കൊച്ചി: കോവിഡ് രോഗം ബാധിച്ച് ചികിത്സക്കിടെ മരിച്ച മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി യാക്കൂബ് സേട്ടിന്റെ കുടുംബം രോഗം ഭേദമായി ആസ്പത്രി വിട്ടു. യാക്കൂബ് ഹുസൈന്‍ സേട്ടിന്റെ ഭാര്യ സറീന യാക്കൂബ് (53), മകള്‍ സഫിയ യാക്കൂബ് (32), മകന്‍ ഹുസൈന്‍ യാക്കൂബ് (17) എന്നിവര്‍ക്കാണ് രോഗം ഭേദമായത്. ഇന്നലെ വൈകിട്ടോടെ ഇവര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആസ്പത്രി വിട്ടു. ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഇവരെ യാത്രയാക്കിയത്.
ചികിത്സയിലിരിക്കെ കഴിഞ്ഞ മാര്‍ച്ച് 28നാണ് യാക്കൂബ് ഹുസൈന്‍ സേട്ട് (69) മരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്ററില്‍ കഴിയവെയായിരുന്നു മരണം. കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള സംസ്ഥാനത്തെ ആദ്യ മരണമായിരുന്നു ഇത്. ദുബൈയില്‍ സുരക്ഷ ഉപകരണങ്ങളുടെ ബിസിനസ് ചെയ്തിരുന്ന യാക്കൂബ് ഹുസൈന്‍ സേട്ട് മാര്‍ച്ച് 16നാണ് ഭാര്യക്കൊപ്പം നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ചുള്ളിക്കലെ ഫ്‌ളാറ്റിലേക്ക് ഇവര്‍ സഞ്ചരിച്ച ഓണ്‍ലൈന്‍ ടാക്‌സിഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹവും രോഗം ഭേദമായി ആസ്പത്രി വിട്ടിരുന്നു.
മൂന്നു പേര്‍ക്ക് രോഗം ഭേദമായതോടെ എറണാകുളത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ടായി കുറഞ്ഞു. ഇതുവരെ 25 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 22 പേരുടെ രോഗം ഭേദമായി. ചികിത്സക്കിടെ ഒരാള്‍ മരിച്ചതിന് പുറമെ നിരീക്ഷണത്തില്‍ കഴിയവെ രണ്ടു പേരും മരിച്ചു. ഈ രണ്ടു പേരുടെയും സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയത്.
അതേസമയം ഇന്നലെ എട്ടു പേരെ കൂടി പുതുതായി ആസ്പത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. എറണാകുളം മെഡിക്കല്‍ കോളജില്‍ രണ്ടു പേരെയും, സ്വകാര്യ ആസ്പത്രികളില്‍ ആറു പേരെയുമാണ് നിരീക്ഷണത്തിലാക്കിയത്. പത്തു പേരെ ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ കോളജില്‍ നിന്ന് മൂന്നു പേരെയും ആലുവ ജില്ലാ ആസ്പത്രിയില്‍ നിന്ന് രണ്ടു പേരെയും സ്വകാര്യ ആസ്പത്രികളിലെ അഞ്ചു പേരെയുമാണ് ഡിസ്ചാര്‍ജ് ചെയ്തത്.
നിലവില്‍ 17 പേരാണ് ജില്ലയിലെ വിവിധ ആസ്പത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. മെഡിക്കല്‍ കോളജില്‍ നാലു പേരാണുള്ളത്. മൂവാറ്റുപുഴ ജനറല്‍ ആസ്പത്രിയില്‍ രണ്ടു പേരും, ആലുവ ജില്ലാ ആസ്പത്രിയില്‍ ഒരാളും, കരുവേലിപ്പടി താലൂക്ക് ആസ്പത്രിയില്‍ രണ്ടു പേരും, നാലു സ്വകാര്യ ആസ്പത്രികളിലായി എട്ടു പേരും നിരീക്ഷണത്തിലുണ്ട്. ഇന്നലെ ലഭിച്ച 32 പരിശോധന ഫലങ്ങളും നെഗറ്റീവായി. ഇതോടെ പോസിറ്റീവ് കേസുകളില്ലാതെ ജില്ല രണ്ടാഴ്ച പിന്നിട്ടു.