ദുബൈ: വിശുദ്ധ റമദാന്‍ മാസത്തിലെ താമസക്കാരുടെ ആവശ്യം നിറവേറ്റുന്നതിനായി അജ്മാനില്‍ ഇന്നലെ പുതിയ ഭക്ഷ്യ വിപണികളും കന്നുകാലി വിപണിയും കേന്ദ്ര അറവുശാലയും വീണ്ടും തുറന്നു. കോവിഡ് -19 മുന്‍കരുതലുകള്‍ കര്‍ശനമായി നടപ്പാക്കിയതോടെയാണ് സ്റ്റാളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വീണ്ടും തുറക്കുന്നതിന് മുന്നോടിയായി വൈറസ് പടരുന്നതിനെ ചെറുക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ നടക്കുന്നുണ്ടെന്ന് പൗരസംഘം ഉറപ്പുവരുത്തിയതായി അജ്മാന്‍ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ഖാലിദ് അല്‍ ഹൗസാനി പറഞ്ഞു. സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് നിരീക്ഷിക്കുന്നതിന് പരിശോധനാ ടീമുകള്‍ പര്യടനം നടത്തി. അധികൃതരുമായി സഹകരിക്കാനും നയങ്ങള്‍ പാലിക്കാനും മാര്‍ക്കറ്റില്‍ പോകുന്നവരോട് അഭ്യര്‍ത്ഥിച്ചു. ദേശീയ അണുവിമുക്ത പരിപാടിക്ക് അനുസൃതമായി മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
പഴം, പച്ചക്കറി വിപണി രാവിലെ 6 മുതല്‍ 12 വരെ, ഉച്ചക്ക് 2 മുതല്‍ 7 വരെ. മീന്‍ ചന്ത-വ്യാപാരികള്‍ക്കും കമ്പനികള്‍ക്കുമായുള്ള ലേലം: രാവിലെ 6 മുതല്‍ രാവിലെ 8 വരെ, ഷോപ്പര്‍മാര്‍ക്കായി രാവിലെ 8 മുതല്‍ 12 വരെ, അണുവിമുക്ത പദ്ധതി ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ. ലേലം: വൈകുന്നേരം 4 മുതല്‍ 6 വരെ, ഷോപ്പര്‍മാര്‍ക്കായി വൈകുന്നേരം 4 മുതല്‍ 7 വരെ, അണുവിമുക്ത പദ്ധതി രാത്രി 7 മുതല്‍ രാത്രി 8 വരെ. മാംസ വിപണി രാവിലെ 6 മുതല്‍ ഉച്ചക്ക് 1 വരെ പൊതുജനങ്ങള്‍ക്കായി തുറക്കും.