യൂത്ത് ലീഗ് ഇടപെട്ടു; അത്യപൂര്‍വ മരുന്ന് ദുബൈയില്‍ നിന്ന് കോട്ടയത്തെത്തി

മരുന്ന് നാട്ടിലേക്ക് അയക്കാന്‍ ദുബൈ കാര്‍ഗോ വിഭാഗത്തിന് കൈമാറുന്നു

മലപ്പുറം: കോട്ടയം ജില്ലയിലെ രണ്ടര വയസ്സുള്ള കുഞ്ഞിന്റെയും മാതാപിതാക്കളുടെയും കണ്ണീരിനു വിരാമം കുറിച്ച് ദുബായിയില്‍ നിന്നും അവശ്യമരുന്നെത്തിച്ച് കെ.എം.സി.സി. ഇരുപത് ലക്ഷത്തിലധികം പേരുള്ള ജി.എന്‍.പി. സി എന്ന ഫേസ്ബുക്ക് പേജില്‍ ആഴ്ചകളോളം വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും ആര്‍ക്കും തന്നെ മരുന്ന് എത്തിക്കാനായില്ല. അവസാനം കുടുംബം യൂത്ത്‌ലീഗിന്റെ സന്നദ്ധ വിഭാഗമായ വൈറ്റ് ഗാര്‍ഡിന്റെ മെഡി ചെയിന്‍ പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു.
കോട്ടയം ജില്ലയിലെ കൊല്ലാട് രാജേഷിന്റെയും ശരണ്യയുടെയും രണ്ടര വയസ്സുള്ള മകള്‍ കൃഷ്‌ണേന്ദു, പാലയിലെ വേദിക, കാഞ്ഞിരപ്പള്ളിയിലെ ആര്‍ദ്ര എന്നിവരാണ് അസുഖത്തിനുള്ള മരുന്ന് കിട്ടാതെ വിഷമത്തിലായത്. തുടര്‍ന്ന് ഈ ദൗത്യം വൈറ്റ്ഗാര്‍ഡ് ഏറ്റെടുക്കുകയായിരുന്നു. വൈറ്റ്ഗാര്‍ഡ് സംസ്ഥാന ക്യാപ്റ്റന്‍ ഷഫീഖ് വാച്ചാല്‍ ഉടന്‍ തന്നെ കേരളത്തിലും മംഗലാപുരം, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലും മരുന്ന് അന്വേഷിച്ചു. അവിടങ്ങളില്‍ ലഭ്യമല്ലാത്തതിനാല്‍ ദുബായി, ഖത്തര്‍, ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അന്വേഷണം നീണ്ടു. ഒടുവില്‍ കെ.എം.സി.സി പ്രവര്‍ത്തകനായ സാദിഖ് ബാലുശ്ശേരി, കോഴിക്കോട് ജില്ലാ സെക്രട്ടറി കോയമ്പ്രം മൂസ എന്നിവരെ ഷഫീഖ് ബന്ധപ്പെട്ടു. അവര്‍ കെ.എം.സി.സി ഫാര്‍മസി സെല്‍ കോര്‍ഡിനേറ്റര്‍മാരായ പി.വി ഇസ്മായില്‍, പാനൂര്‍, എം.വി നിസാര്‍ പാനൂര്‍ എന്നിവരുമായി ചേര്‍ന്ന് കാര്യം ചര്‍ച്ച ചെയ്യുകയും ദുബായിയില്‍ മരുന്ന് ലഭ്യതയുള്ള സ്ഥലം കണ്ടെത്തുകയും ചെയ്തു.
ട്യൂബറസ് സ്ലിറോസിസ് എന്ന അസുഖത്തിനുള്ള സബ്‌റില്‍ 500 എം.ജി ഫിലിം ടാബ്ലറ്റ് എന്ന മരുന്നിനാണ് രാജേഷ് -ശരണ്യ ദമ്പതികള്‍ വൈറ്റ് ഗാര്‍ഡിനെ സമീപിച്ചത്. എയര്‍ കാര്‍ഗോ വഴി മരുന്ന് നാട്ടിലെത്തിക്കാന്‍ അമ്പതിനായിരം രൂപയോളം ചെലവ് വരുമെന്നറിഞ്ഞപ്പോള്‍ മുസ്‌ലിംലീഗ് രാജ്യ സഭാംഗം പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ മകന്‍ പി.വി ജാബിര്‍ മുഴുവന്‍ ചെലവും ഏറ്റെടുക്കുകയായിരുന്നു. ഇസ്മായിലും സഹപ്രവര്‍ത്തകരും മരുന്നിനു വേണ്ട എല്ലാ തുകയും നല്‍കിയതോടെ വലിയ ഒരു കാരുണ്യപ്രവര്‍ത്തനായി ഇത് മാറുകയായിരുന്നു. മുസ്‌ലിം യൂത്ത്‌ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സെക്രട്ടറി പി.കെ ഫിറോസും നിരന്തരം കെ.എം.സി.സിയെയും വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തകരെയും ബന്ധപ്പെട്ട് മരുന്ന് എത്തിക്കാനുള്ള സംവിധാനം ഒരുക്കാന്‍ കൂടെനിന്നു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സൈനുദ്ദീന്‍ ചേലേരി, കോ ഓര്‍ഡിനേറ്റര്‍ അഫ്‌സല്‍ ഉളിയില്‍, ഫാര്‍മസിസ്റ്റ് സയ്യിദ് ആബിദ് പാനൂര്‍, റഹദാദ് മൂഴിക്കര എന്നിവരാണ് ഇതിന് മുന്‍കൈയെടുത്തത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് കൃഷ്‌ണേന്ദുവിന്റെ മാതാവും വൈറ്റ്ഗാര്‍ഡും ചേര്‍ന്ന് മരുന്ന് ഏറ്റുവാങ്ങി. കുട്ടിയുടെ മാതാപിതാക്കള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച യൂത്ത്‌ലീഗ് നേതാക്കളെയും കെ.എം.സി.സി, വൈറ്റ്ഗാര്‍ഡ് ഭാരവാഹികളെയും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.