സര്‍ക്കാര്‍ സഹായമില്ല; ചികിത്സക്ക് പണം കണ്ടെത്താനാവാതെ ഡയാലിസിസ് രോഗികള്‍

എറണാകുളം ജനറല്‍ ആസ്പത്രിയിലെ ഡയാലിസിസ് സെന്റര്‍.

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ചികിത്സക്ക് പണം കണ്ടെത്താനാകാതെ ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍. ജനങ്ങള്‍ പുറത്തിറങ്ങുന്നത് സംബന്ധിച്ച് നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സാധാരണക്കാരായ രോഗികളുടെ ആശ്രിതര്‍ക്ക് ജോലിക്ക് പോകാനാകാത്ത സ്ഥിതി വന്നതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ഇതിന് പുറമേ സര്‍ക്കാരില്‍ നിന്നും യാതൊരു സാമ്പത്തിക സഹായവും ഇത്തരക്കാര്‍ക്ക് ലഭിക്കാത്തതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഏറെ കുഴക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ തീരുംവരെ സ്വകാര്യ ആസ്പത്രികളില്‍ ചികിത്സ സൗജന്യമാക്കുകയോ ഇളവുകളോ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. സംസ്ഥാനത്ത് രണ്ടരലക്ഷത്തിലധികം വൃക്കരോഗികളുണ്ടെന്നാണ് കണക്ക്. ഇതില്‍ എഴുപത് ശതമാനം പേര്‍ തുടര്‍ച്ചയായ ഡയാലിസിസിന് വിധേയരാകുന്നുണ്ട്. മുക്കാല്‍ ശതമാനവും സ്വകാര്യ ആസ്പത്രികളെയാണ് ആശ്രയിക്കുന്നത്. ദിവസ വേതനക്കാരായ പലരും ശമ്പളത്തില്‍ നിന്ന് ഒരു വിഹിതം മാറ്റി വച്ചായിരുന്നു ചികിത്സ നടത്തിയിരുന്നത്. ഒരു ദിവസം ഡയാലിസിസിന് ശരാശരി 4000 രൂപയോളം ചെലവ് വരുമെന്ന് രോഗികള്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇത്രയും വലിയ തുക മാസാമാസം കണ്ടെത്തുക ഏറെ ദുഷ്‌കരമാണ്. ലോക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതോടെ പലരുടെയും ചികിത്സ മുടങ്ങുന്ന സ്ഥിതിയാണ്. ആഴ്ചയില്‍ കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്നവരാണ് ഭൂരിഭാഗം രോഗികളും.
ഇതിന് പുറമേ എല്ലാമാസവും രക്ത പരിശോധനയും പതിനഞ്ച് ദിവസം കൂടുമ്പോള്‍ നടത്തേണ്ട ഹീമോ ഗ്ലോബിന്റെ അളവ് കണ്ടെത്തുന്ന പരിശോധനക്കും വേറെ തുക കണ്ടെത്തുകയും വേണം. നിര്‍ധനരായ ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിനായി പല സന്നദ്ധ സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത്തരം സംഘടനകള്‍ക്കും താങ്ങാവുന്നതിലപ്പുറമാണ് ചെലവുകളെന്നും രോഗികള്‍ പറയുന്നു. ഭൂരിഭാഗം ആളുകളും നിലവില്‍ സ്വകാര്യ ആസ്പത്രികളെയാണ് ഡയാലിസിസിനായി ആശ്രയിക്കുന്നത്. തീരെ നിവൃത്തിയില്ലാത്തവര്‍ സര്‍ക്കാര്‍ ആസ്പത്രികളെ ആശ്രയിക്കാനാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം. സര്‍ക്കാര്‍ ആസ്പത്രികളില്‍ നിലവില്‍ രോഗികളുടെ ബാഹുല്യമാണ്.
ഈ സാഹചര്യത്തില്‍ ചികിത്സ മുടങ്ങാതിരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും രോഗികള്‍ക്കായി സഹായം പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. നിര്‍ധനരായ ഡയാലിസിസ് രോഗികള്‍ക്ക് യുഡിഎഫ് നേതൃത്വത്തിലുള്ള എറണാകുളം ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് നിലവില്‍ ഡയാലിസിസ് ചെയ്യുന്ന സ്വകാര്യ ആസ്പത്രികളില്‍ തന്നെ സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാക്കുന്നതിനാണ് തുക വിനിയോഗിക്കുക. കാസര്‍ക്കോട് ജില്ലാ പഞ്ചായത്തും ഡയാലിസിസ് രോഗികള്‍ സൗജന്യ ചികിത്സ ഉറപ്പ് നല്‍കിയിട്ടുണ്ട്.