ലക്നോ: മുന്നൊരുക്കമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണില്‍ ദുരിതത്തിലായി ഉത്തര്‍പ്രദേശിലെ ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികളും. വീടെത്താന്‍ 500 കിലോമീറ്ററാണ് ഇവര്‍ക്ക് പിന്നിടേണ്ടത്.
പുസ്തകങ്ങളും വസ്ത്രങ്ങളുമടങ്ങിയ ബാഗും തലയിലേറ്റി കൊടുംചൂടില്‍ കാല്‍നടയായി ലക്ഷ്യസ്ഥാനത്തേക്ക്. വിശപ്പ് മാറ്റാന്‍ കയ്യിലുള്ളത് കുറച്ച് ബിസ്കറ്റും വെള്ളവും മാത്രം. എല്ലാവരും ബറേലിയിലെ രോഹില്‍ഖണ്ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ്. ബറേലിയില്‍ നിന്ന് കിഴക്കന്‍ ഭാഗത്തുള്ള വാരണാസിലേക്കാണ് നാലംഗ വിദ്യാര്‍ത്ഥി സംഘത്തിന്റെ യാത്ര.
250 കിലോമീറ്റര്‍ പിന്നിട്ട് യു.പി തലസ്ഥാനമായ ലക്നോവിലെത്തി. ഇനി താണ്ടേണ്ടത് 320 കിലോമീറ്റര്‍. ലക്നോവിലെ 30 ഡിഗ്രി ചൂടിലും പിഴയ്ക്കാത്ത ചുവടുകളുമായി അവര്‍ വരാണസിയിലേക്ക് വെച്ചുപിടിക്കുകയാണ്. ലക്നോവിലെ അംബേദ്കര്‍ പാര്ക്കിന് സമീപമെത്തിയപ്പോള്‍ അവിടെ കണ്ട സെക്യൂരിറ്റി ഗാര്‍ഡിനോട് സംഘത്തിലൊരാളായ രോഹിത് പാണ്ഡെ ചോദിച്ചു. ”സുല്‍ത്താന്‍പൂര്‍-ബനാറസ് ഹൈവേയിലേക്ക് എത്ര ദൂരമുണ്ട്. ഏകദേശം 10 കിലോമീറ്റര്‍ – ഗാര്‍ഡ് മറുപടി നല്കി.
ഒരു നെടുവീര്‍പ്പിട്ട് നാലംഗ സംഘം വീണ്ടും നടന്നു തുടങ്ങി. മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് ഈ വഴി തെരഞ്ഞെടുത്തതെന്ന് മറ്റൊരു വിദ്യാര്‍ത്ഥി മിശ്ര പറഞ്ഞു. ഞങ്ങള്‍ സാധാരണക്കാരുടെ മക്കളാണ്. കയ്യിലുള്ള പണം തീര്‍ന്നു. താമസ സൗകര്യവും ഇല്ലാതായി. പിന്നെ എന്തു ചെയ്യും – നിറകണ്ണുകളോടെ അദ്ദേഹം ചോദിച്ചു.
വിശ്രമിക്കാന്‍ നേരമില്ല. എങ്ങനെയും വീടണയണമെന്ന് മാത്രമാണ് ചിന്ത – സംഘത്തിലുള്ള ശുഭം സിങ് പറഞ്ഞു. പലയിടങ്ങളിലും പൊലീസ് ഇവരെ തടഞ്ഞിരുന്നു. ആവശ്യം വ്യക്തമാക്കുന്നതോടെ പോവാന്‍ അനുവദിക്കും. തടഞ്ഞാല്‍ ഇവര്‍ക്ക് സൗകര്യം ഒരുക്കികൊടുക്കേണ്ടിവരുമെന്നോര്ത്ത് അവര്‍ കൈയൊഴിയുകയായിരുന്നു.
രാജസ്ഥാനിലെ കോട്ടയില്‍ പഠിക്കുന്ന ഉന്നതരുടെ മക്കളെ തിരികെയെത്തിക്കാന്‍ നിരവധി ബസുകളാണ് കഴിഞ്ഞ ദിവസം യു.പി സര്‍ക്കാര്‍ അങ്ങോട്ടയച്ചത്. എന്നാല്‍ പാവപ്പെട്ടവരോട് യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മുഖം തിരിച്ചു.