അബുദാബി ബിഗ് ടിക്കറ്റ്: 40 കോടി കണ്ണൂര്‍ സ്വദേശികള്‍ക്ക് സ്വന്തം

65
ജിജേഷ് കോറോത്തന്‍ മറ്റു രണ്ടു ജേതാക്കള്‍ക്കൊപ്പം

ആദ്യ മൂന്നു സമ്മാനങ്ങള്‍ മലയാളികള്‍ക്ക്

അബുദാബി: അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 ദശലക്ഷം ദിര്‍ഹ(40 കോടി രൂപ)മിന് കണ്ണൂര്‍ സ്വദേശികള്‍ അര്‍ഹരായി.
റാസല്‍ഖൈമയില്‍ ടൂറിസം കമ്പനിയില്‍ ജോലി ചെയ്യുന്ന ജിജേഷ് കോറോത്തനാണ് ഇന്നലെ നടന്ന 214 സീരിസ് നറുക്കെടുപ്പില്‍ കോടിപതിയായി മാറിയത്. 041779 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 ദശലക്ഷം ദിര്‍ഹം ലഭിച്ചത്. തന്റെ രണ്ടു സുഹൃത്തുക്കളുമായി പങ്കിട്ടാണ് ടിക്കറ്റെടുത്തിരുന്നത്. താന്‍ കുടുംബ സമേതം ഓണ്‍ലൈനില്‍ നറുക്കെടുപ്പ് കണ്ടു കൊണ്ടിരിക്കുകയായിരുന്നുവെന്ന് ജിജേഷ് പ്രതികരിച്ചു. കഴിഞ്ഞ 6 മാസമായി ജിജേഷ് ബിഗ് ടിക്കറ്റ് എടുത്തു വരുന്നുണ്ടായിരുന്നു.
ഒരിക്കല്‍ അബുദാബി എയര്‍പോര്‍ട്ടില്‍ നിന്നും വിനോദ സഞ്ചാരിയെ എടുക്കാനായി വന്ന സമയത്താണ് ബിഗ് ടിക്കറ്റ് കൗണ്ടര്‍ ശ്രദ്ധയില്‍ പെട്ടത്. അന്നാണ് ടിക്കറ്റ് എടുക്കാന്‍ ആദ്യമായി തീരുമാനിച്ചത്. തുടര്‍ന്ന് പല തവണ ടിക്കറ്റ് എടുത്തുവെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍, ഇക്കഴിഞ്ഞ 19ന് വെബ്‌സൈറ്റില്‍ നിന്നും എടുത്ത ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്.
രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം രഘു പ്രസാദ്, ടിക്കറ്റ് നമ്പര്‍ 88839 (ഒരു ലക്ഷം ദിര്‍ഹം), അനീഷ് തമ്പി, ടിക്കറ്റ് നമ്പര്‍ 416886 (50,000) എന്നിവര്‍ നേടി. നാലാം സമ്മാനത്തിന് ഫിലിപ്പീന്‍സ് യുവതിയും അര്‍ഹയായി.