പ്രവാസികളുടെ മടക്കം: നിരക്കു ചൂഷണത്തിന് വിമാന കമ്പനികളെ അനുവദിക്കരുത്

47

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുന്നുവെന്ന വാര്‍ത്ത പ്രവാസികള്‍ വളരെ ആഹ്‌ളാദത്തോടെയാണ് ആദ്യം സ്വീകരിച്ചത്. എന്നാല്‍, അല്‍പ സമയത്തിനു ശേഷമാണ് എല്ലാവരെയും ഒരുപാട് സന്തോഷിപ്പിച്ച ഈ വാര്‍ത്ത തെറ്റാണെന്നറിഞ്ഞത്.
ഏതായായാലും, വിമാന സര്‍വീസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ഇന്നലെയും ഇന്ത്യന്‍ പ്രസിഡന്റിനോടും പ്രധാനമന്ത്രിയോടും ഇന്ത്യന്‍ വ്യോമയാന മന്ത്രിയോടും കത്തിലൂടെ ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഈ ലേഖകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, നാട്ടിലെത്തിക്കുന്ന പ്രവാസികളില്‍ നിന്ന് ഏറ്റവും കുറഞ്ഞ നിരക്ക് വിമാന സര്‍വീസിന് ഈടാക്കാനും ഇപ്പോഴത്തെ സാഹചര്യത്തില്‍ വിഷമിക്കുന്ന പ്രവാസികളെ ഒരു തരത്തിലുള്ള ചൂഷണങ്ങള്‍ക്കും ഇരയാക്കാക്കരുതെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാറിന്റെ എയര്‍പോര്‍ട് ഹാന്റ്‌ലിംഗ് ചാര്‍ജ്, എയര്‍പോര്‍ട്ട് ടാക്‌സ്, ലാന്റിംഗ് നികുതികള്‍ എന്നിവയെല്ലാം എഴുത്തിത്തള്ളണം. ഇന്ന് ക്രൂഡ് ഓയില്‍ വില ക്രമാതീതമായി കുറഞ്ഞതിനാല്‍ ചെറിയ നിരക്കിന് ഓപറേറ്റ് ചെയ്യാന്‍ എല്ലാ എയര്‍ലൈനുകളുമായും കഴിയുന്ന കാര്യം അവരെ ബോധ്യപ്പെടുത്തി പരമാവധി പ്രവാസികള്‍ക്ക് ഗുണകരമായ രീതിയില്‍ അവ നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം.
ഇന്ന് വരെ ഒരു പ്രവാസിയും അഭിമുഖീകരിക്കാത്ത മാനസികവും സാമ്പത്തികവുമായ വന്‍ പ്രതിസന്ധി മുന്നില്‍ക്കണ്ടാണ് ഓരോ പ്രവാസിയും നാട്ടിലെത്താന്‍ പോകുന്നത്. ആയതിനാല്‍, അവര്‍ക്ക് നീതി കിട്ടേണ്ടതുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ വിമാനങ്ങള്‍ക്ക് അനുമതി കൊടുക്കുമ്പോള്‍ ആദ്യം തന്നെ ഫ്‌ളൈറ്റ് ചാര്‍ജ് തന്നെയായിരിക്കണം എറ്റവും പ്രാഥമികമായി കണക്കിലെടുക്കേണ്ടത്. എന്റെ ഇത്രയും കാലത്തെ ട്രാവല്‍ രംഗത്തെ പരിചയം വെച്ച്, ഇത് സീസണ്‍ ടിക്കറ്റ് പോലെ പ്രവാസികളെ കത്തി വെക്കുന്ന ഒരേര്‍പ്പാടാക്കി ഒരിക്കലും മാറ്റരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. ഇതിന്റെ ഭാഗമായി ഞാനും എന്റെ സ്ഥാപനവും 10 വിമാനങ്ങള്‍ കണ്ണൂരിലേക്കും 10 എണ്ണം കൊച്ചിയിലേക്കും 10 എണ്ണം കോഴിക്കോട്ടേക്കും ഓപറേറ്റ് ചെയ്യാന്‍ അപേക്ഷിച്ചിട്ടുണ്ട്. അതിന് അംഗീകാരം കിട്ടിയാല്‍ തീര്‍ച്ചയായും തികച്ചും സാമ്പത്തിക ലാഭത്തില്‍ നിന്ന് മാറി അതൊരു മനുഷ്യത്വപരമായ ദൗത്യമായി ഏറ്റെടുത്ത് എല്ലാവരെയും എന്റെ പരമാവധി കഴിവുകള്‍ ഉപയോഗിച്ച് സഹായിക്കും എന്നുറപ്പ് നല്‍കാന്‍ എനിക്കാകും. അതു കൊണ്ടുതന്നെ, രാഷ്ട്രീയ, സാംസ്‌ക്കാരിക, സാമൂഹിക മേഖലകളിലുള്ള വ്യക്തിത്വങ്ങള്‍ പ്രവാസികളുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ഉണ്ടാവണമെന്ന് വ്യക്തിപരമായി ഞാന്‍ ആവശ്യപ്പെടുന്നു. പ്രവാസികള്‍ ഈ തീരുമാനത്തെ ഹൃദയത്തോട് ചേര്‍ക്കുമെന്ന് എനിക്കുറപ്പുണ്ട്.
കേരളത്തിലെത്തുന്ന എല്ലാ പ്രവാസികളെയും സര്‍ക്കാര്‍ രോഗികള്‍ എന്ന നിലയിലേ പരിഗണിക്കാന്‍ സാധ്യതയുള്ളൂ. ആയതിനാല്‍, എല്ലാവരെയും ക്വാറന്റീനിലേക്ക് കൊണ്ടു പോകും. ചിലപ്പോള്‍ 28 ദിവസം വരെ അവിടെ താമസിക്കേണ്ടിയും വരും. ആ തീരുമാനത്തില്‍ ഓരോരുത്തരും മനസ് പാകപ്പെടുത്തിയാണ് എത്തുന്നതെന്നാണ് കരുതുന്നത്.
ഇത്രയും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രവാസികളെ വന്‍ വിമാന നിരക്കിലൂടെ കൊള്ളയടിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ അനുവദിക്കരുത്. ഇതിനായുള്ള മുഴുവന്‍ പിന്തുണയും നല്‍കാന്‍ ഞാനും എന്റെ സ്ഥാപനങ്ങളും സന്നദ്ധമാണ്.

-അഫി അഹമ്മദ്
(എംഡി, സ്മാര്‍ട് ട്രാവല്‍)