സ്വന്തം ഓഫീസ് കണ്‍ട്രോള്‍ റൂമാക്കി അധീര്‍ രഞ്ജന്‍ ചൗധരി

14
കോണ്‍ഗ്രസ്സ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഓഫീസില്‍

ന്യൂഡല്‍ഹി: ഓഫീസ് കണ്‍ട്രോള്‍ റൂമാക്കി കോണ്‍ഗ്രസ്സ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ലോക്ക്ഡൗണിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലും കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് തന്റെ ഡല്‍ഹിയിലെ ഓഫീസ് അധീര്‍ രഞ്ജന്‍ ചൗധരി കണ്‍ട്രോള്‍ റൂമാക്കിയത്.
രാജ്യമെമ്പാടുമുള്ള കുടിയേറ്റ തൊഴിലാളികളുടെ ഫോണ്‍കോളുകളാണ് അദ്ദേഹത്തിന്റെ മിനി കണ്‍ട്രോള്‍ റൂം സ്വീകരിക്കുന്നത്. മറ്റ് ജീവനക്കാരോടൊപ്പം സഹായത്തിനായി ഭാര്യ അതാഷിയുമുണ്ട് കൂടെ. പശ്ചിമ ബംഗാളില്‍ നിന്നാണ് കൂടുതല്‍ വിളികളും എത്തുന്നത്. സഹായത്തിനായുള്ള ഫോണ്‍ സന്ദേശം ലഭിച്ചയുടന്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ബന്ധപ്പെട്ട് സഹായമെത്തിക്കാനാണ് ശ്രമിക്കുന്നത്. ദിവസവും 500 മുതല്‍ 600 കോളുകളെങ്കിലും പശ്ചിമബംഗാളില്‍ നിന്നു വരുന്നുണ്ട്. അവയില്‍ കൂടുതലും എന്റെ മണ്ഡലമായ ബെഹ്റാംപുരില്‍ നിന്നാണ്. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്ന പറഞ്ഞ് ഇവരില്‍ പലരും ഇടക്ക് ഫോണില്‍ കരയും. എന്റെ മേഖലയിലുള്ള ആളുകള്‍ ധനികരല്ല. ഈ ആപത്ഘട്ടത്തില്‍ അവര്‍ക്ക് സഹായമെത്തേണ്ടതുണ്ട്. അതിനാല്‍ ആദ്യം ഞങ്ങള്‍ ഡാറ്റയുണ്ടാക്കും. അതിനനസരിച്ചാണ് പരിഹാരം കൊണ്ടുവരുന്നത്, ചൗധരി പറഞ്ഞു.
രാജ്യത്താകമാനമുള്ള എന്റെ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ഞാന്‍ സഹായത്തിനായി ബന്ധപ്പെടുന്നുണ്ട്. ഈ ഘട്ടത്തില്‍ ബിജെപി എംപിമാരെയും മന്ത്രിമാരെയും സഹായത്തിന് സമീപിക്കാന്‍ മടിയില്ല. അവരും എന്റെ സുഹൃത്തുക്കളാണ്. ജില്ലാ മജിസ്ട്രേറ്റുമാരുമായും സംസാരിച്ചിട്ടുണ്ട്. ചൗധരി കൂട്ടിച്ചേര്‍ത്തു. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ കൈവശം ഇത്തരത്തില്‍ ഒറ്റപ്പെട്ടുപോയയാളുകളുടെ കണക്കുപോലുമില്ല. സര്‍ക്കാര്‍ വേണ്ട ഇടപെടലുകള്‍ നടത്തുന്നില്ലെന്നും കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി.