
ജനീവ: കൊവിഡ് 19 ഭീഷണി ഏറെക്കാലം തുടരുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഡോനാം ഗബ്രീയേസസ്.ലാറ്റിന്‍ അമേരിക്കയിലും ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും രോഗബാധ കുതിച്ചുയരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, യു.എസ് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത് നിര്‍ത്തിവെച്ച നടപടി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആഗോളമഹാമാരി അവസാനിപ്പിക്കുന്നതിലാണ് പൂര്‍ണ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.
മിക്ക രാജ്യങ്ങളിലും പകര്‍ച്ചവ്യാധിയുടെ ആദ്യ ഘട്ടമാണ് കാണുന്നത്. ഏറ്റവുമാദ്യം രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ വീണ്ടും രോഗബാധ ഉയരുന്നതായും കാണുന്നുണ്ട്. അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഒരു പിഴവും വരുത്തരുത്. നമുക്ക് വളരെ ദൂരം പോകാനുണ്ട്. ഈ വൈറസ് നമ്മോടൊപ്പം കുറേക്കാലം കാണും. അതേസമയം, പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാകുകയോ കുറയുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ചൈനീസ് ഭരണകൂടം വൈറസ് ബാധ സംബന്ധിച്ച വിവരം ലോകാരോഗ്യസംഘടനക്ക് യഥാസമയം കൈമാറിയില്ലെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ആരോപണം. കോവിഡ് 19 ബാധ ലോകാരോഗ്യസംഘടന മോശമായാണ് നേരിടുന്നതെന്ന് കാണിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഘടനക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്തി വെക്കുകയായിരുന്നു. സംഘടനക്കു ലഭിക്കുന്ന ഫണ്ടിന്റെ സിംഹഭാഗവും യുഎസില്‍ നിന്നായതിനാല്‍ ഇത് തിരിച്ചടിയാകുമെന്നാണ് ഡബ്ല്യൂ.എച്ച്.ഒ യുടെ വിലയിരുത്തല്‍. എന്നാല്‍ യു.എസ് തീരുമാനം പിന്‍വലിക്കുമെന്നും ജീവന്‍ രക്ഷിക്കാനുള്ള ലോകാരോഗ്യസംഘടനയുടെ ദൗത്യത്തെ തുടര്‍ന്നും പിന്തുണക്കുമെന്നുമാണ് കരുതുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള നിരോധനം പെട്ടെന്നു പിന്‍വലിക്കരുതെന്നും ഇത് ശ്രദ്ധാപൂര്‍വം ചെയ്യേണ്ടതാണെന്നും സംഘടനയുടെ അടിയന്തര വിഭാഗത്തിലെ വിദഗ്ധന്‍ ഡോ. മൈക്ക് റയന്‍ മുന്നറിയിപ്പ് നല്‍കി. സൊമാലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കഴിഞ്ഞയാഴ്ച രോഗബാധയില്‍ 300 ഇരട്ടിയോളം വര്‍ധനവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആഫ്രിക്കയില്‍ കോവിഡ് 19 രോഗബാധ ആരംഭഘട്ടത്തില്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നിലവില്‍ രോഗബാധ കണ്ടെത്താനുള്ള നിരീക്ഷണസംവിധാനങ്ങളുള്ളത് 76 ശതമാനം രാജ്യങ്ങള്‍ക്ക് മാത്രമാണെന്നും രാജ്യങ്ങള്‍ മുന്നൊരുക്കങ്ങള്‍ തുടരണമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. വൈറസിനെതിരെയുള്ള ലോകത്തിന്റെ പ്രതിരോധത്തില്‍ പല പാളിച്ചകളുമുണ്ടെന്നും എല്ലാ സംവിധാനങ്ങളും ഒരുക്കിയ ഒരു രാജ്യം പോലുമില്ലെന്നും ഡയറക്ടര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. അതേസമയം, ലോകാരോഗ്യ സംഘടന തീരുമാനമെടുക്കാന്‍ വൈകിയെന്ന ആരോപണം അദ്ദേഹം തള്ളി. ജനുവരി 30ന് തന്നെ ഇത് ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമായിരുന്നു മൊത്തം റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ രാജ്യങ്ങള്‍ക്ക് മുന്‍കരുതല്‍ സ്വീകരിക്കുന്നതിന് ആവശ്യത്തിന് സമയവുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.