9,000 കടന്ന് മഹാരാഷ്ട്ര

24
മുംബൈയിലെ ആന്റേഫില്‍ ചേരിയില്‍ അവശ്യ സാധനങ്ങള്‍ വാങ്ങി പോകുന്നവര്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വൈറസ് ബാധയുടെ ഹോട്ട്‌സ്‌പോട്ടായ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കവിഞ്ഞു. ഇന്നലെ പുതുതായി 522 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 9010 ആയി. മുംബൈയിലും പൂനെയിലുമാണ് രോഗം പടര്‍ന്നു പിടിക്കുന്നത്. 369 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
സംസ്ഥാന സെക്രട്ടേറിയേറ്റിലെ രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് സെക്രട്ടേറിയേറ്റ് അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ ഇന്നലെ നാലു മരണവും പുതിയ 42 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ധാരാവിയില്‍ കോവിഡ് കേസുകള്‍ 330 ആയി. 18 മരണങ്ങളാണ് ഇവിടെ സ്ഥിരീകരിച്ചത്.
ഗുജറാത്തില്‍
മരണം 162
മഹാരാഷ്ട്രക്കു പിന്നാലെ ഗുജറാത്തിലാണ് കോവിഡ് കാര്യമായും പടര്‍ന്നു പിടിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവാണ് സംസ്ഥാനത്തുണ്ടായത്. ഇന്നലെ 226 പുതിയ കേസുകളും 11 മരണവും സ്ഥിരീകരിച്ച ഗുജറാത്തില്‍ നിലവില്‍ 3774 കോവിഡ് ബാധിതരാണുള്ളത്. സംസ്ഥാനത്ത് 162 പേര്‍ക്കാണ് കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്. ഇതില്‍ 100 പേരും അഹമ്മദാബാദിലാണ് മരിച്ചത്. ദേശീയ ശരാശരിയേക്കാളും മരണം റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്തില്‍ രോഗ മുക്തിയുടെ കാര്യത്തിലും പിന്നിലാണ്.
3000 പിന്നിട്ട് ഡല്‍ഹി
ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3018 ആയി. കഴിഞ്ഞ രണ്ട് ദിവസമായി ഡല്‍ഹിയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 54 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 877 പേര്‍ കോവിഡില്‍ നിന്നും മുക്തരായിട്ടുണ്ട്.
രാജസ്ഥാനിലും വര്‍ധന
രാജസ്ഥാനില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഇന്നലെ പുതുതായി 77 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 2335 ആയി. 51 പേരാണ് രാജസ്ഥാനില്‍ കോവിഡ് ബാധിച്ച് മരിച്ചത്. തലസ്ഥാനമായ ജയ്പൂരില്‍ 833 കേസുകളും ജോധ്പൂരില്‍ 375 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മധ്യപ്രദേശില്‍
120 മരണം
മധ്യപ്രദേശില്‍ 200 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2387 ആയി. 113 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 1200 കേസുകളും 60 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത ഇന്‍ഡോറാണ് സംസ്ഥാനത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ട്.
2000 പിന്നിട്ട് യു.പി
88 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍ പ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം 2043 ആയി ഉയര്‍ന്നു. 31 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
2000 പിന്നിട്ട്
തമിഴ്‌നാട്
121 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 2058 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 24 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.