റസാഖ് ഒരുമനയൂര്‍
അബുദാബി: ഗള്‍ഫ് നാടുകളില്‍ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് നേരിടുന്ന കാലതാമസം പ്രവാസികളെ ഇരട്ട പ്രതിസന്ധിയിലാക്കും. ഏറ്റവും ഒടുവില്‍ മെയ് 31 വരെ വിമാന സര്‍വീസുണ്ടാവില്ലെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ ിന്നലെ അറിയിച്ചിരിക്കുന്നത്. സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമെടുക്കാനായിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ് പ്രവാസികളെ കൂടുതല്‍ ആശങ്കാകുലരാക്കിയിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികളെ നിരാശരാക്കിയാണ് കഴിഞ്ഞ ദിവസം തീരുമാനമുണ്ടായത്. എന്നാല്‍, ഇവിടെ നിന്നും നാട്ടിലേക്ക് കൊണ്ടുപോകുന്നത് വൈകിക്കുന്നത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് പ്രവാസികള്‍ ഭയപ്പെടുന്നു. നിലവില്‍ കൊറോണ രോഗം വ്യാപിക്കുന്നത് തടയുകയെന്നതാണ് നാട്ടിലേക്ക് പോകാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, ഈ മാസം കഴിയുന്നതോടെ കടുത്ത സാമ്പത്തിക പ്രയാസം കൂടി പ്രവാസികളെ കാത്തിരിക്കുന്നുണ്ടെന്നത് ആശങ്ക ഇരട്ടിപ്പിക്കുകയാണ്.
വിവിധ തൊഴില്‍ സ്ഥാപനങ്ങള്‍ ഇതിനകം തന്നെ തൊഴിലാളികള്‍ക്ക് വ്യത്യസ്ത രൂപത്തിലുള്ള അറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ടവര്‍, വേതനമില്ലാത്ത ദീര്‍ഘകാല അവധി നല്‍കിയവര്‍, ശമ്പളം പേരിനു മാത്രമാക്കി വെട്ടിക്കുറച്ചവര്‍ തുടങ്ങി വിവിധ തരത്തിലാണ് പലര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഇതോടെ, ഈ മാസം അവസാനിക്കുന്നതോടെ എങ്ങനെ പിടിച്ചു നില്‍ക്കുമെന്നറിയാതെ പ്രവാസികള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായി മാറിയിരിക്കുകയാണ്. ബഹുഭൂരിഭാഗം പേരും പ്രതിമാസ വാടക നല്‍കി താമസിക്കുന്നവരാണ്. അതുകൊണ്ടുതന്നെ, ഒന്നാം തീയതിയാകുന്നതോടെ താമസയിടങ്ങള്‍ക്ക് വാടക നല്‍കണം. ഓരോ മാസവും ശമ്പളം ലഭിക്കുമ്പോള്‍ ഫ്‌ളാറ്റ് വാടകയുടെ വിഹിതം, ഭക്ഷണത്തിനുള്ള പണം, മറ്റു അത്യാവശ്യ ചെലവുകള്‍ എന്നിവക്കുള്ള പണം മാറ്റി വെച്ചാണ് നാട്ടിലേക്ക് പണമയക്കുന്നത്.
എന്നാല്‍, ഇത്തവണ ജോലിയും കൂലിയുമില്ലാതെ ഇതിനൊന്നും കഴിയാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. പ്രതിമാസ ചെലവും നാട്ടിലയക്കലും കഴിഞ്ഞാല്‍ പോക്കറ്റില്‍ യാതൊന്നും അവശേഷിക്കാത്ത പ്രവാസികള്‍ ഇനിയുള്ള ദിവസങ്ങള്‍ എങ്ങനെ കഴിച്ചുകൂട്ടുമെന്നതിനെ കുറിച്ച് വന്‍ ആവലാതിയിലാണ്. നാട്ടില്‍ പ്രിയപ്പെട്ട വരുടെ നിത്യച്ചെലവിന് പണമയക്കാന്‍ കഴിയില്ലെന്നതും സ്വന്തം താമസവും ഭക്ഷണവും പോലും അവതാളത്തിലായി മാറുന്നുവെന്നതും താങ്ങാവുന്നതിലേറെയാണെന്ന് പ്രവാസികള്‍ വിലയിരുത്തുന്നു. എത്രയും വേഗത്തില്‍ വിമാന സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ എങ്ങിനെയെങ്കിലും നാടണയാമെന്ന ചിന്തയിലാണ് ഇത്തരക്കാരായ അധിക പേരും.
വിമാന സര്‍വീസിന് അനുകൂല സാഹചര്യം
പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അനുകൂല സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. നാട്ടില്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്യുന്നവരെ നിഷ്പ്രയാസം നിരീക്ഷിക്കാന്‍ കഴിയുമെന്നത് തന്നെയാണ് പ്രധാനം. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ നിരത്തുകളില്‍ വാഹനങ്ങളും ജനങ്ങളും നിറയുന്നതോടെ ഗള്‍ഫില്‍ നിന്നും എത്തുന്നവരെ നിരീക്ഷിക്കാന്‍ ക്വാറന്റീനില്‍ പാര്‍പ്പിക്കാനും കൂടുതല്‍ പ്രയാസം നേരിടേണ്ടി വരും. നിലവില്‍ നൂറുകണക്കിന് എയര്‍ലൈനുകളാണ് വിവിധ വിമാനത്താവളങ്ങളില്‍ പാര്‍ക്ക് ചെയ്തു കിടക്കുകയാണ്. നേരത്തെയുണ്ടായിരുന്ന സര്‍വീസുകള്‍ പൂര്‍ണമായും ആരംഭിക്കാന്‍ അനുമതി നല്‍കുന്നതോടെ ഇവയെല്ലാം തങ്ങളുടെ പതിവ് ഷെഡ്യൂളുകളില്‍ വ്യാപൃതരാകും. അങ്ങനെയാകുമ്പോള്‍ ഗള്‍ഫ് നാടുകളില്‍ നിന്നുള്ള ടിക്കറ്റുകള്‍ക്കും കൂടുതല്‍ തിരക്ക് അനുഭവപ്പെടുമെന്നതില്‍ സംശയമില്ല. മാത്രമല്ല, ഗള്‍ഫിലെ വിശിഷ്യാ യുഎഇയിലെ വിമാനത്താവളങ്ങളിലും തിരക്ക് വര്‍ധിക്കും. നിലവില്‍ നിശ്ചലമായിക്കിടക്കുന്ന വിമാനത്താവളങ്ങളില്‍ നിന്നും ഓരോ ദിവസവും എത്ര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനും തടസ്സം ഉണ്ടാവില്ല. യുഎഇയിലെ അബുദാബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ, അല്‍ഐന്‍ എന്നീ വിമാനത്താവളങ്ങള്‍ വഴി പ്രവാസികളെ കൊണ്ടു പോവുകയാണെങ്കില്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും. ഇത്തരത്തില്‍ നിരവധി സാഹചര്യങ്ങള്‍ അനുകൂലമാണെന്നതിനാല്‍ അടിയന്തിരമായി സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് പ്രസക്തി വര്‍ധിക്കുകയാണ്.
മിതത്വവും ഏകീകൃത നിരക്കും വേണം
പ്രവാസികള്‍ ഏറെ പ്രതിസന്ധി നേരിടുന്ന സമയത്ത് എയര്‍ലൈന്‍ സര്‍വീസ് ആരംഭിക്കുമ്പോള്‍ നിരക്കില്‍ ഏകീകരണവും മിതത്വവും വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. യാത്രക്കാരുടെ ബാഹുല്യത്തിനനുസരിച്ച് നിരക്ക് ഈടാക്കുന്ന പതിവ് രീതി ഇന്നത്തെ സാഹചര്യത്തില്‍ ഉണ്ടാവരുതെന്ന അപേക്ഷയാണ് പ്രവാസികള്‍ക്കുള്ളത്. സാമ്പത്തികമായും മാനസികമായും ഏറെ പ്രയാസത്തില്‍ കഴിയുന്ന സമയത്ത് പരമാവധി കുറഞ്ഞ നിരക്ക് ഈടാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളോട് അനുകമ്പ കാണിക്കണം. പരമാവധി 500 ദിര്‍ഹമില്‍ ഒതുങ്ങുന്ന നിരക്ക് മാത്രമേ ഈടാക്കാവൂവെന്നാണ് സാധാരണക്കാരായ ഓരോ പ്രവാസിക്കും പറയാനുള്ളത്. ജോലിയും വേതനവുമില്ലാതെ കഴിയുന്നവര്‍ക്ക് ഇതു തന്നെ വലിയ ബാധ്യതയാകും. അതുകൊണ്ടുതന്നെ, നിരക്കിന്റെ കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ കരുണ കാണിക്കുമെന്ന് തന്നെയാണ് പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്.