ഹോട്ട്‌സ്‌പോട്ടുകളില്‍ നിയന്ത്രണം മുറുകും

തിരുവനന്തപുരം: സംസ്ഥാ നത്ത് പുതുതായി നാലു ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവില്‍വട്ടം, കോട്ടയം ജില്ലയിലെ ഉദയനാപുരം, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ചില ഹോട്ട് സ്‌പോട്ടുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 70 ആയി. ഹോട്ട്‌സ്‌പോട്ടായി ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിലും മറ്റ് ജില്ലകളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി ചര്‍ച്ച നടത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഒരു പ്രവേശനകവാടം ഒഴിച്ച് ബാക്കി എല്ലാ വഴികളും അടയ്ക്കും. വളരെ അത്യാവശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഈ സ്ഥലങ്ങളില്‍ അനുവദിക്കൂ. അത്യാവശ്യമുള്ള സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കും. ഇക്കാര്യത്തില്‍ മറ്റ് വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ സ്‌പെഷ്യല്‍ ട്രാക്കിങ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ 20 വീടുകളുടെയും ചുമതല രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടീമിന് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ശാസ്ത്രീയ വിവരശേഖരണ രീതി ഉപയോഗിച്ച് ആളുകളുടെ സമ്പര്‍ക്കം കണ്ടെത്തുന്നു. കാസര്‍കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കലക്ടര്‍ സജിത്ബാബു, ഐജിമാരായ അശോക് യാദവ്, വിജയ് സാക്കറേ എന്നിവര്‍ ക്വാറന്‍ൈനില്‍ പ്രവേശിച്ചു. ജില്ലയില്‍ കോവിഡ് ബാധിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയതുകൊണ്ടാണിത്. ലോക്ക്ഡൗണിനു മുമ്പ് വിദേശത്തുനിന്ന് മടങ്ങിയെത്തിയ ആളുകളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞെങ്കിലും അവരെ പരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ വൈകിട്ട് നാലു മണിവരെ കേരളത്തില്‍ 954 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം അറിയിച്ചു.