രാജ്യദ്രോഹത്തിന് കേസെടുത്ത സ്‌കൂള്‍ ഇപ്പോള്‍ ക്വാറന്റൈന്‍ കേന്ദ്രം

ഷഹീന്‍ ഉര്‍ദു സ്‌കൂളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നു

ബീദാര്‍: മോദി സര്‍ക്കാറിന്റെ സി.എ.എ നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ കര്‍ണാടകയിലെ ബി. ജെ.പി സര്‍ക്കാര്‍ ജനുവരിയില്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരുന്ന ഷഹീന്‍ ഉര്‍ദു പ്രൈമറി സ്‌കൂള്‍ ഇപ്പോള്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ കോവിഡ് ക്വാറൈന്റയ്ന്‍ കേന്ദ്രം.
193 പേരാണ് ഷഹീന്‍ സ്‌കൂളില്‍ ഇപ്പോള്‍ ക്വാറൈന്റയ്‌നിലുള്ളത്. ഇവര്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിയതാവട്ടെ സ്‌കൂള്‍ അധികൃതരും. പൗരത്വ ഭേദഗതി ബില്ലിനെതിരെ മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുള്ള നാടകം അവതരിപ്പിച്ചു എന്ന് ആരോപിച്ചായിരുന്നു ഷഹീന്‍ സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ സ്‌കൂളിലെ ഒരു ടീച്ചറേയും പഠിച്ചിരുന്ന കുട്ടിയുടെ രക്ഷിതാവിനേയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികളെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ദിവസങ്ങളോളം വിളിച്ചു വരുത്തി ചോദ്യം ചെയ്തത് ദേശീയ തലത്തില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 193 പേരാണ് ഇപ്പോള്‍ ഷഹീന്‍ പ്രൈമറി സ്‌കൂളിലെ ക്വാറന്റെയ്ന്‍ കേന്ദ്രത്തിലുള്ളതെന്ന് ഷഹീന്‍ ഗ്രൂപ്പ് സി.ഇ.ഒ തൗസീഫ് മടിക്കേരി അറിയിച്ചു.
ഭക്ഷണവും മാസ്‌കും അണുനശീകരണ പ്രവര്‍ത്തികളും അടക്കം എല്ലാ സൗകര്യങ്ങളും ക്വാറന്റെയ്‌നിലുള്ളവര്‍ക്ക് നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നതുവരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂള്‍ വിട്ടു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ബിദാറിലെ സര്‍ക്കാര്‍ ഹോസ്റ്റലിലാണ് ക്വാറൈന്റയ്‌നിലുള്ളവരെ പാര്‍പ്പിച്ചിരുന്നത്.
എന്നാല്‍ പ്രദേശത്തെ ജനങ്ങള്‍ പ്രതിഷേധിച്ചതോടെയാണ് ക്വാറൈന്റയ്ന്‍ കേന്ദ്രം ജനവാസം കുറഞ്ഞ മേഖലയിലേക്ക് മാറ്റിയത്. മൂവായിരത്തോളം കുട്ടികളാണ് ഷഹീന്‍ പ്രൈമറി സ്‌കൂളില്‍ പഠിക്കുന്നത്. ഇതില്‍ ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം കുട്ടികള്‍ ഇപ്പോഴും സ്‌കൂളിന്റെ മറ്റൊരു കാമ്പസിലുള്ള ഹോസ്റ്റലില്‍ കഴിയുകയാണ്.
കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നവരെ പരിശോധിക്കുന്നതുവരെയുള്ള ഘട്ടത്തിലാണ് സ്‌കൂളില്‍ പാര്‍പ്പിക്കുന്നത്. കോവിഡ് പരിശോധനക്ക് ശേഷം ഇവരെ വീടുകളില്‍ ക്വാറൈന്റനിലേക്ക് മാറ്റും.