ലോക്ക്ഡൗണ്‍ നീട്ടണം; കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാറുകള്‍

18

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യത്തൊട്ടാകെ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടു വെച്ചത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലാവധി ഈമാസം 14ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാറുകളുമായി കൂടിയാലോചന നടത്തിയത്. കോവിഡ് 19 നിലവില്‍ ഇന്ത്യയില്‍ നിയന്ത്രണ വിധേയമാണെങ്കിലും സാമൂഹിക വ്യാപനത്തിന് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ഇപ്പോഴും അധികൃതര്‍ തള്ളിക്കളയുന്നില്ല. രോഗവ്യാപനത്തിന്റെ വേഗം കുറക്കുന്നതില്‍ ലോക്ക്ഡൗണ്‍ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സാമൂഹിക വ്യാപനമുണ്ടായാല്‍ നേരിടാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനും ആസ്പത്രി, ഐസൊലേഷന്‍ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനും ഇതിലൂടെ ഇന്ത്യക്ക് സാവകാശം ലഭിച്ചിട്ടുണ്ട്. ഇത്തരമൊരു മുന്നൊരുക്ക സാധ്യത ഇല്ലാതെ പോയതാണ് ഇറ്റലിയിലും സ്‌പെയിനിലും യു.എസിലുമെല്ലാം സ്ഥിതിഗതികള്‍ വഷളാക്കിയതെന്നാണ് വിവരം. ഇതു കൂടി മുന്നില്‍ കണ്ടാണ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. പ്രധാനമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്ന് കൂടിക്കാഴ്ചക്കുശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലോക്ക്ഡൗണ്‍ പിന്‍വലിക്കാനുള്ള സാഹചര്യത്തിലേക്ക് സംസ്ഥാനം എത്തിയിട്ടില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. അതേസമയം ലോക്ക്ഡൗണ്‍ നീട്ടിയാലും ചില ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. കോവിഡ് വ്യാപനം തീരെ കുറഞ്ഞ മേഖലകളിലും ജില്ലകളിലുമായിരിക്കും ആദ്യ ഘട്ടത്തില്‍ ഇളവുകള്‍ നല്‍കുക. ഇവിടെ അതത് ജില്ലക്കുള്ളില്‍ യാത്ര ചെയ്യുന്നതിനും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിനും ഉപാധികളോടെ ഇളവുകള്‍ നല്‍കിയേക്കും. അതേസമയം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളില്‍ നിയന്ത്രണങ്ങലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെട്ട ജില്ലകളിലും കര്‍ശന നിയന്ത്രണങ്ങളും തുടര്‍ന്നേക്കും. കേരളത്തില്‍നിന്ന് എട്ട് ജില്ലകളാണ് ഹോട്ട്‌സ്‌പോട്ടിലുള്ളത്. ഇതിനിടെ കോവിഡ് പ്രതിരോധ, ചികിത്സാ ദൗത്യങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.