സ്പ്രിംഗ്ലര്‍ ഡാറ്റാ ഇടപാട്;സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി ഹൈക്കോടതി

കൊച്ചി: സ്പ്രിംഗ്ലര്‍ കമ്പനിക്ക് കരാര്‍ അനുസരിച്ച് നല്‍കുന്ന ആരോഗ്യ സംബന്ധമായ രേഖകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുണ്ടോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. ഇന്നു തന്നെ ഹര്‍ജിയില്‍ രേഖാമൂലം എതിര്‍വാദം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എതിര്‍വാദം സമര്‍പ്പിക്കാന്‍ സ്പ്രിംഗ്ലര്‍ കമ്പനക്ക് ഇമെയില്‍ അയക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അഡ്വക്കേറ്റ് ബാലുഗോപാല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ടി ആര്‍ രവി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹര്‍ജി പരിഗണിച്ചത്.
കോവിഡ് വ്യാധിക്കു ശേഷം ഡാറ്റാ വ്യാധി ഉണ്ടാകരുതെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. സ്പ്രിംഗ്ലര്‍ കമ്പനിക്കു കരാര്‍ നല്‍കാനുണ്ടായ സാഹചര്യവും നിയമ വകുപ്പുമായി കൂടിയാലോചന നടത്തിയില്ലെന്ന ആരോപണത്തില്‍ കാരണം വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ മറുപടി അപകടകരമാണെന്നും കോടതി നിരീക്ഷിച്ചു.
കോവിഡ് രോഗികളില്‍നിന്നും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ സുപ്രധാനമാണെന്നും അത് സ്വകാര്യ കമ്പനികള്‍ക്കു ഉപയോഗിക്കാന്‍ കഴിയരുതെന്നും വിവര സുരക്ഷാ ഉറപ്പാക്കണമെന്നും കോടതി സര്‍ക്കാരിനോട് വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ സ്വകാര്യ ആവശ്യത്തിനായി മറ്റാരെങ്കിലും ഉപയോഗിച്ചാല്‍ സര്‍ക്കാര്‍ ആയിരിക്കും ഉത്തരവാദിയെന്നും കോടതി വ്യക്തമാക്കി. സ്പ്രിംഗ്ലര്‍ കരാറില്‍ നിയമ നടപടികള്‍ ന്യൂയോര്‍ക്ക് കോടതിയില്‍ ആണെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത് എന്തിനെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കണം. ഡാറ്റ സംരക്ഷണം ഉറപ്പുവരുത്തി മാത്രമേ വിവരശേഖരണം പാടുള്ളൂവെന്നും ഇക്കാര്യത്തില്‍ വ്യക്തികളുടെ സ്വകാര്യതയും സമ്മതവും പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
വിവര ശേഖരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൂടെയെന്നും തിടുക്കത്തില്‍ സ്പ്രിംഗ്ലര്‍ കമ്പനിയുടെ സേവനം തേടിയതിന്റെ കാരണവും കോടതി ആരാഞ്ഞു. വ്യക്തികളുടെ സെന്‍സിറ്റീവ് ഡാറ്റ അല്ല ശേഖരിക്കുന്നതെന്ന സര്‍ക്കാര്‍ വാദം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്നു കോടതി വ്യക്തമാക്കി. ഈ നിലപാടിനെ കേന്ദ്ര സര്‍ക്കാരും അംഗീകരിച്ചില്ല. ശേഖരിക്കുന്ന വിവരങ്ങള്‍ രാജ്യത്തിന് പുറത്തു പോകുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിക്കുകയായിരുന്നു. എന്തിനാണ് മൂന്നാമത് ഒരു കമ്പനിയെ ഡേറ്റാ ശേഖരണം ഏല്‍പിച്ചതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം. സംസ്ഥാനത്തിന് സ്വന്തമായി ഐ ടി വിഭാഗം ഇല്ലേ? രണ്ടുലക്ഷം പേരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോലും സര്‍ക്കാരിന് കഴിയില്ലേ? എന്നും കോടതി ചോദിച്ചു. സേവനം എന്ന നിലയില്‍ മാത്രമാണ് സോഫ്ട് വെയര്‍ ഉപയോഗിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി.
കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള ആമസോണ്‍ സെര്‍വറിലാണ് കോവിഡ് വിവരങ്ങള്‍ സൂക്ഷിക്കുന്നതെന്നും സേവനം സൗജന്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു. കൂടാതെ പതിനെട്ടു ലക്ഷത്തോളം പേരുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടതെന്നും അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ കെ രവീന്ദ്രനാഥ് ബോധിപ്പിച്ചൂ.
നിലവില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ കൈമാറുന്നത് തടഞ്ഞു കൊണ്ട് കോടതി പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നില്ലെന്നും എന്നാല്‍ വിവര സുരക്ഷാ ഉറപ്പുവരുത്തണമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഹര്‍ജിയില്‍ അടിയന്തിരപ്രാധാന്യമുണ്ടെന്നും കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയ കോടതി ബുധനാഴ്ച തന്നെ എതിര്‍വാദം രേഖാമൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.