ലുധിയാന: നിശ്ചയിച്ച വിവാഹത്തിന് വീട്ടിലെത്താനായി യുവാവ് സൈക്കിളില്‍ സഞ്ചരിച്ചത് 850 കിലോമീറ്റര്‍. സോനു കുമാര്‍ ചൗഹാന്‍ എന്ന യു.പിയിലെ മഹാരാജ്ഗഞ്ച് സ്വദേശിയാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് താന്‍ ജോലിചെയ്യുന്ന പഞ്ചാബിലെ ലുധിയാനയില്‍ നിന്നും സ്വന്തം ഗ്രാമത്തിലേക്ക് സൈക്കിളില്‍ ഇത്രയും ദൂരം സഞ്ചരിച്ചത്.
ലുധിയാനയില്‍ നിന്ന് സൈക്കിളില്‍ യാത്ര തിരിക്കുമ്പോള്‍ സോനുകുമാറിന്റെ മുന്നില്‍ ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏപ്രില്‍ 15-നാണ് വിവാഹം നിയശ്ചയിച്ചിരിക്കുന്നത്, എങ്ങനെയെങ്കിലും വീട്ടിലെത്തണം.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സൈക്കിള്‍ ചവിട്ടി 850 കിലോ മീറ്റര്‍ പിന്നിട്ട ആ യാത്ര പക്ഷേ അവസാനിച്ചത് ബല്‍റാംപുറിലെ ക്വാറന്റൈന്‍ ക്യാമ്പിലായിരുന്നു. ലുധിയാനയിലെ ഒരു ടൈല്‍സ് കമ്പനിയിലെ ജീവനക്കാരനാണ് സോനു കുമാര്‍ ചൗഹാന്‍.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ ഏപ്രില്‍ 15-ന് സോനുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ വിവാഹം നടത്താനായിരുന്നു സോനുവിന്റെയും വീട്ടുകാരുടെയും തീരുമാനം. ഇതിനായി മൂന്നുസുഹൃത്തുക്കള്‍ക്കൊപ്പം സോനു ലുധിയാനയില്‍ നിന്ന് സൈക്കളില്‍ യാത്ര പുറപ്പെട്ടു.
ഒരാഴ്ച രാപകല്‍ വ്യത്യാസമില്ലാതെ നാല്‍വര്‍ സംഘം സൈക്കിള്‍ ചവിട്ടി. 850 കിലോമീറ്റര്‍ പിന്നിട്ട് ഞായറാഴ്ച ബല്‍റാംപുരിലെത്തിയ ഇവരെ പക്ഷേ അധികൃതര്‍ തടയുകയായിരുന്നു.
വിവാഹത്തിനാണ് പോകുന്നതെന്നും ആഘോഷമൊന്നുമില്ലെന്നും സോനു പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഇവരെ നേരെ ക്വാറന്റൈന്‍ ക്യാമ്പിലേക്ക് വിടുകയായിരുന്നു.
ഇവിടെ നിന്നും 150 കിലോ മീറ്റര്‍ അകലെയുള്ള വീട്ടില്‍ ഞാന്‍ എത്തിയിരുന്നെങ്കില്‍ ആഘോഷമൊന്നുമില്ലാതെ വിവാഹം നടക്കാനുള്ള സാധ്യതയുണ്ടായിരുന്നു.
എന്നാല്‍ ഒരുപാട് അപേക്ഷിച്ചെങ്കിലും പൊലീസ് എന്നെ വീട്ടില്‍ പോകാന്‍ അനുവദിച്ചില്ല സോനു പറയുന്നു. മഹരാജ്ഗഞ്ച് ജില്ലയിലാണ് സോനുവിന്റെ വീട്. എന്നാല്‍ ആരോഗ്യം തന്നെയാണ് മുഖ്യമെന്നും വിവാഹം മറ്റൊരിക്കല്‍ നടത്താന്‍ കഴിയുമെന്നും സോനു പറയുന്നു.