സംസ്ഥാനത്ത് നിയന്ത്രണം തുടരാന്‍ ശുപാര്‍ശ

39

മൂന്നു ഘട്ടമായേ നിയന്ത്രണങ്ങള്‍ നീക്കാവുവെന്ന് സര്‍ക്കാര്‍ നിയോഗിച്ച കര്‍മ്മ സമിതി

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് കര്‍മസമിതി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് അയച്ചു കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഈ മാസം 14 വരെയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ നിയന്ത്രണം വരും ദിവസങ്ങളിലും തുടരണമെന്നാണ് സമിതിയുടെ ശുപാര്‍ശ. ഏപ്രില്‍ 15 മുതല്‍ മൂന്നു ഘട്ടമായി മാത്രമേ ലോക്ഡൗണ്‍ പിന്‍വലിക്കാവു. ഓരോ ദിവസത്തെയും കേസുകളും വ്യാപനരീതികളുമാണ് അടിസ്ഥാന മാനദണ്ഡം. രോഗവ്യാപനം കൂടിയാല്‍ ഉടന്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നത് ജനത്തെ അറിയിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. വിദഗ്ധസമിതി നിര്‍ദേശം ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ഒരാഴ്ച കൂടി കഴിഞ്ഞാല്‍ ലോക്ഡൗണ്‍ എങ്ങനെ പരിഗണിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. അന്തിമ തീരുമാനം കേരളം ബുധനാഴ്ച കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. 14 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളാണു നിര്‍ദേശങ്ങളിലുള്ളത്. ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളായാണു നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക.

ഒന്നാം ഘട്ടം
ഒന്നാംഘട്ടത്തില്‍ നിയന്ത്രണം ഇളവു വരുത്തണമെങ്കില്‍ ഏപ്രില്‍ ഏഴു മുതല്‍ 13 വരെയുള്ള വിലയിരുത്തല്‍ കാലത്ത് ഒരു പുതിയ രോഗി പോലും ആ ജില്ലയിലുണ്ടാകരുത്. ഈ കാലത്ത് ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പത്തുശതമാനത്തില്‍ കൂടരുത്. ജില്ലയില്‍ ഒരിടത്തും ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടാകരുത്. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തണം. ആരോഗ്യപ്രവര്‍ത്തകരെയും മറ്റും കൊണ്ടുപോകുന്ന ബസുകളില്‍ ആളുകളെ നിര്‍ത്തിക്കൊണ്ടുപോകരുത്. സീറ്റിങ് കപ്പാസിറ്റി അനുസരിച്ചേ കൊണ്ടുപോകാവൂ. 65 വയസ്സിനു മുകളില്‍ പ്രായമുള്ള കാന്‍സര്‍, പ്രമേഹം, രക്താദിസമ്മര്‍ദ രോഗികളെ പുറത്തുവിടരുതെന്നും നിര്‍ദേശമുണ്ട്. ഒറ്റ-ഇരട്ട അക്കങ്ങള്‍ അനുസരിച്ച് സ്വകാര്യവാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നിരത്തിലിറക്കാം. എന്നാല്‍ ആരാധനാലയങ്ങള്‍ അടച്ചിടണം. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണം. മരണാനന്തര ചടങ്ങുകളില്‍ ആളുകള്‍ കൂടരുത്. റെയില്‍ – വ്യോമ മാര്‍ഗത്തില്‍ സംസ്ഥാനത്തേക്ക് ജനങ്ങളെ അനുവദിക്കരുത്. എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജ്വല്ലറി എന്നിവ തുറന്നു പ്രവര്‍ത്തിക്കരുത്. പുറത്തിറങ്ങണമെങ്കില്‍ മുഖാവരണം വേണം. ആധാറോ, തിരിച്ചറിയല്‍ കാര്‍ഡോ കൈവശം വേണം. യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണം. ഒരാളെ മാത്രമേ ഒരു വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാവൂ. മൂന്ന് മണിക്കൂര്‍ മാത്രമായിരിക്കും പുറത്തുപോകാന്‍ അനുവദിക്കുന്ന സമയം. ഞായറാഴ്ചകളില്‍ കര്‍ശനമായ വാഹന നിയന്ത്രണം വേണം. അഞ്ച് പേരില്‍ കൂടുതല്‍ ഒരാവശ്യത്തിന് ഒത്തുചേരരുത്. മതപരമായ ചടങ്ങുകള്‍ക്കും കൂട്ടം കൂടരുത്. ബാങ്കുകള്‍ക്കു സാധാരണ പ്രവൃത്തി സമയം അനുവദിക്കാം.
രണ്ടാം ഘട്ടം
രണ്ടാംഘട്ടത്തില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ക്കു വരെ പങ്കെടുക്കാം. അന്തര്‍ജില്ലാ ബസുകള്‍ക്ക് സര്‍വീസ് നടത്താം. ഓട്ടോയ്ക്കും ടാക്‌സികള്‍ക്കും നിബന്ധനകളോടെ സര്‍വീസ് നടത്താം. രണ്ടാംഘട്ടത്തിന്റെ വിലയിരുത്തല്‍ കാലയളവില്‍ ഒരു പുതിയ കേസുപോലും ഉണ്ടാകരുത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചു ശതമാനത്തില്‍ കൂടരുത്. ഒരു കോവിഡ് ഹോട്‌സ്‌പോട്ടും പാടില്ല.
മൂന്നാം ഘട്ടം
മൂന്നാംഘട്ടത്തില്‍, ആ ജില്ലയില്‍ ഒരു രോഗിപോലും വിലയിരുത്തല്‍ കാലഘട്ടത്തില്‍ ഉണ്ടാകാന്‍ പാടില്ല. അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കാം. ആഭ്യന്തരവിമാന സര്‍വീസുകള്‍ ആരംഭിക്കാം. വിദേശത്തുനിന്ന് മലയാളികളെ കൊണ്ടുവരാം. മറ്റ് യാത്രികരെ ഒഴിവാക്കണം. മാളുകളും ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിപ്പിക്കാം. ബെവ്‌കോയ്ക്ക് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാം. വിവാഹത്തിനും മരണാന്തര ചടങ്ങുകള്‍ക്കും മൂന്നാംഘട്ടത്തിലും നിയന്ത്രണങ്ങള്‍ ഉണ്ടാകും.14 ദിവസത്തിനിടെ ഒരു കോവിഡ് കേസും ഉണ്ടാകരുത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചു ശതമാനത്തില്‍ താഴെയാകണം.