വിമര്‍ശനങ്ങളില്‍ ആരോഗ്യകരമായ ചര്‍ച്ചക്ക് തയ്യാറാവുകയാണ് വേണ്ടത്: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണയാണ് മുസ്‌ലിംലീഗ് സര്‍ക്കാറിന് നല്‍കുന്നതെന്നും എന്നാല്‍ ഒരു ഘട്ടത്തിലും വിമര്‍ശിക്കില്ല എന്ന് കരുതരുതെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യകരമായ വിമര്‍ശനമാണ് സര്‍ക്കാറിനെതിരെ കെ.എം ഷാജി നടത്തിയത്. അത് അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞുവെന്നേയുള്ളൂ. കെ.എം ഷാജി ഉന്നയിച്ച വിമര്‍ശനം അദ്ദേഹത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. വിമര്‍ശിക്കുന്നവരെ വികൃത മനസ്സെന്നു പറഞ്ഞ് ഒഴിവാക്കരുതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഫണ്ട് രാഷ്ട്രീയമായി ഉപയോഗിച്ചെന്ന ആരോപണം മുസ്‌ലിംലീഗ് നേരത്തേ ഉന്നയിച്ചതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് മുസ്‌ലിംലീഗ് എതിരല്ല. എന്നാല്‍ ഫണ്ട് വകമാറ്റി ചെലവഴിക്കാനാവില്ല. പ്രളയസമയത്തും ഓഖി ദുരന്തസമയത്തും ഉണ്ടായ വീഴ്ചകള്‍ ആവര്‍ത്തിക്കരുത്. കോവിഡ് കാലത്ത് വിമര്‍ശനമില്ലാത്ത കേരളമുണ്ടാവും എന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും പ്രതീക്ഷിക്കരുത്.
സന്നദ്ധ പ്രവര്‍ത്തനം പോലും കുത്തകയാക്കാനുള്ള രാഷ്ട്രീയ നീക്കം സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായി. മുസ്‌ലിം യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡ് നടത്തിയ മെഡി ചെയിനെപ്പോലും തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടായി. മരുന്ന് നല്‍കുന്നതിനും ഭക്ഷണം നല്‍കുന്നതിനും തടസ്സം നില്‍ക്കുന്നത് അംഗീകരിക്കാനാവില്ല. ഇതിനെ രൂക്ഷമായി വിമര്‍ശിക്കുകയും സര്‍ക്കാറിനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. ഇതാണ് പ്രതിപക്ഷ ധര്‍മം. പഞ്ചായത്തുകള്‍ ഏറ്റെടുത്ത് ചെയ്യുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷ സംഘടനകളുടെ കുത്തകയാക്കാന്‍ ശ്രമം നടത്തുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.