ഹൗസ് ബോട്ടുകളില്‍ കോവിഡ് കെയര്‍ സെന്റര്‍ വെല്ലുവിളികള്‍ മനസ്സിലാക്കാന്‍ മോക്ക്ഡ്രില്‍

ഹൗസ് ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റാനുള്ള നടപടികളുടെ ഭാഗമായി ആലപ്പുഴ ഫിനിഷിംഗ് പോയിന്റില്‍ നടത്തിയ മോക്ക് ഡ്രില്ല്‌

ആലപ്പുഴ: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജെ.പി.എച്ച്.ഐ, ആശാ പ്രവര്‍ത്തക എന്നിവര്‍ ഫിനിഷിംഗ് പോയിന്റിന് സമീപം പാര്‍ക്ക് ചെയ്ത കോവിഡ് കെയര്‍ സെന്ററായി മാറിയ ഹൗസ് ബോട്ടുകളിലെ നിരീക്ഷണത്തിലിരിക്കുന്നവരുടെ പതിവ് പരിശോധനക്കായി എത്തുന്നു. കോവിഡ് കെയര്‍ സെന്റര്‍ നമ്പര്‍ 26 എന്ന ഹൗസ്‌ബോട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിശോധിക്കുന്നു. പരിശോധനക്കിടയില്‍ പുറത്തിറങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്ത് ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് അറിയിക്കുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആസ്പത്രിയില്‍ നിന്നും ആംബുലന്‍സ് പാഞ്ഞെത്തുന്നു. പി.പി.ഇ കിറ്റ് ധരിച്ച ആംബുലന്‍സ് ഡ്രൈവര്‍ പുറത്തിറങ്ങി, മാസ്‌ക് ധരിച്ച രോഗലക്ഷണമുള്ളയാളെ അകത്ത് പ്രവേശിപ്പിക്കുന്നു. ആലപ്പുഴ ജനറല്‍ ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് രോഗലക്ഷണമുള്ളയാളുമായി ആംബുലന്‍സ് കുതിക്കുന്നു.
ഹൗസ് ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റാനുള്ള നടപടികളുടെ ഭാഗമായി ഫിനിഷിംഗ് പോയിന്റില്‍ നടത്തിയ മോക്ക് ഡ്രില്ലിന്റെ ഭാഗമായിരുന്നു ഇതെല്ലാം. ആംബുലന്‍സുകളുടെ ചീറിപ്പാച്ചില്‍ കണ്ട് അമ്പരന്ന നാട്ടുകാര്‍ക്ക് ഇത് മോക്ക് ഡ്രില്ലാണെന്നറിഞ്ഞപ്പോള്‍ ആശ്വാസം.
രാജ്യത്ത് തന്നെ ജില്ലയിലാണ് ആദ്യമായി ഹൗസ്‌ബോട്ടുകളില്‍ ഇത്തരത്തില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കുന്നത്. ഇതിന്റെ വെല്ലുവിളികള്‍ മനസിലാക്കുന്നതിനായാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്.
ഇതിനിടെ ഫിനിഷിംഗ് പോയിന്റില്‍ രോഗലക്ഷണമുള്ളയാള്‍ കിടന്നിരുന്ന ഹൗസ് ബോട്ട്, നടന്നു വന്ന വഴി എന്നിവ ഫയര്‍ ഫോഴ്‌സ്, ആരോഗ്യ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് അണുവിമുക്തമാക്കി. ഹൗസ് ബോട്ടുകളിലെ മാലിന്യം നഗരസഭയുടെ നേതൃത്വത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ശേഖരിച്ച് നശിപ്പിക്കുന്നതും മോക്ക് ഡ്രില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു.
നെഹ്‌റു പവലിയന് സമീപം പാര്‍ക് ചെയ്ത മറ്റൊരു ഹൗസ്‌ബോട്ടില്‍ നിന്നുള്ള വ്യക്തിയെ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മോക്ക് ഡ്രില്ലും തുടര്‍ന്ന് നടന്നു. വാട്ടര്‍ ആംബുലന്‍സിലാണ് രോഗലക്ഷണമുള്ളയാളെ ഫിനിഷിംഗ് പോയിന്റിലെത്തിച്ചത്. ജില്ല ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചത്. ആവശ്യമായി വരികയാണെങ്കില്‍ 2000ത്തോളം ആളുകളെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനാണ് ഹൗസ് ബോട്ടുകളില്‍ പ്രത്യേക സൗകര്യങ്ങളോടെ മുറികള്‍ സജ്ജമാക്കുന്നതെന്ന് ജില്ല കളക്ടര്‍ എം. അഞ്ജന പറഞ്ഞു.