റിലയന്‍സ് പവര്‍പ്ലാന്റിന്റെ ആഷ് ഡാം പൊട്ടി; രണ്ടു മരണം

ഭോപ്പാല്‍: മധ്യപ്രദേശിലെ സിംഗ്റോളിയില്‍ റിലയന്‍സ് പവര്‍പ്ലാന്റിന്റെ മാലിന്യം സൂക്ഷിക്കുന്ന ‘ആഷ് ഡാം’ തകര്‍ന്ന് ചാരം പുറത്തേക്കൊഴുകി രണ്ടുപേര്‍ മരിക്കുകയും നാലു പേരെ കാണാതാവുകയും ചെയ്തു.
വീടിനകത്ത് ഇരുന്നവരാണ് കല്‍ക്കരിചാരവും വെള്ളവും ചേര്‍ന്ന കുത്തൊഴുക്കില്‍ ഒലിച്ചുപോയത്. സംഭവത്തില്‍ ആയിരക്കണക്കിന് ഏക്കര്‍ കൃഷി നശിക്കുകയും ചെയ്തു. വെള്ളിയാഴ്ച സിംഗ്റോളിയിലെ സസാന്‍ കല്‍ക്കരി പ്ലാന്റിന്റെ ആഷ് ഡംപ് യാര്‍ഡിന്റെ വാള്‍ തകരുകയും സമീപത്തെ റിസര്‍വോയറില്‍ നിന്നുള്ള വെള്ളം ഇരച്ചുകയറുകയും ചെയ്യുകയായിരുന്നു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 680 കിലോമീറ്റര്‍ അകലെയാണ് സിംഗ്റോളി. ഇവിടുത്തെ പ്ലാന്റിനെപ്പറ്റി പരാതി നിലനില്‍ക്കെയാണ് ദുരന്തം. റിസര്‍വോയറില്‍ നിന്നുള്ള വെള്ളം ചേര്‍ന്ന് ശക്തമായി പുറത്തേക്കൊഴുകിയ കല്‍ക്കരിയുടെ ചാരത്തില്‍ അമ്മയും മക്കളുമടക്കം ആറുപേര്‍ ഒലിച്ചുപോയി.
ഇതില്‍ രണ്ടുപേര്‍ മരിക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തു. അഭിഷേക് കുമാര്‍ ഷാ (8), ദിനേഷ് കുമാര്‍ (35) എന്നിവരാണ് മരിച്ചത്. അഭിഷേകിന്റെ അമ്മ ചൂന്‍ കുമാരി (27), സഹോദരി സീമ കുമാരി (7), ദിനേശ്കുമാറിന്റെ മകന്‍ അങ്കിത് (മൂന്ന് വയസ്), റജ്ജാദ് അലി (28) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് ആഷ് യാര്‍ഡ് പൊട്ടി കുത്തിയൊലിച്ച് പുറത്തേക്കൊഴുകുന്നത്. റിലയന്‍സ് അധികൃതരുടെ കുറ്റകരമായ അനാസ്ഥമൂലമാണ് ഇത് സംഭവിച്ചതെന്ന് സിംഗ്റോളി ജില്ലാ കളക്ടര്‍ കെ.വി.എസ് ചൗധരി പറഞ്ഞു.
കഴിഞ്ഞവര്‍ഷം പവര്‍ പ്ലാന്റിനെതിരെ പ്രദേശവാസികള്‍ സമരം നടത്തിയിരുന്നു. മൂന്നുമാസം മുമ്പ് പ്ലാന്റില്‍ നിന്ന് ചാരം പുറത്തേക്കൊലിച്ചിരുന്നുവെന്നും പ്രതിഷേധത്തെ തുടര്‍ന്ന്, ഇനി അത്തരം വീഴ്ച ഉണ്ടാവില്ലെന്ന് കമ്പനി എഴുതി നല്‍കിയിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കു പ്രകാരം ഗാസിയാബാദ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള രണ്ടാമത്തെ വ്യവസായ മേഖലയാണ് സിംഗ്റോളി. എസ്സാര്‍ പ്ലാന്റിലെ കൃത്രിമ തടാകവും ഇതിനുമുമ്പ് ചോര്‍ന്നിരുന്നു. ഇതിന് ശേഷം ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. മാലിന്യമെത്തുന്ന തടാകങ്ങള്‍ക്ക് കേടുപാടുകളില്ലെന്നും കൃത്യമായി പരിപാലിച്ചു വരുന്നുണ്ടെന്നുമാണ് അന്ന് എല്ലാ ഊര്‍ജ്ജ കമ്പനികളും ഉറപ്പ് നല്‍കിയത് – മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് കേസ് നടത്തുന്ന അഭിഭാഷകനായ അശ്വനി ദുബേ പറഞ്ഞു. ‘രാജ്യത്തെ തന്നെ ഗുരുതരമായ പ്രശ്നം നേരിടുന്ന മേഖലയാണിത്. നിരവധി നിര്‍ദേശങ്ങള്‍ പാസാക്കിയിട്ടുണ്ടെങ്കിലും ആരും തന്നെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.