രോഗത്തെയും സമൂഹത്തെയും ചികിത്സിച്ച ജനകീയ ഡോക്ടര്‍

25
മാസങ്ങള്‍ക്ക് മുമ്പ് ചന്ദ്രിക ഹെഡ് ഓഫീസില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുന്ന ഡോ.പി.എ ലളിത. സി.പി.എം സഈദ്, സി.പി സൈതലവി, കമാല്‍ വരദൂര്‍, മുഹമ്മദ് നജീബ് ആലിങ്കല്‍, ഏ.പി ഇസ്മായില്‍ സമീപം (ഫയല്‍)

എം.ബി.ബി.എസ് കഴിഞ്ഞ് സ്വദേശമായ ആലപ്പുഴയില്‍ നിന്ന് കോഴിക്കോട്ടെത്തിയ ഡോ. പി.എ ലളിത രോഗത്തെയും സമൂഹത്തെയും ചികിത്സിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നു. കലാ സാംസ്്കാരിക രംഗത്തു മാത്രമല്ല, മാധ്യമ രംഗത്തും തന്റേതായ കാഴ്ചപ്പാടും ധാരണയും അവര്‍ക്കുണ്ടായിരുന്നു. തന്റെ മെഡിക്കല്‍ പഠനത്തില്‍ അവരും ഭര്‍ത്താവും വലിയ ഉപദേശ നിര്‍ദേശങ്ങള്‍ തന്നു. ജീവിതത്തിലെ പല ഘട്ടങ്ങളിലും വഴികാട്ടിയായി. ഇന്ത്യാ വിഷന്‍ ചാനല്‍ എന്ന ആശയം പറഞ്ഞപ്പോഴേ കൂടെ നിന്ന് ഡയറക്ടറായി.
ചന്ദ്രിക ആഴ്ചപതിപ്പില്‍ ലളിത ഡോക്ടറുടെ സാമൂഹ്യ വിമര്‍ശന ലേഖനങ്ങള്‍ കണ്ടവര്‍ അതേതെങ്കിലും പൊതുവിഷയങ്ങളില്‍ പി.എച്ച്.ഡി നേടിയ ഡോക്ടറാവും എന്നാണ് കരുതിയത്. മെഡിസിന്‍ പോലെ പല ശാഖകളിലും ആഴത്തിലുള്ള വായനയും പഠനവും നിരീക്ഷണവുമെല്ലാമായി സ്വപ്രയത്‌നത്താല്‍ ഉയരുകയായിരുന്നു അവര്‍. ജനകീയ ഡോക്ടര്‍ എന്നതോടൊപ്പം ഏതൊരു നല്ലകാര്യത്തിന്റെയും ലക്ഷണമുള്ള മുഖമായി അവര്‍. അവരുടെ പല പുസ്തകങ്ങളും പ്രസിദ്ധീകരണത്തിന് മുമ്പെ വായിക്കാന്‍ തരും. കൃത്യവും സ്പഷ്ടവും ലാളിത്യം നിറഞ്ഞതുമായിരുന്നു ഭാഷ.
പ്രതിസന്ധിയില്‍ തളരാതെ തലയെടുപ്പോടെ മുന്നോട്ടു പോകുന്ന അവരെ പലപ്പോഴും അല്‍ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. എട്ടു വര്‍ഷം മുമ്പ്് ക്യാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ എങ്ങിനെ സമാധാനിപ്പിക്കുമെന്നായിരുന്നു ആശങ്ക. എന്നാല്‍, രോഗത്തിനു പോലും തളര്‍ത്താനാവാത്തതായിരുന്നു ആ മനോബലം. ഡോക്ടറുടെ വേര്‍പാട് വലിയ നഷ്ടം തന്നെ.
ചിരിച്ചുകൊണ്ട് ജീവിതത്തെ കാണുകയും ജീവിതാവസാനം വരെ സന്തോഷം മറ്റുള്ളവരിലേക്ക് പകര്‍ന്ന് സാന്ത്വനിപ്പിക്കുകയും ചെയ്തു. രോഗം മൂര്‍ച്ഛിച്ച വിവരം അറിഞ്ഞ് ആസ്പത്രിയില്‍ എത്തിയപ്പോള്‍ ആ മുഖത്തേക്ക് ഏറെ നേരം നോക്കി. കണ്ണുകളടച്ച് കിടക്കുമ്പോഴും തെളിച്ചമുള്ളതും പുഞ്ചിരി വിട്ടുമാറാത്തതുമായ തേജസ്. ജനങ്ങളെ സേവിക്കുകയെന്നതാണ് ആസ്പത്രിയുടെയും ഡോക്ടറുടെയും കടമയെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തി. നിര്‍ധനരായ രോഗികള്‍ക്കും വൃദ്ധര്‍ക്കും ആശ്രയമായിരുന്നു, അവര്‍. എഴുത്തിലും കാരുണ്യപ്രവര്‍ത്തനത്തിലും ഒരുപോലെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മറ്റൊരു ഡോക്ടര്‍ വിരളമാവും. നാലു പതിറ്റാണ്ടോളം നീണ്ട ബന്ധത്തിനിടെ എത്രയോ അടുത്തുപോയ അവരുടെ വേര്‍പാട് ജീവിതത്തില്‍ നികത്താനാവാത്ത നഷ്ടമാണ്. സ്വന്തം മകനെപ്പോലെ സ്‌നേഹം തന്നു വഴിനടത്തിയ ലളിത ഡോക്ടര്‍ക്ക് ആദരാഞ്ജലി നേരുന്നു.