ശമ്പളം ജീവനക്കാരുടെ അവകാശം; നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: കോവിഡ് 19ന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സാലറി കട്ട് ഉത്തരവിന് ഹൈക്കോടതി സ്റ്റേ. സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും ജീവനക്കാരില്‍ നിന്നും പിടിച്ചെടുക്കുന്ന തുക എങ്ങനെ ചെലവഴിക്കുമെന്ന് പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശമ്പളം ജീവനക്കാരുടെ ഔദാര്യമല്ല, മറിച്ച് അവകാശമാണ്. നിയമപരമായി ഇല്ലാത്ത അവകാശം പ്രയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം ഇല്ലെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ശമ്പളം പിടിച്ചുവെക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ വിവാദ ഉത്തരവ് രണ്ടു മാസത്തേക്ക് കോടതി സ്റ്റേ ചെയ്തു. അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഹര്‍ജി പരിഗണിച്ചതെന്നും കോടതി വിശദീകരിച്ചു.
പകര്‍ച്ച വ്യാധി തടയല്‍ നിയമത്തിന്റെയും ദുരന്ത പരിപാലന നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി തള്ളി. പ്രസ്തുത നിയമങ്ങളൊന്നും ശമ്പളം പിടിക്കാന്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിന്റെ ഉത്തരവ് നിയമ വാഴ്ചക്ക് ചേരുന്നതല്ല. അതിനു നിയമത്തിലെ യാതൊരു പിന്‍ബലവുമില്ല. ശമ്പളം ലഭിക്കാനുള്ള ജീവനക്കാരന്റെ അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നതും 300 ാം അനുച്ഛേദത്തിന്റെ പരിധിയില്‍ പെടുന്നതുമാണ്. സര്‍ക്കാരിന്റെ ഉദ്ദേശ്യം എന്തുതന്നെയായാലും അത് നടപ്പിലാക്കുന്നത് നിയമത്തിന്റെ ചട്ട കൂട്ടില്‍ നിന്നുകൊണ്ടായിരിക്കണമെന്നും കോടതി ഓര്‍മിപ്പിച്ചു. ഏത് ചട്ടം അനുസരിച്ചാണ് ശമ്പളം പിടിച്ചുവയ്ക്കാന്‍ ഉള്ള ഉത്തരവ് പുറത്തിറക്കുന്നത് എന്ന് പറയുന്നില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ജീവനക്കാരോട് സ്വമേധയാ പണം തരണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. സര്‍വീസ് ചട്ടപ്രകാരം ശമ്പളം സ്വമേധയാ മാത്രമേ നല്‍കാവൂ. ശമ്പളത്തില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പിടിച്ചെടുക്കുന്ന തുക എന്ന് തിരിച്ച് തരുമെന്ന് ഉത്തരവില്‍ ഇല്ല. ജീവനക്കാരന് കിട്ടുന്ന ശമ്പളം സേവനത്തിനുളള പ്രതിഫലമായി കണക്കാക്കിയാല്‍ നിയമവിധേയമായി മാത്രമേ പിടിച്ചെടുക്കാന്‍ കഴിയൂ. ഭരണ ഘടനയുടെ 300 ാം അനുച്ഛേദം അത് ഉറപ്പു നല്‍കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്തിന്റെ പേരില്‍ ആയാലും ശമ്പളത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസ ശമ്പളത്തില്‍ കുറവ് വരുത്തിയത് സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്നും കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (കെ.എസ്.ടി.യു), സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് (എസ്.ഇ.യു), കേരള ഹയര്‍ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയന്, (കെ.എച്ച്.എസ്.ടി.യു), സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് (എസ്.ജി.ഒ,യു) കേരള അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷന്(കെ.എ.ടി.എഫ്) കോണ്‍ഫഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) എന്നീ സംഘടനകളുടെ ഭാരവാഹികളായ അബ്ദുള്‍ കരീം പടുകുണ്ടില്‍, എ.എം അബൂബക്കര്‍, ഇസ്മായില്‍ സേട്ട്, അബ്ദുള്‍ ലത്തീഫ്, സലാഹുദ്ദീന് പി.എച്ച്, അബ്ദുള്‍ ഹഖ് എന്നിവര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. സി.ആര് രഖേഷ് ശര്‍മ്മ വാദിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ അടക്കം ശമ്പളം പിടിച്ചു വാങ്ങുന്നത് നീതീകരിക്കാനാവാത്തതാണെന്നും ലോക്ക്ഡൗണ്‍ കാലത്ത് എല്ലാ മേഖലയിലുമുള്ള ജീവനക്കാരുടെയും ശമ്പളം ഉറപ്പു വരുത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമാണ് കേരള സര്‍ക്കാര്‍ തീരുമാനം. സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്റെ പി.എഫും ലോണുകളുമടക്കമുള്ള പിന്‍വലിക്കലുകള്‍ക്ക് ശേഷം കയ്യില്‍ കിട്ടുന്ന നാമമാത്രമായ തുക കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ പോക്കറ്റില്‍ നിന്ന് അവരുടെ സമ്മതമില്ലാതെ ശമ്പളം പിടിച്ചു വാങ്ങുന്ന സര്‍ക്കാര്‍ ആദ്യം ധൂര്‍ത്തുകളും അനാവശ്യ ചെലവുകളുമാണ് ഒഴിവാക്കേണ്ടതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
ഒരു പ്രത്യേക സമയത്തിനുള്ളില്‍ ശമ്പളം കൊടുക്കണം എന്ന് പറയുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. പിടിച്ചെടുക്കുന്ന ശമ്പളം കൊടുക്കാതെ ഇരിക്കില്ല. നീട്ടി വെക്കുക മാത്രമാണ് ചെയ്യുന്നുതെന്നും സര്‍ക്കാര്‍ . സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് സമാനമായ തീരുമാനം നേരത്തെ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങള്‍ ഇറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞു.കേസിലെ വസ്തുതകളും വാദങ്ങളും കണക്കിലെടുത്താല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രഥമ ദൃഷ്ട്യാ നിലനില്ക്കുന്നതല്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ സിംഗിള്‍ ബെഞ്ച് സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തത്.