സ്പ്രിംഗ്ലര്‍ വിവാദം; സര്‍ക്കാര്‍ മൗനം വെടിയണം: കുഞ്ഞാലിക്കുട്ടി

14

മലപ്പുറം: സ്പ്രിംഗ്ലര്‍ വിവാദം അന്വേഷിക്കാന്‍ സമിതിയെ വെക്കുന്നതിന് പകരം സര്‍ക്കാര്‍ കൃത്യമായി മറുപടി പറയുകയാണ് വേണ്ടതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കോടതി പോലും ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. പ്രതിപക്ഷത്തെ അവഗണിക്കും പോലെ കോടതിയെ അവഗണിക്കാന്‍ ആവില്ല. മുഖ്യമന്ത്രി ഈ വിഷയത്തില്‍ കൃത്യമായി പ്രതികരിക്കാന്‍ തയാറാവണം. മറുപടി പറയാതെ ഏറെ കാലം ഇരിക്കാനാവുമെന്ന് കരുതേണ്ട. സര്‍ക്കാറിന്റെ പുതിയ അന്വേഷണസമിതിയുടെ സ്ഥിതിയും റിപ്പോര്‍ട്ടുമെല്ലാം ജനങ്ങള്‍ക്ക് മനസിലാവുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സാലറി ചലഞ്ചിനെ പൂര്‍ണമായും എതിര്‍ക്കുന്നില്ല. ശേഖരിക്കുന്ന ഫണ്ട് ഈ പ്രതിസന്ധിയില്‍പ്പെട്ടവര്‍ക്ക് തന്നെ കിട്ടണം. അത് സമയത്ത് തന്നെ കിട്ടുകയും വേണം. മുന്‍കാലങ്ങളിലെ പോലെ ഫണ്ട് വക മാറ്റി ചെലവഴിക്കാന്‍ അനുവദിക്കില്ല. പിരിക്കുന്ന പണം കൊണ്ട് റോഡ് ഉണ്ടാക്കാം എന്ന് കരുതിയാല്‍ അതിനെ ശക്തിയുക്തം എതിര്‍ക്കും. ആ തുക കോവിഡ് കൊണ്ട് ഉണ്ടാകുന്ന ദുരന്ത പരിഹാരത്തിന് തന്നെ ചെലവഴിക്കണം. ഈ വിഷയത്തില്‍ കാര്യമായ പണിയെടുക്കുന്നത് തദ്ദേശ സ്ഥാപനങ്ങളാണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നില്ലെന്നും അവര്‍ സ്വയം പണം കണ്ടെത്തിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പിലാക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോവിഡ് 19 മായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തുമായി കുടുങ്ങിപ്പോയവരുടെ ആശങ്കകളോട് സര്‍ക്കാര്‍ നിസംഗഭാവം കാണിക്കുകയാണ്. അതിര്‍ത്തികളില്‍ വന്ന് കുടുങ്ങിയവരോട് ക്രൂരമായി പെരുമാറുന്നതിന് പകരം അവര്‍ക്ക് മാനുഷിക പരിഗണന നല്‍കണം. അവര്‍ക്ക് വേണ്ട സംരക്ഷണം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ തയാറാവണം. നഴ്‌സുമാരടക്കം നിരവധി പേരാണ് അതിര്‍ത്തിക്കപ്പുറത്ത് കുടുങ്ങി കിടക്കുന്നത്. എന്നാല്‍ ഇത്തരക്കാരെ കുറിച്ച് അന്വേഷിക്കുന്നത് പോലുമില്ലെന്ന പരാതി വ്യാപകമാണ്.
പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കേരളമാണ് ഈ വിഷയത്തില്‍ കാര്യമായി ഇടപെടേണ്ടത്. പ്രധാനമന്ത്രിയോട് പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ അപേക്ഷ കൊടുക്കണം. സര്‍ക്കാര്‍ അലംഭാവ നയം കാണിക്കരുത്. എല്ലാം നോര്‍ക്ക നോക്കിക്കൊള്ളും എന്നു പറഞ്ഞാല്‍ പോര. വര്‍ത്തമാനം മാത്രം പോര, സന്ദര്‍ഭത്തിനനുസരിച്ച് ഉയരണം. പല രാജ്യങ്ങളിലും പ്രതിസന്ധി ഉണ്ട്. ഇവരെല്ലാം അവരുടെ പൗരന്‍മാരെ തിരിച്ചെത്തിക്കാന്‍ തുടങ്ങി. വിദേശത്ത് പ്രവാസികള്‍ ചികിത്സക്ക് പ്രതിസന്ധി നേരിടുന്നുണ്ട്. പ്രവാസികളെ എത്തിക്കാന്‍ സാധിക്കില്ല എന്ന മുന്‍ ധാരണ വേണ്ടെന്നും സര്‍ക്കാര്‍ മനസുവെച്ചാല്‍ സാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.