ലോക്ക്ഡൗണില്‍ തീരുമാനം ഇന്ന്‌

35

പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക അടച്ചിടല്‍ തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തുമോ എന്ന് ഇന്നറിയാം. കാലത്ത് 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച തീരുമാനം ഇതില്‍ പ്രഖ്യാപിച്ചേക്കും. നേരത്തെ 21 ദിവസത്തേക്കാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ സമയപരിധി ഇന്ന് അര്‍ധരാത്രി തീരാനിരിക്കെയാണ് പ്രധാനമന്ത്രി ജനങ്ങളോട് സംവദിക്കുന്നത്. ലോക്ക്ഡൗണ്‍ വിഷയത്തില്‍ തീരുമാനം എടുക്കുന്നതിനായി നേരത്തെ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയിരുന്നു. രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് മിക്ക സസ്ഥാന സര്‍ക്കാറുകളും പ്രധാനമന്ത്രിക്ക് മുന്നില്‍ വച്ചത്. അതേസമയം നിയന്ത്രണം അതേപടി തുടരുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കും എന്നതിനാല്‍ രോഗവ്യാപനത്തിന്റെ തീവ്രത കണക്കാക്കി റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ മൂന്ന് സോണുകളായക്കി തിരിച്ച് നിയന്ത്രണങ്ങള്‍ തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ടുണ്ട്. റെഡ് സോണില്‍ സമ്പൂര്‍ണ അടച്ചിടലും ഓറഞ്ച് സോണില്‍ കടുത്ത നിയന്ത്രണങ്ങളും ഗ്രീന്‍ സോണില്‍ നിയന്ത്രണങ്ങളും തുടരാനാണ് ആലോചന. അങ്ങനെയെങ്കില്‍ ഓരോ സോണുകള്‍ക്കും ലഭിക്കുന്ന ഇളവുകള്‍ എത്ര എന്നതും രാജ്യം ഉറ്റുനോക്കുന്നുണ്ട്. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട മേഖലകളും അവശ്യ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കേന്ദ്രങ്ങളും മാത്രമാണ് 21 ദിവസമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. മറ്റെല്ലാം അടഞ്ഞു കിടക്കുകയാണ്. പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തന്നെ കടുത്ത നിയന്ത്രണങ്ങളും ഉണ്ട്. സമ്പൂര്‍ണ അടച്ചിടലില്‍ തൊഴില്‍ മേഖല ഒന്നാകെ സ്തംഭനത്തിലാണ്. ഇത് സാധാരണക്കാരുടെ വരുമാനോപാധികളേയും ദൈനംദിന ജീവിതത്തേയും ബാധിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വരുമാനവും ഏതാണ്ട് നിലച്ചിരിക്കുകയാണ്. എങ്കിലും രോഗവ്യാപനം തടയുന്നതിനായി അടച്ചിടല്‍ രണ്ടാഴ്ചത്തേക്ക് കൂടി തുടരണമെന്നാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരും ഈ പക്ഷത്താണുള്ളത്. എന്നാല്‍ അടച്ചിടല്‍ തുടര്‍ന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ വീണ്ടും ഉയരുമോ എന്ന ആശങ്ക ഒരു വശത്ത് സജീവമാണ്. മറുവശത്ത് രോഗവ്യാപനം പതിന്മടങ്ങായി ഉയര്‍ന്ന് ഇതുവരെ സ്വീകരിച്ച നയിന്ത്രണങ്ങളുടെ കെട്ടു പൊട്ടിക്കുമോ എന്ന ആശങ്കയും. ഡല്‍ഹി, മുംബൈ, പുനെ, ഇന്‍ഡോര്‍, ഗുഡ്ഗാവ്, ഭോപാല്‍, ഹൈദരാബാദ്, അഹമ്മദാബാദ്, ജെയ്പൂര്‍, ബംഗളൂരു തുടങ്ങിയ രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലെല്ലാം കോവിഡ് കേസുകള്‍ താരതമ്യേന കൂടുതലാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയും കൂട്ടവ്യാപനത്തിന്റെ ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തു തീരുമാനം കൈക്കൊള്ളും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതിനിടെ പഞ്ചാബ്, ഒഡീഷ, തെലുങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് കാത്തുനില്‍ക്കാതെ ഈ മാസം അവസാനം വരെ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.