ഋഷികേഷ്: ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് കറങ്ങി നടന്ന വിദേശികളെക്കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് ഉത്തരാഖണ്ഡ് പൊലീസ്. ഋഷികേഷിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ തപോവന്‍ പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
തപോവന്‍ മേഖലയില്‍ ഗംഗാനദിക്ക് സമീപം കറങ്ങി നടക്കുകയായിരുന്ന വിവിധ രാജ്യക്കാരായ പത്തോളം പേരെയാണ് പൊലീസ് പിടികൂടിയത്. അമേരിക്ക, ഇസ്രാഈല്‍, ഓസ്‌ട്രേലിയ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് പിടിയിലായത്. ഗംഗാ നദീതീരത്ത് ഇവര്‍ കറങ്ങി നടക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് പിടികൂടി ഇംപോസിഷന്‍ എഴുതിപ്പിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ചില്ല, ക്ഷമിക്കണം’ എന്ന് 500 തവണ എഴുതിപ്പിച്ചതിന് ശേഷമാണ് വിദേശികളെ പൊലീസ് വിട്ടയച്ചത്.
ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കാതെ കുറച്ച് വിദേശികള്‍ തപോവാനിലെ സായ്ഘട്ട് സന്ദര്‍ശിച്ചതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തെത്തിയ വിദേശികളെ പിടികൂടുകയായിരുന്നു. രാവിലെ ഏഴുമണി മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പുറത്തിറങ്ങാമെന്നാണ് തങ്ങള്‍ കരുതിയതെന്നായിരുന്നു വിദേശികളുടെ വിശദീകരണം.
അവശ്യസാധനങ്ങള്‍ വാങ്ങിക്കാന്‍ മാത്രമെ പുറത്തിറങ്ങാന്‍ പാടൂള്ളുവെന്നും ഇങ്ങനെ കറങ്ങി നടക്കരുതെന്നും പൊലീസ് ഇവര്‍ക്ക് താക്കീത് നല്‍കി. തുടര്‍ന്ന് വെള്ളക്കടലാസുകള്‍ എത്തിച്ച് ഇവരെക്കൊണ്ട് 500 തവണ ഇംപോസിഷന്‍ എഴുതിക്കുകയായിരുന്നുവെന്ന് തപോവന്‍ പോലീസ് ഇന്‍ ചാര്‍ജായ വിനോദ് കുമാര്‍ പറഞ്ഞു.
മതിയായ കാരണമില്ലാതെ ലോക്ക്ഡൗണിനിടെ പുറത്തിറങ്ങി നടന്നതിന് കൊടുക്കുന്ന ഏറ്റവും ചെറിയ ശിക്ഷയാണിത്. ഇനിയും കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ബ്ലാക്ക്ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും പിന്നീട് ഇന്ത്യ സന്ദര്‍ശിക്കാനാകില്ലെന്നും വിദേശപൗരന്‍മാര്‍ക്ക് താക്കീത് നല്‍കിയതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.