ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കാനാവില്ലെന്ന് കക്ഷി നേതാക്കളുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ അടച്ചിടല്‍ നാലാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. പാര്‍ലമെന്ററി കക്ഷി നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഒറ്റയയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത ബി.ജെ.ഡി നേതാവ് പിനാകി മിശ്ര പറഞ്ഞു. ഈ മാസം 11ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച നടത്തുന്നുണ്ട്. ഇതിനു ശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്നാണ് വിവരം.രാജ്യത്ത് കോവിഡ് ബാധിതരുടേയും വൈറസ് ബാധയെതുടര്‍ന്നുള്ള മരണങ്ങളും കൂടിവരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം. ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാണ്. സാമൂഹ്യ വ്യാപന ആശങ്കയും സജീവമാണ്. കേരളത്തില്‍ സമീപ ദിവസങ്ങളില്‍ രോഗബാധിരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും സാമൂഹ്യവ്യാപന ആശങ്കയില്‍നിന്ന് കേരളവും മുക്തമല്ല. മൂന്നു ഘട്ടമായേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാവൂ എന്ന് വ്യക്തമാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും കേരളം കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. കടുത്ത പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കാന്‍ ഇരിക്കുന്നതെന്ന സൂചനയും കക്ഷി നേതാക്കളുമായി സംസാരത്തില്‍ മോദി നല്‍കി. കോവിഡിന് മുമ്പുള്ളതായിരിക്കില്ല കോവിഡിനു ശേഷമുള്ള നാളുകള്‍ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്ക്. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, എന്‍.സി. പി തലവന്‍ ശരത് പവാര്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഇതിനിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്നലേയും വര്‍ധനവുണ്ടായി. 24 മണിക്കൂറിനിടെ 773 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തം മൊത്തം കോവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്ന് 5,149ല്‍ എത്തി. 24 മണിക്കൂറിനിടെ 32 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം മരണം 149ലെത്തി.