സ്പ്രിംഗ്ലര്‍ കരാറില്‍ മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിക്കും
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദത്തില്‍ സി.പി.ഐയില്‍ അതൃപ്തി പുകയുന്നു. മുന്നണിയിലെ ഘടക കക്ഷികളോട് ആലോചിക്കാതെയും മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെയും വിവാദ അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ട മുഖ്യമന്ത്രിയുടെ നടപടിയാണ് സി.പി.ഐ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ സി.പി.ഐ മുഖ്യമന്ത്രിയോട് തന്നെ നേരിട്ട് അതൃപ്തി അറിയിക്കുമെന്നാണ് വിവരം. അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ പരസ്യ ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്ന നിലപാടാണ് സി.പി.ഐ നേതൃത്വം കൈക്കൊണ്ടിട്ടുള്ളത്.
സി.പി.ഐയുടെ മന്ത്രിമാരും സംസ്ഥാന നേതാക്കളും പരസ്പരം ആശയ വിനിമയം നടത്തി യശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഇടപാടില്‍ തങ്ങളുടെ അതൃപ്തി സി.പി.ഐ നേതാക്കള്‍ നേരത്തെ സി.പി.എം നേതൃത്വത്തെ അനൗപചാരികമായി അറിയിച്ചിരുന്നു.
കരാറില്‍ ക്രമക്കേടും വന്‍ അഴിമതിയും നടന്നിട്ടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയതിനു പിന്നാലെയാണ് സി.പി.ഐയും നിലപാട് കടുപ്പിക്കുന്നത്. സ്പ്രിംഗ്ലര്‍ കമ്പനിയുമായി ഡേറ്റാ പങ്കുവയ്ക്കുന്നതു സംബന്ധിച്ച് കരാര്‍ ഒപ്പിട്ട ശേഷംപോലും വിവരം ബന്ധപ്പെട്ടവരാരും സി.പി.ഐ മന്ത്രിമാരെ അറിയിച്ചിരുന്നില്ലെന്നാണ് വിവരം. ഒരേ സര്‍ക്കാറിന്റെ ഭാഗമായിരുന്നിട്ടും മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായിരുന്നിട്ടും കടുത്ത വിവേചനമാണ് സി.പി.എം നേതൃത്വം കാണിക്കുന്നതെന്നാണ് സി.പി.ഐ വിലയിരുത്തല്‍.
മാത്രമല്ല, സ്പ്രിംഗ്ലര്‍ ഇടപാടിനു പിന്നില്‍ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷത്തിന്റെ നിലപാട് തന്നെയാണ് സി.പി.ഐ നേതൃത്വത്തിനുമുള്ളത്. ക്രമക്കേട് ഇല്ലെങ്കില്‍ എന്തുകൊണ്ട് സ്പ്രിംഗ്ലറുമായുള്ള ഇടപാട് പൊടുന്നനെ റദ്ദാക്കിയെന്ന ചോദ്യമാണ് ഉയരുന്നത്. ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ ജനങ്ങളുടെ ആശയക്കുഴപ്പം ദൂരീകരിക്കാന്‍ ഉതകും വിധം മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരണമെന്നും സി.പി.ഐ നേതാക്കള്‍ പറയുന്നു. മുഖ്യമന്ത്രി പിന്നില്‍ നിന്ന് ഐ ടി സെക്രട്ടറിയെ കൊണ്ട് പാവകളിപ്പിക്കുന്നത് കൂടുതല്‍ സംശയത്തിന് ഇടനല്കുന്നതായാണ് സി.പി.ഐ വിലയിരുത്തല്‍. പൗരന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദേശ കമ്പനിയുമായി പങ്കുവെക്കുന്ന നിര്‍ണായകമായ കരാര്‍ ആണെന്ന് അറിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുകയോ അനുമതി നേടുകയോ ചെയ്യാതിരുന്നതും ഗുരുതര വീഴ്ചയായി സി.പി.ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
വിദേശ കമ്പനികളുമായി കരാറൊപ്പിടുന്നതില്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നതടക്കം പ്രഥമദൃഷ്ട്യാ തന്നെ കരാറില്‍ നിരവധി ന്യൂനതകള്‍ കാണാന്‍ കഴിയും. കരാര്‍ ഇടതുപക്ഷ കക്ഷികളുടെ ഭാഗത്തുനിന്നുള്ള നയവ്യതിയാനമായി വരും നാളുകളില്‍ ദേശീയ തലത്തില്‍ തന്നെ സജീവ ചര്‍ച്ചയായേക്കുമെന്നും സി.പി.ഐ കരുതുന്നു. സി.പി.എമ്മിലെ പിണറായി വിരുദ്ധ സൈബര്‍ പോരാളികള്‍ ഇപ്പോള്‍തന്നെ വിഷയത്തില്‍ ഒളിപ്പോര് ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കരാറില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നാണ് സി.പി.ഐ കരുതുന്നത്.
ഇതിനിടെ ഇന്നലെയും മുഖ്യമന്ത്രി ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’ ല്‍ ആണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ, തന്നെ അപകീര്‍ത്തിപെടുത്താനുള്ള ശ്രമം മാത്രമാണെന്നും ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പുറകെ പോകേണ്ട സമയമല്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയത്.