിച്ചിരുന്നത്.
എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഡാറ്റാ കൈമാറ്റം സംബന്ധിച്ച് വിവാദത്തിലായ കമ്പനിയാണിത്. സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന ഒന്നരലക്ഷത്തോളം ജനങ്ങളുടെ വിശദമായ ആരോഗ്യ വിരവങ്ങള്‍ ശേഖരിക്കാന്‍ ഈ കമ്പനിയെ ചുമതലപ്പെടുത്തിയതിലെ നടപടി ക്രമങ്ങളും ദുരൂഹമാണ്. ഇക്കാര്യത്തില്‍ ആഗോള ടെണ്ടര്‍ വിളിച്ചിട്ടുണ്ടോ എന്നതും ഈ കമ്പനിയുമായി കരാര്‍ ഒപ്പു വച്ചിട്ടുണ്ടോ എന്നതും സര്‍ക്കാര്‍ മറച്ചുവെക്കുകയാണ്. സ്പ്രിംഗ്ലളര്‍ കരാര്‍ ബന്ധപ്പെട്ട ഒരു വകുപ്പും അറിയാതെയാണെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ആക്ഷേപം ഉന്നയിച്ച സമയത്ത് സര്‍ക്കാരില്‍ ഒരു ഫയല്‍ പോലുമില്ല. ഇപ്പോള്‍ ഫയലുണ്ടാകുമോ എന്ന് അറിയില്ല. കരാര്‍ രേഖ സൈറ്റില്‍ നിന്ന് കമ്പനി തന്നെ പിന്‍വലിച്ചുവെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.ഇടപാടില്‍ അഴിമതി മാത്രമല്ല, ക്രിമിനല്‍ നടപടിയുമുണ്ടെന്ന് പ്രതിപക്ഷ നേതാവും ആരോപിച്ചിരുന്നു.