മലപ്പുറം: പ്രതിപക്ഷ എം.എല്‍.എ എന്തെങ്കിലും സംശയം ഉന്നയിച്ചാല്‍ അതിന് മാന്യമായി മറുപടി പറയുകയാണ് വേണ്ടതെന്നും എന്നാല്‍ സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുകയാണെന്നും കെ.എം ഷാജിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം പ്രതികാര നടപടിയാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം എല്ലാ സഹകരണവും നല്‍കി വരുന്നുണ്ട്. പാര്‍ട്ടിയില്‍ പോലും ഇതുവരെ കേള്‍ക്കാത്ത കേസ് ആണിത്. ഇതിലൂടെ കേസ് എടുത്തവരുടെ വിശ്വാസ്യതക്കാണ് കോട്ടം തട്ടിയിരിക്കുന്നത്. സഹിഷ്ണുതയോടെ മറുപടി പറയേണ്ടത്തിന് പകരം പ്രതികാര നടപടിയിലേക്ക് നീങ്ങുന്നത് ശരിയല്ല. ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാതെ പുതിയ വിവാദങ്ങളുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഉന്നയിച്ച ആള്‍ക്കെതിരെ കേസ് എടുക്കുന്നു. നിലവില്‍ ജനങ്ങള്‍ ഒട്ടെറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അവരുടെ നീറുന്ന പ്രശ്‌നങ്ങള്‍ ആരും കേള്‍ക്കുന്നില്ല. കേന്ദ്രത്തില്‍ ചെയ്യുന്ന പോലെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുകയാണ് എങ്കില്‍ വിജിലന്‍സിന്റെയും സര്‍ക്കാറിന്റെയും വിശ്വാസ്യത നഷ്ടപ്പെടും. പാര്‍ട്ടിയുടെ ഒരു വേദിയിലും ഇത്തരത്തില്‍ ഒരു പരാതി കേട്ടിട്ടില്ല. ഇതുവരെ കേള്‍ക്കാത്ത പരാതി പെട്ടന്ന് എവിടെ നിന്നാണ് പൊങ്ങിവന്നത്. എല്ലാവരും നല്‍കുന്ന കനത്ത സഹകരണത്തെ വിലമതിക്കാതെ സര്‍ക്കാറിന് വിവാദങ്ങളുണ്ടാക്കാനാണ് ഇഷ്ടം. ഫണ്ട് വിനിയോഗത്തെ കുറിച്ച് പറഞ്ഞാല്‍ അതിന് വ്യക്തമായ മറുപടിയാണ് വേണ്ടത്. എം.എല്‍.എമാര്‍ക്ക് നല്‍കുന്ന വിഹിതത്തിലെ സര്‍ക്കാര്‍ സമീപനത്തെ കുറിച്ച് പരാമര്‍ശിച്ചാല്‍ അതിന് സര്‍ക്കാര്‍ നിലപാടാണ് അറിയേണ്ടത്. സര്‍ക്കാറിന്റെ ഫണ്ടില്‍ നിന്നും വ്യക്തികള്‍ക്ക് നല്‍കിയതിന്റെ കണക്ക് ചോദിച്ചാല്‍ അതിന് മുന്‍ മുഖ്യമന്ത്രിയുടെ കുടുംബത്തന് പണം നല്‍കിയില്ലേ എന്നല്ല ഉത്തരം. ഏറ്റവും ബഹുമാനം നിറഞ്ഞ സി.എച്ചിനെ പോലും ഇതിലേക്ക് വലിച്ചിടാന്‍ ശ്രമം നടത്തിയെങ്കിലും ആരും ഏറ്റുപിടിച്ചില്ല. ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് മറുപടിയില്ലാതെ കേസ് എടുത്തിട്ട് കാര്യമില്ല.
ഈ ലോക്ക് ഡൗണ്‍ കാലത്ത് ഇത് ഒട്ടും ശരിയായ രീതിയല്ല. സര്‍ക്കാരാണ് രാഷ്ട്രീയം കളിക്കുന്നത്. ഇത്തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ രീതി ശരിയല്ലെന്നും സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ പെറുമാറണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.