സ്പ്രിംഗ്ലര്‍ ഇടപാടിലെ നിയമലംഘനവും അഴിമതിയും; നിയമനടപടി ആലോചിച്ച് യു.ഡി.എഫ്‌

24

കൊച്ചി: സ്പ്രിംഗ്ലര്‍ കരാറിന്റെ ഉത്തരവാദിത്തമേറ്റ ഐ.ടി സെക്രട്ടറിയെ നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ എംപി. ഐ ടി സെക്രട്ടറിയുടെ കുറ്റസമ്മതം ഗൗരവതരമാണ്. പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് സര്‍ക്കാര്‍ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്താന്‍ സിപിഎം പൊളിറ്റ്ബ്യുറോ തയാറാകണമെന്നും സംഭവത്തെ കുറിച്ച് വിശദമായി പഠിച്ച ശേഷം നിയമനടപടിയെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്പ്രിംഗ്ലര്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നും യുഡി എഫ് കണ്‍വീനര്‍ ആരോപിച്ചു. സ്പ്രിംഗ്ലറിന്റെ സേവനവുമായി ബന്ധപ്പെട്ട ഡാറ്റ ഉപയോഗിക്കാനുള്ള ആഗോള അവകാശം കമ്പനിക്ക് നല്‍കിയത് എന്തിനാണെന്നും മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ പ്രകാരം ഡാറ്റ കൈകാര്യം ചെയ്യാനുള്ള പൂര്‍ണ അവകാശം സ്പ്രിംഗ്ലര്‍ കമ്പനിക്കാണ്. ഐടി വിഭാഗവും സ്പ്രിംഗ്ലറും തമ്മിലുള്ള കരാറില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ആഗോള തലത്തില്‍ ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നമ്മുടെ എല്ലാ അവകാശങ്ങളും തീറെഴുതി കൊടുത്തുകൊണ്ടാണ് സ്പ്രിംഗ്ലര്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. തര്‍ക്കമുണ്ടായാല്‍ ന്യൂയോര്‍ക്കിലെ കോടതിക്ക് മാത്രമേ ഇടപെടാനാകൂവെന്നും കരാറില്‍ പറയുന്നുണ്ട്. സെന്‍സിറ്റീവ് ആയ വിവരങ്ങളാണ് കമ്പനി ശേഖരിക്കുന്നത്. കോവിഡ് രോഗികളുടെയും ജീവിതശൈലി രോഗങ്ങളുടെയും വിവരം വരെ കമ്പനിക്ക് ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വസനീയത നഷ്ടപ്പെട്ടതിന് ഉത്തരവാദി മുഖ്യമന്ത്രിയുടെ പാര്‍ട്ടി നേതാക്കള്‍ തന്നെയാണ്. കെ. എം. ഷാജി എംഎല്‍എ ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ പൊതു സമൂഹത്തിനു അറിയാവുന്നതാണ്. ഒരു ഫേസ്ബുക്കില്‍ പോസ്റ്റില്‍ മുഖ്യമന്ത്രി ഇത്ര അസ്വസ്ഥനാകേണ്ട കാര്യം എന്തെന്ന് മനസിലാകുന്നില്ല. ദുരിതാശ്വാസ നിധിയില്‍ അഴിമതി നടന്നിട്ടില്ല എന്ന് തെളിയിക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്. അധികാരത്തില്‍ ഇരിക്കുന്ന ആളുകള്‍ക്ക് ബാധിക്കുന്ന വൈറസാണ് ഏറ്റവും വലിയ അപകടം. കേരളത്തിലും ഇത്തരം ഫാസിസ്റ്റ് വൈറസ് ബാധിച്ച ഭരണാധികാരികളുണ്ട്. എതിര്‍ക്കുന്നവരെ കൊല്ലാനും പ്രതികാരം തീര്‍ക്കാനും ശ്രമിച്ചിട്ടുള്ള എല്ലാ ഭരണാധികാരികളുടെയും സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കുട്ടയിലാണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.