രാജ്യത്ത് കോവിഡ് ബാധിതര്‍ 18985 മരണം 603, രോഗ മുക്തി നേടിയവര്‍ 3260

18
ജമ്മുവിലെ ഗാന്ധി നഗര്‍ ആശുപത്രിയില്‍ നിന്നും കോവിഡ് ഭേദമായി പുറത്ത് പോകുന്നവരെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ കൈയ്യടികളോടെ യാത്രയാക്കുന്നു

കോവിഡ്: 5000 കവിഞ്ഞ് മഹാരാഷ്ട്ര

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 5000 കവിഞ്ഞു.
സംസ്ഥാനത്ത് തുടര്‍ച്ചയായ 17-ാം ദിവസവും പുതിയ രോഗികളുടെ എണ്ണം മൂന്നക്കം കടന്നു. കഴിഞ്ഞ നാലു ദിവസം കൊണ്ട് വൈറസ് ബാധിതരുടെ എണ്ണത്തില്‍ 2000ത്തോളം വര്‍ധനവാണുണ്ടായിട്ടുള്ളത്. ഇന്നലെ മാത്രം 552 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 5218 ആയി. മുംബൈ നഗരത്തില്‍ മാത്രം 3451 പേരാണ് കോവിഡ് ബാധിതരായുള്ളത്.
ഇന്നലെ 19 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 251 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്. ഇതില്‍ 148 പേരും മുംബൈയിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ പുതിയ 12 കേസുകള്‍ കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയതു.
ധാരാവിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 179 ആയി. 12 മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ പര്‍ഭാനി, നന്ദൂര്‍ബര്‍, ചന്ദ്രപൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. നന്ദേഡ്, വര്‍ധ, ബന്ദാര, ഗാഡ്ചിറോലി എന്നീ നാല് ജില്ലകളില്‍ മാത്രമാണ് സംസ്ഥാനത്ത് ഇതുവരെ ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യാത്തത്. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘിച്ചതിന് 60,005 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 13381 പേരെ അറസ്റ്റു ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു.

2000 കവിഞ്ഞു ഡല്‍ഹി
ന്യൂഡല്‍ഹി:മഹാരാഷ്ട്രക്കും ഡല്‍ഹിക്കും പിന്നാലെ ഗുജറാത്തിലും കോവിഡ് ബാധിതരുടെ എണ്ണം 2000 പിന്നിട്ടു. നാലു ദിവസം കൊണ്ട് ആയിരത്തിലധികം രോഗികളുടെ വര്‍ധനവാണ് ഗുജറാത്തില്‍ ഉണ്ടായത്. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 രേഖപ്പെടുത്തിയത്.
ഇന്നലെ 127 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2066 ആയി ഉയര്‍ന്നു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തവരില്‍ 69 പേര്‍ സൂറത്തിലും 50 പേര്‍ അഹമ്മദാബാദിലുമാണ്. രാജ്കോട്ട്, വല്‍സദ് എന്നിവിടങ്ങളില്‍ രണ്ട് കേസുകളും ആരവല്ലി, ഗിര്‍ സോമനാഥ്, ഖേദ, തപി എന്നിവിടങ്ങളില്‍ ഓരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 77 പേരാണ് കോവിഡ് ബാധിച്ച് ഗുജറാത്തില്‍ മരിച്ചത്. ഇതോടെ മഹാരാഷ്ട്ര കഴിഞ്ഞാല്‍ കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച സംസ്ഥാനമായി ഗുജറാത്ത് മാറി. ഇന്നലെ ആറു പേരാണ് വൈറസ് ബാധ കാരണം മരിച്ചത്. ഇതില്‍ അഞ്ചു പേരും അഹമ്മദാബാദിലാണ്. 131 പേരാണ് ഗുജറാത്തില്‍ കോവിഡില്‍ നിന്നും മുക്തി നേടിയത്.

മധ്യപ്രദേശില്‍
76 മരണം
മധ്യപ്രദേശില്‍ പുതുതായി 55 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1540 ആയി ഉയര്‍ന്നു. 127 പേരാണ് സംസ്ഥാനത്ത് രോഗ വിമുക്തി നേടിയത്. 76 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്‍ഡോറിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. 915 പേര്‍. ഭോപാലില്‍ 200ലേറെ പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ 75
പുതിയ കേസുകള്‍
ഡല്‍ഹിയില്‍ പുതുതായി 75 പേര്‍ക്ക് കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ്ബാധിതരുടെ എണ്ണം 2156 ആയി. 431 പേരാണ് സംസ്ഥാനത്ത് കോവിഡ് ഭേദമായി ആശുപത്രി വിട്ടത്. 47 പേര്‍ക്ക് കോവിഡ് മൂലം ഡല്‍ഹിയില്‍ ജീവഹാനി നേരിട്ടു. രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 84 ഇടങ്ങളെ ഒറ്റപ്പെടുത്തി അടച്ചു പൂട്ടിയിട്ടുണ്ട്.

1500 പിന്നിട്ട്
രാജസ്ഥാന്‍
രാജസ്ഥാനില്‍ 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1659 ആയി. 25 മരണങ്ങളാണ് സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധമൂലം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 83 കേസുകളില്‍ 63 കേസുകളും തലസ്ഥാനമായ ജയ്പൂരിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

സ്വകാര്യ ചാനല്‍
അടച്ചു പൂട്ടി
ചെന്നൈ: തമിഴ്നാട്ടില്‍ 26 മാധ്യമ പ്രവര്‍ത്തകരടക്കം 76 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1596 ആയി. 18 പേരാണ് ഇതുവരെ തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ചെന്നൈയില്‍ 26 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും സ്വകാര്യ ചാനല്‍ ജീവനക്കാരാണ്. ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചാനല്‍ തല്‍ക്കാലത്തേക്ക് പൂട്ടി. ചെന്നൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരിലും കൂട്ടത്തോടെ രോഗം പടരുന്നത്.

കര്‍ണാടകയില്‍ 10 പുതിയ കേസുകള്‍
കര്‍ണാടകയില്‍ പുതുതായി 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 418 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 17 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആന്ധ്രയില്‍
മരണം 22
ആന്ധ്രപ്രദേശില്‍ 34 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരികരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 757 ആയി. 22 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 96 പേര്‍ രോഗമുക്തി നേടി.

യു.പിയില്‍ മരണ സംഖ്യ ഉയരുന്നു
ഉത്തര്‍ പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി.
ഇന്നലെ 100 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1294 ആയി. 140 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബംഗാളില്‍ 29
പുതിയ കേസുകള്‍
പശ്ചിമ ബംഗാളില്‍ ഇന്നലെ 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 392 ആയി. 15 പേരാണ് കോവിഡ് ബാധിച്ച് ബംഗാളില്‍ മരിച്ചത്.