ലോക്ക്ഡൗണിനിടെ ഇങ്ങനെയും ചില ജീവിതങ്ങള്‍

13
സ്വന്തം ഗ്രാമം ലക്ഷ്യമാക്കി കുടുംബത്തെ സൈക്കിള്‍ റിക്ഷയില്‍ കൊണ്ടു പോകുന്ന കുടിയേറ്റ തൊഴിലാളി യു.പിയില്‍ നിന്നുള്ള കാഴ്ച

ന്യൂഡല്‍ഹി: ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ഡല്‍ഹിയില്‍ നിന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കാല്‍നടയായി പോകുന്നത് നാം കണ്ടതാണ്. പിന്നാലെ മുംബൈയിലെ ബാന്ദ്ര റയില്‍വേ സ്റ്റേഷനില്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് എത്തിയത് ഒരാഴ്ച മുമ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രകോപനപരമായ പ്രതികരണം സൃഷ്ടിച്ചിരുന്നു.
സാമൂഹിക അകലമെന്ന ചട്ടം തൊഴിലാളികള്‍ ലംഘിച്ചുവെന്നായിരുന്നു പലരുടേയും വിമര്‍ശനങ്ങള്‍ക്ക് കാരണം. എന്തായിരുന്നു കുടിയേറ്റ തൊഴിലാളികളുടെ ബഹളങ്ങള്‍ക്ക് കാരണം. പലരും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തൊഴില്‍ രഹിതരായതാണ് വീടുകളിലേക്ക് മടങ്ങാന്‍ ഇവരെ പ്രേരിപ്പിച്ച ഘടകം. ഇത്തരത്തിലുള്ള പലരും അര്‍ധ നൈപുണ്യമുള്ള സാധാരണ തൊഴിലാളികള്‍ മാത്രമാണ്. ഇവര്‍ ജോലി ചെയ്യുന്ന ഫാക്ടറികള്‍ പലതും മാസ ശമ്പളമായി നല്‍കുന്നത് 7000-10,000 രൂപയാണ്.
ഇതാണ് കഴിഞ്ഞ ഒരു മാസമായി ഇവര്‍ക്ക് മുന്നില്‍ അടഞ്ഞു കിടക്കുന്നത്. ഡല്‍ഹിയിലെ സാഹിബാബാദ്, ഗുരുഗ്രാം, ഷാഹ്ദാര തുടങ്ങിയ മേഖലകളില്‍ കുടുംബത്തോടൊപ്പം കഴിയുന്ന പലരും പറയുന്നത് തങ്ങളുടെ കൈവശമുള്ള റേഷന്‍ തീര്‍ന്നു തുടങ്ങിയിട്ടുണ്ടെന്നാണ്. സ്വന്തം ഗ്രാമങ്ങളില്‍ മടങ്ങി എത്തിയില്ല എങ്കില്‍ തങ്ങള്‍ മക്കളോടൊപ്പം പട്ടിണി കിടന്നു മരിക്കേണ്ടി വരുമെന്നാണ് പലരും പറയുന്നത്. ഇത്തരത്തിലൊരു കുടുംബമാണ് അഭ്രം പോളിഷ് ചെയ്യുന്ന സരോജിന്റെ കുടുംബം, മൂന്നു കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബം ഷാഹ്ദാരയിലെ ഫാക്ടറിയില്‍ നിന്നും സരോജിന് ലഭിക്കുന്ന 10,000 രൂപ മാസ ശമ്പളം കൊണ്ടാണ് കഴിഞ്ഞിരുന്നത്. ലോക്ക്ഡൗണിന് ശേഷം ഒന്നും തന്നെ വരുമാനമായി ലഭിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ പലചരക്ക് സാധനങ്ങള്‍ കടമായി ലഭിച്ചു.
പക്ഷേ ഈ പൈസ അടുത്തകാലത്തൊന്നും തിരിച്ചു നല്‍കാനാവില്ലെന്ന് തിരിച്ചറിഞ്ഞ പലചരക്കുകടക്കാരന്‍ സരോജിന് സാധനങ്ങള്‍ നല്‍കുന്നത് ഇപ്പോള്‍ നിര്‍ത്തിയിരിക്കുകയാണ്. തനിക്കു ലഭിച്ചിരുന്ന മാസ ശമ്പളം കുടുംബത്തിന് ഒരു മാസം കഴിയാന്‍ മതിയായിരുന്നു. ഇപ്പോള്‍ വരവ് നിലച്ചു. സമ്പന്നരായ ആരെങ്കിലും ഭക്ഷണം വിതരണം ചെയ്യാന്‍ വരുന്നതും കാത്താണ് ഇപ്പോള്‍ കഴിയുന്നത്. അല്ലാത്ത പക്ഷം ആരു പണം കടം തരാനാണ് സരോജ് ചോദിക്കുന്നു. ബിഹാറില്‍ ബക്സര്‍ ജില്ലക്കാരനായ സരോജിന് നാട്ടിലെത്തിയാല്‍ എങ്ങിനെയെങ്കിലും ജീവിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസമാണുള്ളത്.
സാര്‍ ഇത്തരം സാഹചര്യത്തില്‍ വീട്ടിലെത്താന്‍ ഞങ്ങള്‍ മുറവിളി കൂട്ടുമ്പോള്‍ കുടിയേറ്റ തൊഴിലാളികള്‍ അച്ചടക്കമില്ലാത്തവരാണെന്ന് പറയാനാവുമോ സരോജ് ചോദിക്കുന്നു. തങ്ങളുടെ കൂടെ ജോലി ചെയ്യുന്നവരില്‍ ചിലര്‍ ബിഹാറിലേക്ക് പുറപ്പെട്ടെങ്കിലും അവരെ ഗാസിയാബാദില്‍ പൊലീസ് പിടികൂടി. കടുത്ത മര്‍ദ്ദനത്തിനിരയാക്കിയ ശേഷം തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് സരോജിന്റെ സഹപ്രവര്‍ത്തകനായ യു.പിയിലെ ബലിയ സ്വദേശിയായ മനോജ് പറയുന്നു.
പൊലീസ് മര്‍ദ്ദനത്തിന് ശേഷം പിന്നീട് നാട്ടിലേക്ക് പുറപ്പെടാനുള്ള ധൈര്യം ഉണ്ടായിട്ടില്ല. ചിലര്‍ പറഞ്ഞുപൊലീസിനെ വിളിച്ചാല്‍ ഭക്ഷണം എത്തിച്ചു നല്‍കുമെന്ന് എന്നാല്‍ ദിവസവും വിളിച്ചു നോക്കുമെങ്കിലും ആരും ഇതുവഴി വന്നിട്ടില്ല. സര്‍ക്കാറില്‍ നിന്നും ഒന്നും ലഭിച്ചിട്ടില്ല. സാഹിബാബാദില്‍ കഴിയുന്ന യു.പി ഗോരഖ്പൂര്‍ സ്വദേശിനിയായ റീമയുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. തുണിക്കടയില്‍ ജോലിയുണ്ടായിരുന്ന ഭര്‍ത്താവ് സിംഹാസനന്‍ ലോക്ക്ഡൗണിന് പിന്നാലെ ടൈഫോയ്ഡ് രോഗികൂടിയായതോടെ കുടുംബം തീര്‍ത്തും പ്രയാസത്തിലായി. സിംഹാസനന്റെ ചികിത്സക്കായി കൂട്ടുകാരില്‍ നിന്നും 2000 രൂപ കടം വാങ്ങിയിരിക്കുകയാണിപ്പോള്‍. ഭക്ഷണത്തിനായി ഒന്നും ഇല്ല. ആരും ഒന്നും തരുന്നുമില്ല.
തീവണ്ടി സര്‍വീസ് പുനരാരംഭിച്ചാല്‍ എങ്ങിനെയെങ്കിലും നാടു പിടിക്കണം. ഓരോ ചില്ലിക്കാശും ഇപ്പോള്‍ മരുന്നിനായി മാത്രമാണ് ചെലവിടുന്നത് അവര്‍ പറഞ്ഞു. ഈ ലോക്ക്ഡൗണ്‍ എത്രകാലമെന്ന് അറിയില്ല. നേരാംവണ്ണം ഒരു ജോലി പോലും കിട്ടും മുമ്പേ ലോക്ക്ഡൗണില്‍ അകപ്പെട്ടു. കയ്യില്‍ ഉണ്ടായിരുന്നതെല്ലാം തീര്‍ന്നു ഇനി എന്ത് ചെയ്യണമെന്നറിയില്ല.
ലോക്ക്ഡൗണിന് 15 ദിവസം മുമ്പ് മാത്രം ഡല്‍ഹിയിലെത്തിയ ബലിയ സ്വദേശി ആശിഷ് പറയുന്നു. എല്ലാവരും പറയുന്നു സാമൂഹിക അകലം പാലിക്കണം എന്ന്. ഈ രോഗം വലിയ അപകടകാരിയാണെന്ന് അറിയാം.
പക്ഷേ പുറത്തിറങ്ങാന്‍ പൊലീസുകാര്‍ അനുവദിക്കാത്തത് കാരണം ഏതെങ്കിലും സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതിയുമായി വരുന്നത് വരെ എത്ര കാലം ഇങ്ങനെ പട്ടിണി കിടക്കും ആശിഷ് ചോദിക്കുന്നു. മറ്റുള്ളവരുടെ പേരും പ്രശസ്തിയും ഉയരും വരെ ഇങ്ങനെ കാത്തിരുന്നാല്‍ സ്വന്തം മക്കള്‍ കണ്‍മുന്നില്‍ പട്ടിണി കിടന്നു മരിക്കുന്നത് കാണേണ്ടി വരില്ലേ ആശിഷ് ചോദിക്കുന്നു.