മലപ്പുറം: ലോകജനത കോവിഡ് എന്ന മഹാമാരിയുടെ ഭയത്തിനു മുന്നില്‍ നില്‍ക്കെ ആഗതമാകുന്ന പരിശുദ്ധ റമസാനിനെ അചഞ്ചലമായ ദൈവ വിശ്വാസത്തിലൂന്നിയ ആരാധനാ കര്‍മങ്ങളുടെയും അതിരറ്റ കാരുണ്യത്തിന്റെയും പരസ്പര സഹായത്തിന്റെയും സന്ദര്‍ഭമായി കരുതണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു. മാനവകുലത്തിന് മാര്‍ഗദര്‍ശനമായി വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ ഈ മാസം ആയിരം രാവുകളെക്കാള്‍ പുണ്യമേറിയ ലൈലത്തുല്‍ഖദ്ര്‍ എന്ന ഒറ്റ രാത്രിയുടെ ശ്രേഷ്ഠതകൂടിയുള്ളതാണ്. ‘നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായിത്തീരുവാന്‍ വേണ്ടി’ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ നോമ്പിന്റെ ചരിത്രവും തത്വശാസ്ത്രവുമായി വ്യക്തമാക്കുന്നത്.
ആരാധനകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നല്ല വാക്കിനും ചിന്തക്കും സല്‍പ്രവൃത്തിക്കും ദൈവീക പ്രതിഫലം പതിന്മടങ്ങായി ഉറപ്പുലഭിച്ചിട്ടുള്ള മാസം. ഒരു വൈറസ് കണത്തിന് മുന്നില്‍ മാനവരാശി പകച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണമായ ദൈവീക സമര്‍പ്പണത്തിലൂടെ ആര്‍ജിച്ചെടുക്കുന്ന ആത്മവിശ്വാസവും മാനസിക ബലവും സ്വന്തത്തെ എന്നപോലെ സമൂഹത്തേയും പരിഗണിച്ച് അവര്‍ക്ക് താങ്ങായി നില്‍ക്കാനുള്ള സന്നദ്ധതയും പ്രധാനമാണ്. റമസാന്‍ വ്രതാനുഷ്ഠാനം ദൈവത്തിങ്കല്‍ ഏറ്റവും പ്രതിഫല സിദ്ധമായ ആരാധന എന്നതിനൊപ്പം മനുഷ്യന്റെ ജീവിത, ആരോഗ്യ, മാനസിക ഘടനയെ സംസ്‌കരിച്ചെടുക്കുന്നതിനുള്ള മഹത്തായ ഉപാധികൂടിയാണ്. സര്‍വ സമൂഹത്തിനും കാലത്തിനുമായി നിര്‍ണയിച്ചിട്ടുള്ള റമസാന്‍ വ്രതം ഇന്ന് ലോകം നേരിടുന്ന കടുത്ത പരീക്ഷണത്തെ അഭിമുഖീകരിക്കാന്‍ മനുഷ്യനെ പ്രാപ്തമാക്കുന്ന അനുഷ്ഠാനമാണ്. സമ്പന്നനും ദരിദ്രനും ഭേദമില്ലാതെ വിശപ്പിന്റെയും ദാഹത്തിന്റെയും കാഠിന്യവും അപരന്റെ ജീവിതാവസ്ഥകളും അനുഭവിച്ചറിയാന്‍ റമസാന്‍ പ്രേരണയാകുന്നു. അതുകൊണ്ടുതന്നെ അനുഷ്ഠാന കര്‍മങ്ങളും പ്രാര്‍ത്ഥനകളും പോലെ കഷ്ഠതയനുഭവിക്കുന്നവരിലേക്ക് ദാന ധര്‍മത്തിന്റെ കൈകള്‍ നീട്ടാനും വിശ്വാസി ബാധ്യസ്ഥനാകുന്നു. വിശ്വാസികള്‍ പുലര്‍ത്തേണ്ട പൊതുവായ അച്ചടക്കത്തിലും വ്രതമനുഷ്ഠിക്കുന്നവന്റെ ആത്മ നിയന്ത്രണത്തിലും സമൂഹത്തിന് മാതൃകകളുണ്ട്. ഒരാളുടെ പ്രവൃത്തി മറ്റൊരാള്‍ക്ക് ദോഷമായി തീരരുത്. ആരുടെയെങ്കിലും അച്ചടക്ക രാഹിത്യവും പെരുമാറ്റ ദൂഷ്യവും തലമുറകള്‍ക്കും സമൂഹത്തിനും ഭാവിയില്‍ ഭാരമായി തീരാന്‍ ഇടവരരുത്.
വിശുദ്ധ റമസാന്‍ ആരാധനാലയങ്ങളെ പ്രാര്‍ത്ഥനാ സാന്ദ്രമാക്കുന്ന വ്രതനിഷ്ഠമായ ഒരുപാട് ഒത്തുചേരലുകളുടെ സന്ദര്‍ഭമായിരുന്നു. പക്ഷേ ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തിന് മുന്നില്‍ നമ്മുടെ പരമ്പരാഗത രീതികള്‍ പലതും തത്കാലം മാറ്റിവെക്കാനും ആചാര ശീലങ്ങളില്‍ ക്രമീകരണങ്ങള്‍ വരുത്താനും ഓരോരുത്തരും ബാധ്യസ്ഥമായിരിക്കുന്നു. അതുകൊണ്ട് ഈ വര്‍ഷത്തെ റമസാന്‍ ഓരോ വിശ്വാസിയിലും കൂടുതല്‍ ഉത്തരവാദിത്തം ഏല്‍പിക്കുന്നു. പരമദരിദ്രരായവര്‍പോലും ജോലിയും വരുമാന മാര്‍ഗങ്ങളുമെല്ലാം ഉപേക്ഷിച്ചും പൊതുഇടങ്ങള്‍ അടച്ചിട്ടും ഗതാഗതം ഒഴിവാക്കിയും മറ്റും നമ്മുടെ സംസ്ഥാനം ആര്‍ജ്ജിച്ചെടുത്തിട്ടുള്ള ഈ അനുകൂല സാഹചര്യം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് കോവിഡ് പ്രതിരോധയജ്ഞത്തിനു എല്ലാവരും ശക്തമായ പിന്തുണ നല്‍കണം. ആരാധനാനുബന്ധമായി സാമൂഹിക ഒത്തുചേരലുകള്‍ ഏറെയുള്ള റമസാനിലും തറാവീഹ് ഉള്‍പ്പെടെയുള്ള എല്ലാ സംഘടിത നമസ്‌കാരങ്ങളും അവരവരുടെ വീടുകളില്‍ വെച്ചു മാത്രം നിര്‍വഹിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ മഹല്ല് കമ്മിറ്റികളും ഖത്തീബ് ഇമാം ചുമതല വഹിക്കുന്നവരും ജാഗ്രത പുലര്‍ത്തണം. വിശുദ്ധ റസമാനില്‍ അവരവരുടെ വീടുകളെ ആരാധനാലയങ്ങളും പാഠശാലകളുമാക്കികൊണ്ട് പ്രാര്‍ത്ഥനയും പഠനവുമെല്ലാമായി ജീവിതം ചിട്ടപ്പെടുത്തുക. ജോലിയും വരുമാന മാര്‍ഗവുമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ അവരുടെ വീടുകളില്‍ എത്തിച്ചുനല്‍കണം. സാമൂഹികമായ അകലം പാലിക്കുമ്പോഴും മാനസികമായ അടുപ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. സമൂഹത്തില്‍ നന്മയുടെയും സാഹോദര്യത്തിന്റെ വെളിച്ചം പരത്തുകയും ആരോഗ്യപൂര്‍ണമായ അന്തരീക്ഷം സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നതിന് വേണ്ടി ഈ പരിശുദ്ധ റമസാനിലെ പ്രാര്‍ത്ഥന സാന്ദ്രമായ, ഭക്തിപൂര്‍ണമായ രാപകലുകള്‍ പ്രയോജനപ്പെടണം.