100 രൂപയില്‍ താഴെ വിലവരുന്ന പി.പി.ഇ കിറ്റുമായി ഐ.ഐ.ടി കാണ്‍പൂര്‍

പി.പി.ഇ കിറ്റുകള്‍ നിര്‍മാണത്തില്‍

കാണ്‍പൂര്‍: കോവിഡിനെതിരെ മുന്‍നിരയില്‍ പോരാടുന്ന ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ക്ക് സഹായകരമാവുന്ന കണ്ടു പിടുത്തവുമായി കാണ്‍പൂര്‍ ഐ.ഐ.ടിയിലെ ഗവേഷകര്‍. രോഗിയില്‍ നിന്നും പരിചരണം നടത്തുന്ന ഡോക്ടര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ക്ക് രോഗം പകരാതിരിക്കാനായി ഉപയോഗിക്കുന്ന പി.പി.ഇ കിറ്റുകള്‍ക്ക് (വ്യക്തി സുരക്ഷക്കായുള്ള ഉപാധി) വലിയ ക്ഷാമം നേരിടുന്ന സമയത്താണ് പുതിയ കണ്ടു പിടുത്തവുമായി ഐ.ഐ.ടി ഗവേഷകര്‍ എത്തുന്നത്.
സാധാരണ പി.പി.ഇ സ്യൂട്ടുകളുടെ അതേ സുരക്ഷ ഉറപ്പു നല്‍കുന്ന ഇതിന് 100 രൂപയില്‍ താഴെ മാത്രമേ ചിലവ് വരൂവെന്നാണ് ബയേ സയന്‍സ്, ബയോ എഞ്ചിനീയറിങ് ഗവേഷകര്‍ പറയുന്നത്. കിറ്റ് പൈപ്സ് ( പോളിഎഥിലീന്‍ ബേസെഡ് ഇംപ്രൂവൈസ്ഡ് പ്രൊട്ടക്ടീവ് എക്വിപ്‌മെന്റ്‌സ് അണ്ടര്‍ സ്‌കാര്‍സിറ്റി) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാാര്‍, പൊലീസ്, സാനിട്ടേഷന്‍ തൊഴിലാളികള്‍ തുടങ്ങി വൈറസ് ബാധയേല്‍ക്കാന്‍ സാധ്യത കൂടുതലുള്ളവര്‍ക്ക് ഉപയോഗിക്കാനാകുന്നവയാണ് ഇവയെന്നാണ് ഐഐടി കാണ്‍പുര്‍ പറയുന്നത്. ഐഐടിയിലെ ബയോസയന്‍സ്, ബയോ എഞ്ചിനീയറിങ് വിഭാഗം മേധാവി പ്രൊഫ. നിഥിന്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് പൈപ്സ്(പി. ഐ. പി. ഇ.എസ്) വികസിപ്പിച്ചതിന് പിന്നിലുള്ളവര്‍.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പിപിഇ വസ്ത്രങ്ങളുടെ ആവശ്യകത വര്‍ധിച്ചത് ലഭ്യത കുറയാന്‍ ഇടയാക്കി. അതിനാല്‍ ചിലവ് കുറഞ്ഞതും വന്‍തോതില്‍ നിര്‍മിക്കാനാകുന്നതുമായ സുരക്ഷാ വസ്ത്രങ്ങള്‍ ആവശ്യമായി വന്നു. ഈ സാഹചര്യത്തിലാണ് ഇത് വികസിപ്പിച്ചതെന്ന് നിഥിന്‍ ഗുപ്ത വിശദീകരിച്ചു. പാക്കിങ്ങിനും ക്യാരിബാഗുകള്‍ നിര്‍മിക്കുന്നതിനും ഉപയോഗിക്കുന്ന പോളിത്തീന്‍ ഷീറ്റുപയോഗിച്ചാണ് പൈപ്സ് നിര്‍മിച്ചിരിക്കുന്നത്. പോളിത്തീന്‍ ഷീറ്റുകളില്‍ സ്വാഭാവിക സുഷിരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവ വൈറസിനെ പ്രതിരോധിക്കും.
നിര്‍മാണത്തിനുള്ള വിവരങ്ങള്‍ ആര്‍ക്കുവേണമെങ്കിലും ഉപയോഗിക്കാം. ചെറുകിട, ഇടത്തരം നിര്‍മാണ കേന്ദ്രങ്ങളില്‍ കൂടി വളരെ വേഗം നിര്‍മിക്കാവുന്നതാണെന്നും വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുകയാണെങ്കില്‍ ഒരു കിറ്റിന് 100 രൂപയില്‍ താഴെ മാത്രമേ ചിലവ് വരികയുള്ളൂവെന്നും നിഥിന്‍ ഗുപ്ത പറഞ്ഞു. നിലവില്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകളുടെ അത്ര സൗകര്യപ്രദമായിരിക്കില്ല പി. ഐ. പി. ഇ.എസ്. എന്നാല്‍ പിപിഇ കിറ്റുകള്‍ ഉറപ്പുനല്‍കുന്ന പ്രാഥമിക സുരക്ഷ പി. ഐ. പി. ഇ.എസ്. വഴി ലഭിക്കും. ഇവ ഉടന്‍തന്നെ ഡോക്ടര്‍മാര്‍ക്ക് ഉപയോഗിക്കുന്നതിനായി നല്‍കുമെന്നും അഭിപ്രായങ്ങള്‍ തേടുമെന്നും നിഥിന്‍ ഗുപ്ത പറയുന്നു.