സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്താല്‍ ചോദിക്കുക തന്നെ ചെയ്യുമെന്ന് കെ.എം ഷാജി

കോഴിക്കോട്: ദുരിതാശ്വാസ നിധി ദുര്‍വിനിയോഗവും ധൂര്‍ത്തും വിമര്‍ശിച്ചതിന് വ്യക്തിപരമായി അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തിലൂടെ മറുപടിയുമായി മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍എ. പിണറായി വിജയന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം. കണക്ക് ചോദിക്കാതിരിക്കാന്‍ ഇത് കമ്യൂണിസ്റ്റ് രാജ്യമല്ല; ജനാധിപത്യ രാജ്യമാണ്. പണം കൊടുത്തിട്ടുണ്ടെങ്കില്‍ അത് ചോദിക്കാനും അവകാശമുണ്ട്. മുസ്‌ലിംലീഗ് സഹായിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. പിന്നെ ചോദിക്കുന്നതില്‍ എന്താണ് പ്രശ്‌നം. തനിക്ക് എം.എല്‍.എ ശമ്പളം തടയപ്പെട്ടിട്ടും സ്വന്തം കയ്യില്‍ നിന്നെടുത്താണ് അതിന് തതുല്ല്യമായ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇത് നേര്‍ച്ചപ്പെട്ടിയില്‍ ഇടുന്ന പണമല്ല. ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത പണത്തിന്റെ കണക്ക് ചോദിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സ്പ്രിംഗ്‌ളര്‍ വിവാദമാണ് മുഖ്യമന്ത്രിയുടെ പ്രകോപനത്തിന് കാരണമെന്നും കെ.എം ഷാജി വ്യക്തമാക്കി.
ദുരിതാശ്വാസ നിധിയില്‍ നിന്ന് സി.പി.എമ്മിന്റെ ഒരു എം. എല്‍.എക്കും ഒരു ഇടതുനേതാവിനും പണം നല്‍കി. ബാങ്കിലെ കടം തീര്‍ക്കാന്‍ ലക്ഷങ്ങളാണ് നല്‍കിയത്. ഗ്രാമീണ റോഡുകള്‍ നന്നാക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് ആയിരം കോടി രൂപ ചെലവഴിച്ചു. പ്രളയവുമായി ബന്ധമില്ലാത്ത പ്രദേശങ്ങളിലാണ് ഇത് ചെലവഴിച്ചത്. ഷുഹൈബിന്റെയും ഷുക്കൂറിന്റെയും ഉള്‍പ്പെടെയുളള കേസുകള്‍ വാദിക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം ചെലവഴിച്ചെന്നതെന്നാണ് ലഭ്യമായ വിവരം. രണ്ടു കോടി രൂപയാണ് വക്കീല്‍ ഫീസായി നല്‍കിയത്. ഇനി ദുരിതാശ്വാസ നിധിയില്‍ നിന്നല്ല പണം ചെലവഴിച്ചതെങ്കില്‍ ഇതിന്റെ കണക്ക് വെളിപ്പെടുത്താന്‍ എന്താണ് മുഖ്യമന്ത്രി തയ്യാറാവാത്തതെന്നും ഷാജി ചോദിച്ചു.
പ്രളയമല്ല, കോവിഡ് അല്ല, അതിന്റെ അപ്പുറത്തുളള ദുരന്തം വന്നാലും അരിയില്‍ ഷുക്കൂറിന്റെയും ശരത്‌ലാലിന്റെയും കൃപേഷിന്റെയും ഷുഹൈബിന്റെയും ഉമ്മമാരുടെ കണ്ണുനീരിന്റെയത്രയും വരില്ല. കോവിഡ് കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടോ. മൂക്കിന്റെ തുമ്പ് വരെ പ്രളയജലം എത്തിയാലും രാഷ്ട്രീയം പറയും. മുഖ്യമന്ത്രിയുടെ പി.ആര്‍ വര്‍ക്കിന് ചെലവഴിക്കുന്ന കോടികള്‍ എവിടെനിന്നാണെന്ന് വ്യക്തമാക്കണം. പ്രളയഫണ്ടായി 8000 കോടിയാണ് ലഭിച്ചത്. ഇതില്‍ രണ്ടായിരം കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. ബാക്കി അയ്യായിരം കോടി രൂപയിലേറെ ഫണ്ടില്‍ കിടക്കുകയാണ്. എന്നിട്ടും കാക്കനാട്ടെ സഖാവ് പണം അടിച്ചു മാറ്റുമ്പോള്‍ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് പണം ലഭിക്കാതെ വയനാട്ടില്‍ രണ്ടു പ്രളയം അതിജീവിച്ച ഒരാള്‍ ആത്മഹത്യ വരെ ചെയ്തു.
ദുരിതാശ്വാസ നിധിയിലെ ഫണ്ട് ചെലവഴിക്കേണ്ടതിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചു. അടിയന്തര ആശ്വാസം എന്നാണ് മാനദണ്ഡത്തില്‍ പറയുന്നത്. പ്രളയം കഴിഞ്ഞിട്ട് എട്ടുമാസം പിന്നിട്ടിട്ടും ഇപ്പോഴുംസഹായം ലഭിക്കാത്തവരുണ്ട്.ദുരിതാശ്വാസ നിധിയിലെ 46 കോടി വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട് കേസ് ലോകായുക്തയുടെ പരിഗണനയിലാണ്. മറ്റുളളവരെ പേടിപ്പിച്ച് നിശബ്ദമാക്കാമെന്ന് കരുതേണ്ട. പാര്‍ട്ടി ഓഫീസുകളിലെ സഹപ്രവര്‍ത്തകരല്ല പ്രതിപക്ഷത്ത്് ഇരിക്കുന്നവര്‍. മുഖ്യമന്ത്രി പറയുന്നത് കേട്ട് മുട്ടു വിറക്കുന്നവരല്ല പൊതുസമൂഹം. നികൃഷ്ടജീവി, കുലംകുത്തി, പരനാറി എന്നൊക്കെ പിണറായി പലരെയും വിളിച്ചിരുന്നു. തനിക്ക് വികൃത മനസ്സാണ് എന്നാണ് പിണറായി വിജയന്‍ പറയുന്നത്. അത് ജനങ്ങള്‍ തീരുമാനിക്കട്ടെ. തന്നെകൊണ്ട് ഒരമ്മക്കും മകനെ നഷ്ടപ്പെട്ടിട്ടില്ല. ഒരു കുട്ടിക്കും അച്ഛനെ നഷ്ടപ്പെട്ടിട്ടില്ല. ഒരു ഭാര്യക്കും ഭര്‍ത്താവിനെ നഷ്ടപ്പെട്ടിട്ടില്ല. ഒരു കുടുംബവും വഴിയാധാരമായിട്ടില്ല. ആരുടെ വികൃത മനസ്സുകൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്ന് നാട്ടുകാര്‍ക്ക് നന്നായി അറിയാം. പിണറായിയുടെ പഴയ മുഖം ആരും മറന്നിട്ടില്ലെന്നും ഷാജി ഓര്‍മ്മിപ്പിച്ചു.