ഹോട്ട്സ്പോട്ടുകളായി അഞ്ച് സംസ്ഥാനങ്ങള്‍

കേന്ദ്ര കോവിഡ് വിദഗ്ധ സംഘം ഹൈദരാബാദിലെ ഫക്കീര്‍ഗല്ലിയില്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ആരായുന്നു

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 8,068

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ഹോട്ട്സ്പോട്ടുകളായി മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍. രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ പകുതിയിലധികവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. 2000ല്‍ അധികം കോവിഡ് കേസുകളാണ് ഈ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ സ്ഥിരീകരിച്ച 26496 കേസുകളില്‍ 8068 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.
8068 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കോവിഡ് മൂലം ജീവഹാനി സംഭവിച്ചത് 342 പേര്‍ക്കണ്. 555 നിയന്ത്രിത സോണുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഒരു ദിവസത്തിനിടെ 440 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ച 80 ശതമാനം പേര്‍ക്കും രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. 20 ശതമാനം ആളുകള്‍ക്ക് മാത്രമാണ് കോവിഡിന്റെ ചെറിയ ലക്ഷണങ്ങളുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 1076 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 1,08,972 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. മഹാരാഷ്ട്രയില്‍ 1,25,393 പേരെ വീടുകളിലും 8124 പേരെ ആശുപത്രികളിലും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ മാത്രം കോവിഡ് കേസുകള്‍ 5000 കടന്നു. 5149 പേര്‍ക്കാണ് മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
201 മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ കോവിഡ് ബാധിച്ച് 14 പേര്‍ മരിക്കുകയും 241 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ദിവസത്തിനിടെ 252 കേസുകളാണ് മുംബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്തില്‍ സ്ഥിതി ഓരോ ദിവസവും വഷളാവുകയാണ്. ഇതുവരെ 3301 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 155 പേര്‍ കോവിഡ് മൂലം മരിച്ചു. 230 പുതിയ കേസുകളും 18 മരണ വുമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ അഹമ്മദാബാദില്‍ കേസുകളുടെ എണ്ണം 2153 ആയി ഉയര്‍ന്നു. സൂറത്തില്‍ 496 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് മുക്തി നേടുന്നതില്‍ ഏറ്റവും കുറഞ്ഞ നിരക്കും ഗുജറാത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഡല്‍ഹിയില്‍ 54 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 2695 പേര്‍ക്കാണ് ഇതുവരെ ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 869 പേര്‍ക്ക് അസുഖം ഭേദമായി.
മധ്യപ്രദേശില്‍ 2096 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 103 പേര്‍ മരിച്ചു. 210 പേര്‍ കോവിഡില്‍ നിന്നും മുക്തരായി. സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരടക്കം 47 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍ഡോറിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 91 പുതിയ കേസുകള്‍. സംസ്ഥാനത്തെ 85 ശതമാനം കോവിഡ് മരണവും ഇന്‍ഡോറിലാണ്. 57 പേരാണ് ഇന്‍ഡോറില്‍ മരിച്ചത്. 1085 പേര്‍ക്കാണ് ഇന്‍ഡോറില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഭോപാലില്‍ 388, ഉജ്ജയ്ന്‍ 103 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ കണക്കുകള്‍.
രാജസ്ഥാനില്‍ 2083 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 493 പേര്‍ക്ക് അസുഖം ഭേദമായി. 33 പേര്‍ മരിച്ചു. ശരാശരി 5000 കോവിഡ് ടെസ്റ്റുകള്‍ പ്രതിദിനം സംസ്ഥാനത്ത് നടത്തുന്നതായി ആരോഗ്യ മന്ത്രി രഘു ശര്‍മ പറഞ്ഞു. മഹാരാഷ്ട്രക്ക് സമാനമായി രാജസ്ഥാനിലും 80 ശതമാനം രോഗികളിലും കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ഇതിനാല്‍ തന്നെ സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുമോ എന്ന ഭീതിയും നിലനില്‍ക്കുന്നതായി ആരോഗ്യ സെക്രട്ടറി കെ.കെ ശര്‍മ പറഞ്ഞു. ലോക്ക് ഡൗണ്‍ സംസ്ഥാനത്തിന് ഗുണം ചെയ്തു എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
ഉത്തര്‍ പ്രദേശിലും കോവിഡ് വ്യാപിക്കുകയാണ്. സംസ്ഥാനത്ത് 1843 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 29 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ദക്ഷിണേന്ത്യയില്‍ തമിഴ്നാടിന് പുറമെ ആന്ധ്രപ്രദേശിലും കോവിഡ് രോഗികളുടെ എണ്ണം ആയിരം പിന്നിട്ടു. ഇന്നലെ 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആന്ധ്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1061 ആയി. 31 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 64 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 1884 ആയി. 24 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.