സൈനു
അല്‍ ഐന്‍: കരുതലും തലോടലും ദുരിതാശ്വാസ കിറ്റുകളുമായി അല്‍ ഐനില്‍ കെഎംസിസി ഹെല്പ് ഡെസ്കിന്റെ പ്രവര്‍ത്തനം സജീവം.
അല്‍ഭുതകരമാണ് കെഎംസിസിയുടെ പ്രവര്‍ത്തനം. കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഹെല്പ് ഡെസ്കിന്റെ പ്രവര്‍ത്തനം പ്രസ്ഥാന ചരിത്രത്തില്‍ ഇന്നേ വരെ ദര്‍ശിച്ചിട്ടില്ലാത്ത തരത്തിലുള്ള ചിട്ടയായതും കുറ്റമറ്റതുമായ വ്യത്യസ്ത രീതികളിലാണ് നടന്നു വരുന്നത്. കാലങ്ങളായി നാട്ടിലെ നിരാലംബരും ബുദ്ധിമുട്ടനുഭവിക്കുന്നവരുമായ ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും അകറ്റാനായാണ് കൂടുതല്‍ പ്രാമുഖ്യം നല്കിയിരുന്നതെങ്കില്, മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ അതേ പടി തുടര്‍ന്ന് കെഎംസിസിക്ക് താങ്ങും തണലുമായി മണലാരണ്യത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സാധാരണക്കാരായ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള ജാതി-മത-വര്‍ഗ-വര്‍ണ-ദേശ-ഭാഷാ ഭേദമില്ലാതെ അനേകായിരം പ്രവാസികളുടെ വിഷമതകള്‍ അകറ്റുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ ഹെല്പ് ഡെസ്ക് മുഖേന നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്.
അല്‍ ഐനിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയ ഐസൊലേഷന്‍ ക്യാമ്പുകളില്‍ അല്‍ ഐനിലെയും ദുബൈ, അബുദാബി ഉള്‍പ്പെടെ യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നും എത്തിച്ചതും ജീമി ഹോസ്പിറ്റല്‍ അടക്കമുള്ള അല്‍ ഐനിലെ വിവിധ ചികില്‍സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചതുമായ കോവിഡ് 19 ബാധിതര്‍ക്ക് ആവശ്യമായ മുഴുവന്‍ വസ്തുക്കളും എത്തിച്ചു നല്കുന്നു. അതോടൊപ്പം, ഒറ്റപ്പെട്ടു പോയെന്ന തോന്നലുണ്ടാവാത്ത വിധത്തില്‍ നേരിട്ടും ഫോണ്‍ വഴിയും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ഉപദേശങ്ങള്‍ തേടി കൗണ്‍സലിംഗും മാനസിക പിന്തുണയും സാന്ത്വനവും പകരാനും ഹെല്പ് ഡെസ്ക് പ്രത്യേകം ശ്രദ്ധിക്കുന്നു.
ഇതുകൂടാതെ, വിസിറ്റ് വിസയിലും മറ്റും വന്ന് ഈ പ്രത്യേക സാഹചര്യത്തില്‍ കുടുങ്ങിയവര്‍ക്കും ജോലി നഷ്ടപ്പെട്ടത് മൂലവും ലോക്ക്ഡൗണ്‍ കാരണമായും ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ കിറ്റും ഹെല്പ് ഡെസ്ക് എത്തിച്ചു നല്കുന്നു. ഇത്തരം ആവശ്യങ്ങള്‍ക്കായി വിവിധ പ്രദേശങ്ങളില്‍ നിന്ന് ധാരാളം ഫോണ്‍കോളുകളാണ് ദിനേന ലഭിക്കുന്നത്. ചില ഫിലിപ്പീനി കുടുംബങ്ങള്‍ പോലും സഹായമഭ്യര്‍ത്ഥിച്ച് ഹെല്പ് ഡെസ്കുമായി ബന്ധപ്പെടുന്നുവെന്നത് കെഎംസിസിയുടെ രാഷ്ട്രാന്തരീയ വ്യതിരിക്തത ബോധ്യപ്പെടുന്നതാണ്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് ഹെല്പ് ഡെസ്കിന്റെ പ്രവര്ത്തകനങ്ങളുമായി സഹകരിച്ചു കൊണ്ടിരിക്കുന്നത്. ബിസിനസ് രംഗത്തുള്ള പ്രമുഖ വ്യക്തികള്‍, സ്ഥാപനങ്ങള്‍, മറ്റു സാംസ്കാരിക സംഘടനകള്‍, അല്‍ ഐന്‍ സുന്നി യൂത്ത് സെന്റര്‍, അല്‍ ഐന്‍ എംഇഎസ്, കെഎംസിസിയുടെ വിവിധ ശാഖാ കമ്മിറ്റികള്‍ തുടങ്ങി സാധാരണ പ്രവര്‍ത്തകര്‍ വരെ ഹെല്പ് ഡെസ്കുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
ഈ മഹാമാരിയെ ചെറുക്കാന്‍ നമ്മള് കാഴ്ച വെക്കുന്ന ഈ തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോരുത്തരും നല്കുന്ന അകമഴിഞ്ഞ പിന്തുണക്കും സഹായ സഹകരണങ്ങള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നതോടൊപ്പം തുടര്‍ന്നും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഏവരുടെയും ശാരീരികവും മാനസികവും സാമ്പത്തികവുമായ സര്‍വ പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും കേന്ദ്ര കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് അഷ്റഫ് പള്ളിക്കണ്ടം, അല്‍ ഐന്‍ സംസ്ഥാന കമ്മിറ്റി നേതാക്കളായ സയ്യിദ് ശിഹാബുദ്ദീന് തങ്ങള്‍ ബാ അലവി, സയ്യിദ് ഹാഷിം തങ്ങള്‍, ബീരാന് കുട്ടി കരേക്കാട്, ഹുസൈന് കരിങ്കപ്പാറ, നൗഷാദ് തൃശ്ശൂര്‍, തസ്വീര് ശിവപുരം, കെ.പി ഷാഹി, കുഞ്ഞു പകര, ഇഖ്ബാല്‍ പടന്ന കടപ്പുറം, കുഞ്ഞമ്മദ് വാണിമേല്‍, ഇ.കെ ബക്കര്‍ തിരുന്നാവായ, മുത്തലിബ് കാസര്‍കോട്, ലത്തീഫ് മാസ്റ്റര്‍ കണ്ണൂര്‍, ഹംസ കോഴിക്കോട്, ഫൈസല്‍ ഹംസ തൃശൂര്‍, മുത്തലിബ് തൃശ്ശൂര്‍, അബൂബക്കര്‍ ഹാജി കണ്ണൂര്‍ തുടങ്ങിയവര്‍ പറഞ്ഞു.