രാജ്യത്തെ കോവിഡ് ബാധിതരില്‍ 46.39 ശതമാനവും 10 ജില്ലകളില്‍

26

ന്യൂഡല്‍ഹി: രാജ്യത്തെ 732 ജില്ലകളില്‍ 406 ജില്ലകളില്‍ ചുരുങ്ങിയത് ഒരു കോവിഡ് വൈറസ് ബാധിതനെങ്കിലുമുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതായത് രാജ്യത്തെ മൊത്തം ജില്ലകളുടെ പകുതിയിലേറെ (55.46 ശതമാനം) പ്രദേശങ്ങളും കോവിഡ് പിടിയിലായിട്ടുണ്ട്.
ഇതില്‍ തന്നെ പത്ത് ജില്ലകളിലായാണ് രാജ്യത്തെ മൊത്തം കോവിഡ് ബാധിതരില്‍ 46.39 ശതമാനം പേരും. 16116 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചത്. ഇതില്‍ 1334 കേസുകള്‍ 24 മണിക്കൂറിനിടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
519 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്. മാര്‍ച്ച് 23ന് 84 ജില്ലകളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഏപ്രില്‍ ഒമ്പത് ആയപ്പോഴേക്കും 284 ജില്ലകളിലേക്ക് വ്യാപിച്ചു.
ഏപ്രില്‍ ഒമ്പത് മുതല്‍ 18 വരെയുള്ള കണക്ക് അനുസരിച്ച് 284 ജില്ലകളില്‍ നിന്നും ഇത് 406 ജില്ലകളിലേക്കായി വ്യാപിച്ചു കഴിഞ്ഞു. കോവിഡ് ബാധിത 406 ജില്ലകളിലെ 170 ജില്ലകളേയും ചുവന്ന മേഖലയായാണ് (ഹോട്ട്സ്പോട്ട്) തരം തിരിച്ചിരിക്കുന്നത്. ഇതിനെ പിന്നെയും രണ്ട് വിഭാഗമായി മാറ്റിയിട്ടുണ്ട്. 15 കേസുകളില്‍ കുറഞ്ഞവയെ ക്ലസ്റ്ററുകളെന്നും 15ല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളെ ലാര്‍ജ് ഔട്ട്ബ്രേക്കെന്നുമാണ് തരം തിരിച്ചിരിക്കുന്നത്.
രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിന് ദേശീയ തലത്തില്‍ ആറു ദിവസം എടുക്കുമ്പോള്‍ ഹോട്ട്സ്പോട്ടുകളില്‍ നാലു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയായി വര്‍ധിക്കുന്നതായും ഐ .സി. എം. ആര്‍ പഠനം പറയുന്നു. അതേ സമയം കോവിഡ് രോഗികള്‍ രോഗമുക്തി നേടുന്നത് 14.91 ശതമാനമായി വര്‍ധിച്ചതായും ഐ.സി.എം.ആര്‍ അവകാശപ്പെടുന്നു.
നിലവില്‍ 123 ജില്ലകളെയാണ് വലിയ പ്രഭവ കേന്ദ്രമായി കണക്കാക്കിയിട്ടുള്ളത്. 47 ജില്ലകള്‍ ക്ലസ്റ്ററുകളാണ്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ ജില്ലകള്‍ ഹോട്ട്സ്പോട്ടായുള്ളത് 22 ജില്ലകള്‍. മഹാരാഷ്ട്ര (14), യു.പി (13), രാജസ്ഥാന്‍ (12), ആന്ധ്രപ്രദേശ് (11), ഡല്‍ഹി (10), തെലങ്കാന (9), ജമ്മുകശ്മീര്‍ (8), പഞ്ചാബ് (8), കര്‍ണാടക (8), കേരളം (7), മധ്യപ്രദേശ് (6), ഹരിയാന (6), ഗുജറാത്ത് (6), അസം (5), ഹിമാചല്‍ പ്രദേശ് (5) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഹോട്ട്സ്പോട്ട് ജില്ലകള്‍.
തമിഴ്നാട്ടിലെ 32 ജില്ലകളില്‍ 22 ജില്ലകളും ഹോട്ട്സ്പോട്ടുകളാണ്. (69 ശതമാനം). മഹാരാഷ്ട്രയില്‍ 39 ശതമാനം, യു.പി 17.33 ശതമാനം, രാജസ്ഥാന്‍ 36, പഞ്ചാബ് 36, കര്‍ണാടക 27 ശതമാനം, ഡല്‍ഹിയിലെ 11 ജില്ലകളില്‍ പത്തും (91 ശതമാനം)എന്നിങ്ങനെയാണ് കണക്ക്.