സുപ്രീംകോടതിയില്‍ കര്‍ണാടകക്ക് തിരിച്ചടി

അതിര്‍ത്തി തുറക്കണം: ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ റോഡുകള്‍ ആടിയന്തര ആസ്പത്രി ആവശ്യങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന കേരള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാതെ സുപ്രീംകോടതി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച കര്‍ണാടക സര്‍ക്കാറിന് തിരിച്ചടിയാണ് ഇടക്കാല ഉത്തരവ്. അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് കര്‍ണാടക സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രശ്‌നങ്ങള്‍ ഇരു സംസ്ഥാനങ്ങളും ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കണമെന്ന് വ്യക്തമാക്കിയ കോടതി, ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തു. ഇരു സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യമുള്ളതായിരിക്കും സംയുക്ത സമിതി. കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി സമിതിയുടെ അധ്യക്ഷനായിരിക്കും. ഇരു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ അംഗങ്ങളുമായിരിക്കും. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണം. അതുവരെ അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടണം. രോഗികളെ കടത്തിവിടാന്‍ മാര്‍ഗരേഖ തയ്യാറാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും ഈ സമയത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ പുരോഗതി അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. കേരള  കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാടക സര്‍ക്കാര്‍ അടച്ചിട്ട ദേശീയ പാത അടിയന്തര ആവശ്യങ്ങള്‍ക്കായി തുറക്കണമെന്ന് ബുധനാഴ്ച രാത്രിയാണ് കേരള ഹൈക്കോടതി ഉത്തരവിട്ടത്. ഇതേതുടര്‍ന്ന് റോഡ് തുറക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിര്‍ത്തി കടക്കുന്നവരെ പരിശോധിക്കുന്നതിനായി ഡോക്ടറെ ഉള്‍പ്പെടെ നിയോഗിക്കുകയും ചെയ്‌തെങ്കിലും പിന്നീട് അതിര്‍ത്തി തുറക്കാതെ കര്‍ണാടക സര്‍ക്കാര്‍, ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. അതേസമയം അത്യാസന്ന നിലയിലുള്ള രോഗികളുമായി എത്തിയ ആംബുലന്‍സുകള്‍ ഇന്നലേയും കര്‍ണാടകം അതിര്‍ത്തിയില്‍ തടഞ്ഞു തിരിച്ചയച്ചു. ഇതിനിടെ ദക്ഷിണ കന്നഡ ജില്ലയിലെ എട്ട് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക്, കേരളത്തില്‍നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഇതിനു പിന്നാലെയായിരുന്നു സുപ്രീംകോടതി ഉത്തരവ്.