15 അംഗ ഇന്ത്യന്‍ മെഡിക്കല്‍ സംഘം കുവൈത്തിലെത്തി

11
കുവൈത്തില്‍ കൊവിഡ് 19 വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ സംഘം പ്രത്യേക വ്യോമ സേനാ വിമാനത്തില്‍ നിന്നുമിറങ്ങുന്നു

കുവൈത്തില്‍ കൊവിഡ് 19 വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പിന്തുണയുമായി ഇന്ത്യന്‍ മെഡിക്കല്‍ സംഘം കുവൈത്തിലെത്തി. ഇന്ത്യയുടെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്ന പേരില്‍ അറിയപ്പെടുന്ന വൈദ്യസംഘമാണു ശനിയാഴ്ച്ച പ്രത്യേക വ്യോമ സേനാ വിമാനത്തില്‍ കുവൈത്തിലെത്തിയത്.
കൊറോണ വൈറസ് ബാധ തടയുന്നതിനു നേരത്തെ കുവൈത്ത് പ്രധാനമന്ത്രി ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ മാസം കുവൈത്ത് പ്രധാനമന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ വൈദ്യ സംഘം കുവൈത്തില്‍ എത്തിയതെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിദഗ്ദരായ ഡോക്ടര്‍മാരും സാങ്കേതിക പ്രവര്‍ത്തകരും അടങ്ങുന്ന 15 അംഗ സംഘം 2 ആഴ്ചയോളം കുവൈത്തില്‍ തങ്ങുമെന്നാണു സൂചന. കോവിഡ് ബാധിച്ച രോഗികള്‍ക്ക് ചികില്‍സ നല്‍കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുക എന്നുള്ളതാണു സംഘത്തിന്റെ പ്രധാന ദൗത്യമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
നേരത്തെ ഈ ആവശ്യമുന്നയിച്ച് എം.പി.മാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും പ്രധാനമന്ത്രിക്ക് കത്തയക്കുകയും കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് അംബാസഡര്‍ മുഖേനെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.