കൊച്ചി: വ്യക്തിഗത വിവരങ്ങളും ആളുകളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങളും സ്പ്രിംക്ലറിന് കൈമാറരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വ്യക്തികളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. വ്യക്തികളുടെ വിവരങ്ങള്‍ വാണിജ്യ ആവശ്യത്തിനു ഉപയോഗിക്കരുതെന്നും സ്പ്രിംക്ലറിനു ഹൈക്കോടതി നിര്‍ദ്ദേശം നല്കി. കമ്പനിയുടെ ഉന്നമനത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ പേരോ മുദ്രയോ ഉപയോഗിക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.
അടിയന്തര സാഹചര്യം എന്നാല്‍ പ്രശ്നം ഉണ്ടാക്കാനുള്ള സാഹചര്യം അല്ലെന്ന് ഓര്‍മ്മിപ്പിച്ച കോടതി എന്തുകൊണ്ടാണ് സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തതെന്ന് ആവര്‍ത്തിച്ച് ചോദിച്ചു. സ്്പ്രിംഗ്ളറിനു മാത്രമായി എന്തു യോഗ്യതയാണുള്ളതെന്നും കോടതി ആരാഞ്ഞു.
കോവിഡിനെതിരെയുള്ള പോരാട്ടം നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രസ്താവനയിലെ പല കാര്യങ്ങളിലും ഇപ്പോള്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
വിശ്വാസ്യത പരിഗണിച്ചാണ് സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തതെന്ന് സര്‍ക്കാര്‍ നിയോഗിച്ച സൈബര്‍ വിദഗ്ധയായ അഭിഭാഷക എന്‍.എസ്. നാപ്പിനൈ കോടതിയില്‍ വാദിച്ചെങ്കിലും ലോകത്ത് ഈ കാര്യം ചെയ്യാന്‍ സ്പ്രിംക്ലര്‍ മാത്രമേയുള്ളോയെന്നു കോടതി മറുചോദ്യമുന്നിയിച്ചു. ഐടി സെക്രട്ടറി ചാനലില്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു. വ്യക്തികളുടെ സ്വകാര്യതയില്‍ ലംഘനമുണ്ടായാല്‍ വിലക്കുമെന്നും കോടതി വ്യക്തമാക്കി. സ്പ്രിംഗ്ളറിന്റെ കൈവശമുണ്ടായിരുന്ന ഡാറ്റ സംസ്ഥാന സര്‍ക്കാരിന്റെ സെര്‍വറിലേക്ക് മാറ്റിയിട്ടുണ്ടെന്നു സര്‍ക്കാര്‍ കോടതിയില്ബോധിപ്പിച്ചു. എങ്കില്‍ സ്പ്രിംഗ്ളറിന്റെ കൈവശം ഏതെങ്കിലും തരത്തിലുള്ള ഡാറ്റയുടെ പകര്‍പ്പോ മറ്റോ ഉണ്ടെങ്കില്‍ നശിപ്പിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.
സ്പ്രിംക്ലര്‍ കരാര്‍ റദ്ദാക്കണമെന്നത് അടക്കമുള്ള ഹരജികളാണ് കോടതി പരിഗണിച്ചത്. സ്പ്രിംക്ലര്‍ ഇടപാട് സംബന്ധിച്ച് വസ്തുതകള്‍ മൂടിവെക്കാന്‍ ശ്രമിക്കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കാര്യങ്ങളെ സര്‍ക്കാര്‍ ലാഘവത്തോടെ കാണരുത്, ഡാറ്റ ശേഖരിക്കുന്നതിന് ഇന്ത്യന്‍ കമ്പനികളെ എന്തുകൊണ്ട് സമീപിച്ചില്ലെന്നും കോടതി ചോദിച്ചു. എന്നാല്‍ സ്പ്രിംക്ലര്‍ സൗജന്യ സേവനം നല്കാന് തയാറായെന്നും അടിയന്തര സാഹചര്യത്തിലാണ് സ്പ്രിംക്ലറിനെ സമീപിച്ചതെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. സര്‍ക്കാര്‍ ഉണ്ടാക്കിയ ഡാറ്റ എന്തിന് വേണ്ടി ഉപയോഗിക്കും എന്നത് വ്യക്തമല്ലെന്നും കരാര്‍ നല്കാന് തീരുമാനം എടുത്തത് ആരാണെന്നും അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിഭാഷകന് ടി ആസഫലി വാദിച്ചു. ആശ വര്‍ക്കര്‍മാര്‍ മുഖേന ശേഖരിച്ച ഡാറ്റ സ്പ്രിംക്ലറില് അപ്ലോഡ് ചെയ്യുമ്പോള്‍ കരാര്‍ പോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു. വ്യക്തിവിവരങ്ങളുടെ സ്വകാര്യത തന്നെയാണ് വലിയ പ്രശ്നമെന്നും കരാര്‍ റദ്ദാക്കാന്‍ കോടതി ഇടപെടണമെന്നും കെ സുരേന്ദ്രന്റെ അഭിഭാഷകനും കോടതിയില്‍ ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധത്തിന് വേണ്ടി ഡാറ്റാ കൈമാറ്റം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറുമായി ഉണ്ടാക്കിയ കരാറില്‍ സ്വകാര്യതാ പോളിസി വ്യക്തമല്ലെന്ന് അഡ്വ. ബാലു ഗോപാല്‍ കോടതിയില്‍ ബോധിപ്പിച്ചു. നിലവില്‍ അപ്ലോഡ് ചെയ്ത ഡാറ്റയെ കുറിച്ചാണ് പരാതിയെന്നും ഇദ്ദേഹം വാദിച്ചു. ഡാറ്റ മോഷണം നടന്നു എന്നത് പരാതിക്കാരന് തന്നെ തെളിയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും സാധാരണക്കാരന് ഇതെങ്ങനെ സാധ്യമാകുമെന്നുമാണ് ഹര്ജിക്കാരന് കോടതിയില്‍ ചോദ്യം ഉന്നയിച്ചു. ഡാറ്റ അനലിസ്റ്റ് ആയ ബിനോഷ് അലക്സ് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയും കോടതി പരിഗണിച്ചു. ഇപ്പോള്‍ കിട്ടിയ ഡാറ്റയില്‍ നിന്ന് ഒരു രണ്ടാം ഘട്ട ഡാറ്റ ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്നും ഇത്തരത്തില്‍ സെക്കന്‍ഡറി ഡാറ്റ തയാറാക്കുന്നത് വിലക്കി ഇടക്കാല ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഏതെങ്കിലും രേഖകളുടെ പകര്‍പ്പുകള്‍ ഉണ്ടെങ്കില്‍ നശിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടത്. മൂന്നാഴ്ചക്ക് ശേഷം ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.