സ്വദേശത്തേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം

ചട്ടിപ്പറമ്പില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രകടനം നടത്തിയ അന്യസംസ്ഥാന തൊഴിലാളികളെ വിരട്ടി റൂമില്‍ കയറ്റുന്ന പൊലീസ് ഉദ്യോഗസ്ഥര്‍

ചട്ടിപ്പറമ്പില്‍ പുറത്തിറങ്ങിയ 100 ഓളം അതിഥി തൊഴിലാളികള്‍ക്കെതിരെ കേസ്‌

മലപ്പുറം: സ്വദേശത്തേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ചട്ടിപ്പറമ്പ് കെ.എസ്.ഇ.ബി ഓഫീസ് പരിസരങ്ങളില്‍ താമസിക്കുന്നവരടക്കമുള്ള അതിഥി തൊഴിലാളികളാണ് രാവിലെ പത്ത് മണിയോടെ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പൊലീസ് ലാത്തിവീശി. ഇന്നലെ രാവിലെയാണ് മലപ്പുറം ചട്ടിപ്പറമ്പില്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് റോഡില്‍ ഇറങ്ങി അതിഥി തൊഴിലാളികള്‍ പ്രതിഷേധം നടത്തിയത്. നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് ഇംഗ്ലീഷിലെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് നൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധ റാലി നടത്തിയത്. സംഭവത്തില്‍ നിരവധി അതിഥി തൊഴിലാളിക്കളെ പൊലീസ് കസ്റ്റടിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് ഇവരുടെ പ്രശ്‌നങ്ങള്‍ എഴുതി വാങ്ങിയ ശേഷം വിട്ടയച്ചു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘനത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രാദേശിക തലത്തില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നത് സംബന്ധച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ഇതര സംസ്ഥാനത്ത് പഠിക്കുന്ന വിദ്യാര്‍ഥികളെ നാട്ടിലേക്ക് അയക്കാന്‍ മുഖ്യമന്ത്രി മമതാബാനര്‍ജി സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍പെട്ടുപോയ ഞങ്ങളെപ്പോലുള്ള തൊഴിലാളികളെയും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആആവശ്യം. കോവിഡ് വ്യാപനവും ലോക്ക് ഡൗണും സ്വദേശത്തുള്ള കുടുംബത്തിന് പലതരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ടെന്നും ഉടന്‍ നാട്ടിലേക്ക് മടങ്ങണമെന്ന് അതിഥി തൊഴിലാളികള്‍ പറയുന്നു.