ലോക്ക്ഡൗണ്‍ വൈറസിനെ പരാജയപ്പെടുത്തില്ല ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുകയാണ് മാര്‍ഗമെന്ന് രാഹുല്‍

11

ന്യൂഡല്‍ഹി: കോവിഡ് വൈറസിനെ ചെറുക്കാനുള്ള പ്രതിവിധി ലോക്ക്ഡൗണ്‍ അല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആക്രമണോത്സുകതയോടെ തന്ത്രപരമായി സാമ്പിള്‍ പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ലോക്ക്ഡൗണ്‍ ഒരു തരത്തിലും വൈറസിനെ പൂര്‍ണമായി പരാജയപ്പെടുത്തില്ല. കുറച്ചു നേരത്തേക്ക് വൈറസ് വ്യാപനം തടയാന്‍ മാത്രമേ ഇത് ഉപകരിക്കൂ.
വൈറസിനെ പരാജയപ്പെടുത്താനുള്ള ഏകമാര്‍ഗം പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് വൈറസിനെ മറികടക്കുകയാണ്. ഇതാണ് സര്‍ക്കാരിനുള്ള എന്റെ ഉപദേശം -രാഹുല്‍ പറഞ്ഞു. നിലവില്‍ പരിശോധനകളുടെ എണ്ണം വളരെ കുറവാണ്.
ഇത് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണ് ഞാന്‍ മുന്നോട്ടുവെക്കുന്നത്. പരിശോധനകള്‍ ആക്രമണോത്സുകതയോടെ വര്‍ധിപ്പിക്കുക.
പരമാവധി ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുകയും അത് തന്ത്രപരമായി നടത്തുകയും ചെയ്യുക. സംസ്ഥാനങ്ങളെ അവരുടെ പോരാട്ടത്തില്‍ സഹായിക്കുക. വീഡിയോ ആപ്പ് വഴി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് -19 നെതിരായ ഏറ്റവും വലിയ ആയുധം പരിശോധനയാണ്. പരിശോധനയിലൂടെ വൈറസ് വ്യാപനം അറിയാനാകും. മാത്രമല്ല നിങ്ങള്‍ക്ക് അതിനെ ഒറ്റപ്പെടുത്താനും അതിനെതിരെ പോരാടാനും കഴിയും. നമ്മുടെ പരിശോധനാ നിരക്ക് ഒരു ദശലക്ഷത്തില്‍ 199 ആണ്. കഴിഞ്ഞ 72 ദിവസത്തില്‍ പരിശോധനാ നിരക്ക് ഒരു ജില്ലക്ക് ശരാശരി 350 എന്ന നിലയിലാണ്.
ഇന്ത്യയില്‍ ഇതുവരെ 414 പേര്‍ മരിക്കുകയും 12,000-ത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. പരിശോധിക്കുന്നത് രോഗികളെ ട്രാക്കുചെയ്യുന്നതിന് മാത്രമല്ല, വൈറസ് എവിടേക്കാണ് നീങ്ങുന്നതെന്ന് മനസിലാക്കാനും പരിശോധനാഫലം ഉപയോഗിക്കുക.
കോവിഡ് 19-നെതിരെ നാം എല്ലാവരും ഒറ്റക്കെട്ടായി പോരാടണം. പരസ്പരം പഴിചാരിക്കൊണ്ടിരിക്കരുത്. അതിനു പകരം നമ്മുടെ വിഭവങ്ങള്‍ ശ്രദ്ധാപൂര്‍വം വിനിയോഗിക്കുകയും സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും പണം എത്തിക്കുകയുമാണ് വേണ്ടത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വന്‍സാമ്പത്തിക തിരിച്ചടി രാജ്യം നേരിടുമെന്നും രാഹുല്‍ പറഞ്ഞു. തൊഴിലില്ലായ്മ ഇതിനകം തന്നെ പ്രകടമായിക്കഴിഞ്ഞു. ജീവന്‍ രക്ഷിക്കുന്ന ശ്രമത്തിനിടയില്‍ നമ്മുടെ സാമ്പത്തിക രംഗത്തെ പൂര്‍ണമായും തകര്‍ക്കുന്നില്ലെന്നും നാം ഉറപ്പാക്കണം.
പ്രധാനമന്ത്രി സംസ്ഥാനങ്ങളുമായി വിശദമായ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോദിയുമായി തനിക്ക് നിരവധി കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ ഇപ്പോള്‍ പോരടിക്കുന്നതിനുള്ള സമയമല്ല.ഒന്നിച്ചുനിന്ന് വൈറസിനെ പരാജയപ്പെടുത്തണം. കേന്ദ്രം പ്രധാനപ്പെട്ട ഇടങ്ങളെ നിയന്ത്രിക്കണം.
അതേസമയം സംസ്ഥാനങ്ങള്‍ തങ്ങളുടെ പ്രദേശങ്ങള്‍ നിയന്ത്രിക്കണം. രാജ്യവ്യാപകമായി എര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ കുറിച്ച് വിമര്‍ശിക്കാനോ പോസ്റ്റ്‌മോര്‍ട്ടം നടത്താനോ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.
എന്നാല്‍ ഹോട്ട്‌സ്‌പോട്ടുകളല്ലാത്ത പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളായി മാറാതിരിക്കാന്‍ പരിശോധനകള്‍ നടത്തുന്നത് വളരെ പ്രധാനമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.