
തൃശൂര്‍: ലോക്ക് ഡൗണ്‍ പ്രശ്‌നമായില്ല, മതിലകം സ്വദേശിയായ രണ്ട് വയസുകാരന്‍ മുഹമ്മദ് നഹ്‌യാന്‍ കണ്ണിന് അടിയന്തിര ചികിത്സതേടി ചെന്നൈയിലേക്ക് യാത്രയായി. ഒന്നരവര്‍ഷമായി കണ്ണിനെ ബാധിക്കുന്ന അപൂര്‍വരോഗമായ ‘റെറ്റിനോ ബ്‌ളാസ്റ്റോമ’ എന്ന കാന്‍സര്‍ മൂലം വിഷമിക്കുന്ന നഹ്‌യാന്റെ യാത്രക്ക് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ജില്ലാ കലക്ടറുടെയും ഇടപെടല്‍ സഹായമായി. ജില്ലാ ഭരണകൂടം അയച്ച ആധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സിലാണ് ഇന്നലെ രാവിലെ 9 മണിയോടെ ഉമ്മ ആബിദയോടൊപ്പം നഹ്‌യാന്‍ യാത്ര തിരിച്ചത്.
മതിലകം കൂളിമുട്ടം സ്വദേശിയായ കണ്ണംകില്ലത്ത് ഫാസിലിന്റെയും ആബിദയുടെയും മകനായ മുഹമ്മദ് നഹ്‌യാന് ജനിച്ച് നാല് മാസം പ്രായമായപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. അപൂര്‍വ രോഗമായതിനാല്‍ കേരളത്തില്‍ ഇതിന് ചികിത്സയില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയിലെ ശങ്കര നേത്രാലയ ആസ്പത്രിയില്‍ ഇതിന് ചികിത്സ ഉണ്ടെന്നറിഞ്ഞത്. ഒന്നരവര്‍ഷമായി ഇവിടെയാണ് ചികിത്സ. തുടര്‍ച്ചയായ അഞ്ച് മാസമായി ക്രയോ തെറാപ്പി ചികിത്സയും ചെയ്യുന്നുണ്ട്. ഓരോ 21 ദിവസം കൂടുമ്പോഴും ഈ ചികിത്സ ചെയ്യണം. രോഗത്തിന്റെ തീവ്രത അനുസരിച്ച് ഇടവേളകളും കൂടും. കഴിഞ്ഞ മാര്‍ച്ച് 25നു ചികിത്സ കിട്ടേണ്ട ദിവസമായിരുന്നു. 23നാണ് സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. 24ന് വാളയാര്‍ വരെ എത്തിയെങ്കിലും അതിര്‍ത്തി കടത്തി വിടാന്‍ ആരും തയ്യാറായിരുന്നില്ല. പിന്നീട് കേന്ദ്ര സര്‍ക്കാരും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈയിലെ ഡോക്ടറെ ബന്ധപ്പെട്ടപ്പോള്‍ എത്രയും വേഗം എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്കായി എമര്‍ജന്‍സി സെക്ഷനില്‍ ടെസ്റ്റും ചികിത്സയും കൊടുക്കുന്നുണ്ട് എന്നും അറിഞ്ഞു. ഈ സാഹചര്യത്തിലാണ് മാതാപിതാക്കള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായം അഭ്യര്‍ത്ഥിച്ചത്. എത്രയും വേഗം കുട്ടിക്ക് ചികിത്സ ലഭ്യമാക്കാന്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നല്‍കണമെന്ന സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അടിയന്തരമായി പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി. ഇതോടെ നഹ്‌യാന് ചികിത്സക്കായുള്ള തടസ്സം നീങ്ങി. ബുധനാഴ്ച രാവിലെ തുടര്‍ചികിത്സക്കായി മാതാവ് ആബിദ, ഉമ്മയുടെ മാതാവ് ഐഷാബി എന്നിവരോടൊപ്പം യാത്ര തിരിച്ചു. ഡ്രൈവര്‍മാന്മാരായ സച്ചിന്‍, മിഥുന്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ നിഖില്‍ എന്നിവരാണ് കൂടെ. അര മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന ക്രയോ തെറാപ്പി ചെയ്ത് വ്യാഴാഴ്ചയോടെ മടങ്ങും.