ലോക്ക്ഡൗണ്‍: മകനു വേണ്ടി 50കാരി സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

28
റസിയ ബീഗം മകന്‍ നിസാമുദ്ദിനൊപ്പം

ഹൈദരാബാദ്: ലോക്ക് ഡൗണ്‍ മൂലം മറുനാട്ടില്‍ കുടുങ്ങിയ മകനെ തിരികെ വീട്ടിലെത്തിക്കാന്‍ 50 കാരിയായ മാതാവ് ഇരു ചക്രവാഹനത്തില്‍ യാത്ര ചെയ്തത് 1400 കിലോമീറ്റര്‍. തെലങ്കാനയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായ റസിയ ബീഗമാണ് തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ ബോധനില്‍ നിന്ന് ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ വരെ തന്റെ ഇരുചക്ര വാഹനം ഓടിച്ചത്.
ഹൈദരാബാദിലെ നാരായണ മെഡിക്കല്‍ എന്‍ട്രന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മകന്‍ നിസാമുദ്ദീന്‍, സ്ഥാപനത്തിലെ സുഹൃത്തിന്റെ അസുഖ ബാധിതനായ പിതാവിനെ കാണാനാണ് നെല്ലൂരില്‍ പോയിരുന്നത്. ആ സമയത്താണ് രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ നിസാമുദ്ദീന്‍ നെല്ലൂരില്‍ കുടുങ്ങുകയയായിരുന്നു. നിസാമുദ്ദീന്റെ പിതാവ് അഞ്ചു വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു.
ഒരു സഹോദരനും സഹോദരിയും അടക്കം നാലംഗ കുടുംബമാണ് ഇവരുടേത്. മാര്‍ച്ച് 12നാണ് സുഹൃത്തിനൊപ്പം നിസാമുദ്ദീന്‍ നെല്ലൂരിലെത്തിയത്. പെട്ടെന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപെട്ടതോടെ അവന്‍ നെല്ലൂരില്‍ കുടുങ്ങുകയായിരുന്നുവെന്ന് മാതാവ് റസിയ ബീഗം പറഞ്ഞു. ഇതോടെ, ആശങ്കയിലായ താന്‍ മകനെ തിരിച്ച് കൊണ്ടുവരാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ബോധന്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ യു.വി ജയ്പാലിനെ കണ്ട് ആവശ്യപ്പെട്ടു. അദ്ദേഹത്തില്‍ നിന്ന് അനുമതി ലഭിച്ച ശേഷം തിങ്കളാഴ്ച രാവിലെ നെല്ലൂരിലേക്ക് യാത്ര തിരിച്ചു. ചൊവ്വാഴ്ച അവിടെയെത്തി. ഇരുവരും വ്യാഴാഴ്ച വൈകുന്നേരത്തോടെ ബോധനില്‍ തിരിച്ചെത്തി. 700 കിലോ മീറ്റര്‍ വീതം ഇരു ഭാഗത്തേക്കും വണ്ടി ഓടിക്കാനുണ്ടായിരുന്നതിനാല്‍ വിശപ്പ് അകറ്റാനുള്ള റൊട്ടിയും മറ്റും പാക്ക് ചെയ്ത് സ്‌കൂട്ടറുമായി യാത്ര പുറപ്പെടുകയായിരുന്നു.
വഴിയിലുടനീളം ചില സ്ഥലങ്ങളില്‍ നിര്‍ത്തി ദാഹം അകറ്റിയും പെട്രോള്‍ പമ്പുകളില്‍ നിര്‍ത്തി വണ്ടിയില്‍ ഇന്ധനം നിറക്കുകയും ചെയ്തായിരുന്നു യാത്ര. ഒരു ചെറിയ ഇരുചക്രവാഹനത്തില്‍ ഇത്രയും ദൂരമുള്ള യാത്ര ഒരു സ്ത്രീക്ക് ബുദ്ധിമുട്ടാണ്. പക്ഷേ എനിക്കെന്റെ മകനെ തിരിച്ചെത്തിക്കണം എന്നുമാത്രമാണ് ഉണ്ടായിരുന്നത്. അതെന്റെ എല്ലാ പേടിയും ഇല്ലാതാക്കി. ആളും അനക്കവുമില്ലാത്ത റോഡിലൂടെ രാത്രിയില്‍ പോയപ്പോള്‍ ചിലപ്പൊഴൊക്കെ പേടി തോന്നിയിരുന്നു – റസിയ ബീഗം പ്രതികരിച്ചു.